സംസ്ഥാന ബിജെപി നേതാക്കളെ കാണാൻ കൂട്ടാക്കാതെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത് തൃശൂരിലുണ്ട്. ആർഎസ്എസിൻ്റെയും മറ്റു പരിവാർ സംഘടനകളുടെയും നേതൃയോഗങ്ങൾക്കയാണ് മോഹൻ ഭാഗവത് കേരളത്തിലെത്തിയത്. മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്താൻ ബിജെപി സംസ്ഥാന നേതൃത്വം മൂന്നു ദിവസമായി ശ്രമിക്കുകയായിരുന്നു. എന്നാൽ മോഹൻ ഭാഗവത് സംസ്ഥാന ബിജെപി നേതൃത്വത്തിന് കൂടികാഴ്ചയ്ക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
അതേസമയം കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രാത്രി മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തി. തൃശൂർ അവിണിശേരിയിലെ ആർഎസ്എസ് ജില്ലാ കാര്യവാഹക് ടി.വി.മണികണ്ഠൻ്റെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ കേന്ദ്രസർക്കാറിനൊപ്പം നിൽക്കുന്നു എന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടയിലാണ് ഗവർണർ ആർ എസ് എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഗവർണർക്ക് പുറമെ ആർ എസ് എസ് കേഡർ അംഗങ്ങൾക്ക് മാത്രമാണ് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ലഭിച്ചത്. കേരളത്തിലെ ആർഎസ്എസിൻ്റെ സ്വാധീനം ഉറപ്പിക്കാനുള്ള പദ്ധതികളാണ് മോഹൻ ഭഗവത് ജില്ല, സംസ്ഥാന ഭാരവാഹികളുമായും പരിവാർ സംഘടന ഭാരവാഹികളുമായും നടത്തിയത്. ഹൈന്ദവ വിഭാഗങ്ങൾക്കിടയിൽ സംഘടനയ്ക്ക് ശക്തമാകാൻ കഴിയാത്ത രാഷ്ട്രീയസാഹചര്യം നേതാക്കൾ മോഹൻ ഭാഗവതിനെ ധരിപ്പിച്ചതായും വിവരമുണ്ട്.