തിരുവനന്തപുരം: ശശി തരൂർ വിലക്ക് സംഭവത്തിൽ തെളിയുന്നത് കോൺഗ്രസ് നേതൃത്വത്തിൻ്റെ ആർഎസ്എസ് അനുകൂല നിലപാടാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് പോകാൻ തയ്യാറായി സ്വയം വിളംബരം ചെയ്ത കെ.സുധാകരൻ നയിക്കുന്ന കോൺഗ്രസ് നേതൃത്വം സംഘപരിവാറിനെതിരെയും മതേതരത്വത്തിന് വേണ്ടിയും സംസാരിക്കുന്ന ഒരു സെമിനാർ അനുവദിക്കാതിരിക്കുന്നത് അവരുടെ ബിജെപി പക്ഷപാതിത്വത്തിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഗവർണറെ അനുകൂലിച്ചും കേന്ദ്ര ഏജൻസികൾക്ക് വേണ്ടി സംസ്ഥാന സർക്കാരിനെതിരെയും സമരാഭാസങ്ങൾ തുറന്ന് വിട്ട കോൺഗ്രസ് തന്നെയാണ് ഇന്ന് സംഘപരിവാറിനെതിരെയുള്ള സെമിനാർ വിലക്കുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
ഡിവൈഎഫ്ഐ പ്രസ്താവന പൂർണരൂപം
യൂത്ത് കോൺഗ്രസ് കോഴിക്കോട് വച്ച് ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലു വിളികളും’ എന്ന പേരിൽ നടത്താനിരുന്ന സെമിനാർ കോൺഗ്രസ് നേതൃത്വം ഇടപെട്ട് നിർത്തി വച്ചിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥ് സാമൂഹ്യ മാധ്യമങ്ങൾ വഴി അറിയിച്ചിരിക്കുകയാണ്. ഡോ: ശശി തരൂർ മുഖ്യ പ്രഭാഷകനാണ് എന്ന കാരണത്താലാണ് കോൺഗ്രസ് നേതൃത്വം ഇടപെട്ട് പരിപാടി നിർത്തിച്ചത് എന്നാണ് അവർ പറയുന്നത്. യൂത്ത് കോൺഗ്രസ് സംഘ പരിവാറിനെതിരെ ഒരു പരിപാടി സംഘടിപ്പിക്കുക എന്നത് തന്നെ അത്യപൂർവ്വമായ സംഗതിയാണ്.
നിശ്ചയിച്ച പരിപാടി പോലും സ്വന്തമായി നടത്താൻ സാധിക്കാതെ കോൺഗ്രസ് നേതൃത്വത്തിൻ്റെ വാലായി കഴിയുന്ന ഈ സംഘടനയ്ക്ക് എന്ത് രാഷ്ട്രീയ അസ്ഥിത്വമാണ് ഉള്ളതെന്ന് അവർ വ്യക്തമാക്കണം. കൊട്ടിഘോഷിച്ച കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ കുടുംബത്തിൻ്റെ നോമിനിക്കെതിരെ മത്സരിച്ചു എന്നതാണ് ഡോ:തരൂർ ചെയ്ത കൊടിയ അപരാധമായി കോൺഗ്രസുകാർ കാണുന്നത്. ജനാധിപത്യത്തെ കുറിച്ച് വാ തോരാതെ പ്രസംഗിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ചാനലുകളിൽ വാഴ്ത്തുന്ന പാർടി നേതാക്കളുടെ തനി നിറമാണ് ഇതിലൂടെ പുറത്ത് വരുന്നത്.
എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് പോകാൻ തയ്യാറായി സ്വയം വിളംബരം ചെയ്ത് കാത്ത് നിൽക്കുന്ന കെ.സുധാകരൻ നയിക്കുന്ന കോൺഗ്രസ് നേതൃത്വം സംഘ പരിവാറിനെതിരെയും മതേതരത്വത്തിന് വേണ്ടിയും സംസാരിക്കുന്ന ഒരു സെമിനാർ അനുവദിക്കാതിരിക്കുന്നത് അവരുടെ ബിജെപി പക്ഷപാതിത്വത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഗവർണറെ അനുകൂലിച്ചും കേന്ദ്ര ഏജൻസികൾക്ക് വേണ്ടി സംസ്ഥാന സർക്കാരിനെതിരെയും സമരാഭാസങ്ങൾ തുറന്ന് വിട്ട കോൺഗ്രസ് പാർടി തന്നെയാണ് ഇന്ന് സംഘ പരിവാറിനെതിരെയുള്ള സെമിനാർ വിലക്കുന്നതും.
ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർ.എസ്.എസ് സെമിനാർ യൂത്ത് കോൺഗ്രസുകാരെ കൊണ്ട് കാവൽ നിർത്തിക്കുന്നത് ഇനിയെന്നാണെന്ന് മാത്രം നോക്കിയാൽ മതി. കോൺഗ്രസ് നേതൃത്വത്തിൻ്റെ തിട്ടൂരം ഭയന്ന് സംഘപരിവാറിനെതിരായ പരിപാടി ഉപേക്ഷിച്ച യൂത്ത് കോൺഗ്രസ് നിലപാട് മതേതര വിശ്വാസികളായ യുവ ജനതയ്ക്ക് അപമാനകരമാണ്. യൂത്ത് കോൺഗ്രസ് നേതൃത്വം ഇതിന് മറുപടി പറയണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.