ഷാരോൺ രാജിൻ്റെ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിൻ്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ. ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ ജാഗ്രത വേണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
പ്രണയത്തിൻ്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാർത്തകളാണ് തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതിൽ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിൻ്റെ മരണം. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തു നൽകി നടത്തിയ നിഷ്ഠുരമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിൻ്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണ്.
പാനൂരിലെ വിഷ്ണു പ്രിയയെ പ്രണയപ്പകയിൽ അറുത്തു കൊന്നതും ഷാരോണിനെ വിഷം കൊടുത്തു കൊന്നതും പ്രണയമറയിൽ നടത്തിയ ക്രൂരതയാർന്ന കൊലപാതങ്ങൾ ആണ്. നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നൈരാശ്യങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്. ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടാമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.