ഇലന്തൂരിൽ നടന്ന നരബലി പോലെയുള്ള അന്ധവിശ്വാസങ്ങൾക്കെതിരെ ക്യാമ്പയിൻ നടത്തുമെന്ന് ഡിവൈഎഫ്ഐ. സംഭവം നവോത്ഥാന കേരളത്തിന് തന്നെ നാണക്കേടെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചു. സാമൂഹിക പുരോഗതിയിലും സാക്ഷരതയിലും രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇങ്ങനെ ഒരു സംഭവം നടക്കാൻ പാടില്ലാത്തതും നാണക്കേടുമാണ്. ഏറെ പിന്നോക്കം നിൽക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മാത്രം കേട്ട് ശീലിച്ച ഇത്തരം കുറ്റകൃത്യങ്ങൾ കേരളത്തിലെ മണ്ണിൽ എങ്ങനെ നടന്നു എന്നത് സാംസ്കാരിക കേരളം ഗൗരവത്തിലെടുക്കേണ്ടതാണെന്നും ഡിവൈഎഫ്ഐ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.
കേരളത്തിൽ വലതുപക്ഷവത്കരണത്തിന് വേണ്ടി നടത്തപ്പെടുന്ന ആശയ പ്രചരണമാണ് ഇത്തരം പിന്തിരിപ്പൻ ശക്തികൾക്ക് വളമാവുന്നതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. മത വിശ്വാസം അന്ധ വിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി ഇതുപോലെ രൂപാന്തരപെടുകയും ചെയ്യുന്ന സംഭവങ്ങളെ ജാഗ്രതയോടെ കാണണം. അന്ധവിശ്വാസങ്ങൾക്കെതിരെ നടത്താൻ പോകുന്ന ക്യാമ്പയിൻ കേരളീയ സമൂഹം ഒന്നടങ്കം ഏറ്റെടുക്കണമെന്നും ഡിവൈെഫ്ഐ അഭ്യർത്ഥിച്ചു.
ലോട്ടറി വില്പനക്കാരിയായ പദ്മ എന്ന സ്ത്രീയെ കാണ്മാനില്ലാതെയായതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് അവിശ്വസനീയ സംഭവങ്ങളിലേക്ക് നയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാലടിയില്‍ റോസ്ലി എന്ന സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞു. 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന റോസ്ലിയെ ഏജന്റ് കബളിപ്പിച്ച് കൊണ്ടുപോയതെന്നാണ് പോലീസ് നിഗമനം. രണ്ട് സ്ത്രീകളെ നരബലി നല്കിയ സംഭവത്തില്‍ ഏജന്റ് മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക അഭിവൃദ്ധി, കുടുംബത്തിന് ഐശ്വര്യം വരിക എന്ന ഉദ്യേശത്തിലാണ് ബലി നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സെപ്തംബര്‍ 27നാണ് കടവന്ത്രയില്‍ നിന്നും സ്ത്രീയെ കാണാതായത്. അന്വേഷണത്തില്‍ യുവതിയെ കഷണങ്ങളാക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.