കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി. ആർഎസ്എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തുന്ന ചില പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമർശനം ഉയരുന്നതിനിടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവുമായി പരാതി ലഭിക്കുന്നത്. സുധാകരൻ്റെ പ്രസ്താവനകളിൽ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് നേതൃത്വത്തിന് ലഭിച്ച പരാതിയിലെ ആവശ്യം.
ആക്രമണങ്ങളിൽ നിന്ന് ആർഎസ്എസ് ശാഖകൾക്ക് താൻ സംരക്ഷണം നൽകിയിട്ടുണ്ടെന്ന സുധാകരൻ്റെ പരാമർശം യുഡിഎഫിനുള്ളിൽ സൃഷ്ടിച്ചത് കടുത്ത അതൃപ്തിയാണ്. ഇതിന് പിന്നാലെയാണ് ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള പരാമർശങ്ങളും വിവാദമായത്. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തൻ്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കി വർഗീയ ഫാസിസത്തോട് സന്ധി ചെയ്യാൻ നെഹ്റു തയ്യാറായെന്നായിരുന്നു സുധാകരൻ്റെ പരാമർശം. സുധാകരൻ നടത്തിയ പ്രസ്താവനകളിൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾക്ക് ഒപ്പം യുഡിഎഫിലെ ചില ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. മുസ്ലിം ലീഗ് അടക്കം സുധാകരൻ്റെ പ്രസ്താവനക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്.