സർവകലാശാലകളിൽ കാവി വൽക്കരണവും അഴിമതിയും അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ. കേന്ദ്ര സർവകലാശാലയിലെ ക്രമക്കേട് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയിൽ അദ്ധ്യാപക നിയമനത്തിന് പിന്നാലെ വൈസ് ചാൻസലർ അടക്കമുള്ള ഉന്നത തസ്തികയിലും ഗുരുതരമായ ക്രമക്കേടാണ് നടന്നിട്ടുള്ളത്. വിസി നിയമനത്തിനായി നിയോഗിച്ച സെർച്ച് ആൻ്റ് സെലക്ഷൻ കമ്മിറ്റി നൽകിയ പേരുകൾ അപ്പാടെ അട്ടിമറിച്ചാണ് ഇപ്പോഴത്തെ വിസിയെ നിയമിച്ചത്. സെർച്ച് കമ്മിറ്റി പ്രാഥമിക റൗണ്ടിൽ തന്നെ തള്ളിയ എച്ച് വെങ്കിടേശ്വർലു ആണ് ഇപ്പോൾ വൈസ് ചാൻസലർ. ആന്ധ്രയിലെ ഉന്നത സംഘപരിവാർ നേതാവിൻ്റെ ഇടപെടലിലൂടെയാണ് ഇദ്ദേഹം അവരോധിക്കപ്പെടുന്നത് എന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
സർവകലാശാലയിലെ അസിസ്റ്റന്റ് അസോസിയേറ്റ് പ്രൊഫസർമാരുടെ നിയമനത്തിൽ വ്യാപക തിരിമറിയാണ് നടന്നിട്ടുള്ളത്. പട്ടികയിലെ ഒന്നാം റാങ്കുകാരിൽ പലർക്കും യോഗ്യതയും പ്രവർത്തി പരിചയവും കുറവാണ്. പല ഡിപ്പാർട്ട്മെന്റുകളിലേയും തലപ്പത്ത് നിയമിക്കപ്പെട്ടവർക്ക് അടിസ്ഥാന യോഗ്യതയായ പി.എച്.ഡി പോലുമില്ല. സംഘപരിവാർ ഇടപെടലുകളാണ് സർവകലാശാലയിൽ ഇത്ര വലിയ അഴിമതിക്ക് കളമൊരുക്കിയതിന് പിന്നിലെന്ന് വ്യക്തമാണ്. സർവകലാശാലയുടെ സ്റ്റാന്റിങ് കൗൺസിലിൽ ഇരുന്ന് മുൻ എ.ബി.വി.പി നേതാവ് അര കോടിയിലധികം രൂപ തട്ടിയ ഓഡിറ്റ് റിപ്പോർട്ട് പുറത്തു വരികയും ക്രമക്കേടുകളെ തുടർന്ന് ഇയാളെ പുറത്താക്കുകയും ചെയ്തിട്ടുണ്ട് എന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
സെക്യൂരിറ്റി മുതൽ വിസി വരെയുള്ള നിയമനങ്ങൾക്ക് ആർഎസ്എസ് കാര്യാലയത്തിലെ ശുപാർശ മാനദണ്ഡമാകുന്നത് അപമാനകരമാണ്. ആർ എസ് എസിന്റെ കാവി അജണ്ടകളുടെ കൂടാരമാക്കാനും സംഘപരിവാർ നോമിനികൾക്ക് അഴിമതിയുടെ കൂത്തരങ്ങൊരുക്കാനും കേന്ദ്ര സർവകലാശാലയെ അനുവദിക്കില്ല. യോഗ്യതകൾ മറികടന്നുള്ള നിയമനങ്ങൾക്കും കാവിവത്കരണത്തിനുമെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവരുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.