സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. അക്രമി സംഘം ബൈക്കിൽ എത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. അക്രമം നടക്കുന്നതിന് തൊട്ടുമുമ്പ് ആക്രമികൾ ആശ്രമ പരിസരത്ത് ബൈക്കിൽ എത്തിയതായി അന്വേഷണ സംഘത്തിന് സൂചനയുണ്ട്. പുലർച്ചെ 2:27 ന് ബൈക്കിൽ എത്തിയ സംഘം 2.38 ന് തിരിച്ചുപോയി. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക ദൃശ്യങ്ങൾ കണ്ടെത്തിയത്. ആശ്രമത്തിലെ സിസിടിവി കേടായത് സംഭവത്തിന് മാസങ്ങൾക്കു മുമ്പാണെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു.
2018 ഒക്ടോബർ 27നായിരുന്നു തിരുവനന്തപുരത്തെ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. സംഭവത്തിൽ മൂന്ന് കാറുകൾ കത്തി നശിച്ചിരുന്നു.
സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു. ആശ്രമം കത്തിച്ചത് ആർഎസ്എസ് നേതാവ് പ്രകാശും സഹപ്രവർത്തകരുമാണെന്ന് കഴിഞ്ഞ ആഴ്ചയാണ് പ്രകാശിൻ്റെ സഹോദരൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. പ്രകാശിൻ്റെ മരണത്തിന് പിന്നിലും ആർഎസ്എസിന് പങ്കുണ്ടെന്ന് പ്രശാന്ത് പറഞ്ഞു.
അതേസമയം ആശ്രമം കത്തിച്ച കേസിലെ പ്രതി പ്രകാശിൻ്റെ മരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രകാശിൻ്റെ ആത്മഹത്യാ കേസിലെ ഫയലുകൾ വിളപ്പിൽശാല പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇരുകേസുകളും ക്രൈംബ്രാഞ്ചിന് കൈമാറിയതിൽ സന്തോഷമുണ്ടെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു.