ചരിത്രം സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചവരുടേതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരത്തിൽ അവകാശ വാദം ഉന്നയിക്കുകയും യഥാർത്ഥ സ്വാതന്ത്ര്യ സമര സേനാനികളെ പട്ടികയിൽ നിന്ന് പുറത്താക്കുകയും ചെയ്ത സംഘപരിവാർ പ്രസ്ഥാനങ്ങളെ, ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി നിശിതമായി വിമർശിച്ചു.
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനൊപ്പം ഒരിക്കലും ഇല്ലാതിരുന്നവരുടെ പിന്തുടർച്ചക്കാർ ഇപ്പോൾ അതിന്റെ നേരവകാശികളാകാൻ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുകയാണ്. അന്നത്തെ സംഘപരിവാർ, വൈസ്രോയിയോട് പറഞ്ഞത് ‘നമ്മൾ തമ്മിൽ ഒരു പ്രശ്നവുമില്ല, ഞങ്ങൾ നിങ്ങൾക്കെതിരല്ല’ എന്നാണ്. ബ്രിട്ടീഷുകാർക്കൊപ്പംനിന്ന് ദേശീയപ്രസ്ഥാനത്തെ വഞ്ചിക്കാൻ നേതൃത്വം കൊടുത്തവരുടേതല്ല ചരിത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതു വിഷയത്തെയും വർഗീയമായി സമീപിക്കുന്ന പ്രവണത രാജ്യത്ത് ശക്തിപ്പെടുന്നു. ജനങ്ങളുടെ ശ്രദ്ധയാകെ വർഗീയ പ്രശ്നങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. ജനജീവിതത്തെ ബാധിക്കുന്ന യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണിത്. വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമം രാജ്യത്തിന്റെ നാശത്തിലേക്കാണ് എത്തുക. ഭരണഘടന മുന്നോട്ടുവച്ച മൂല്യങ്ങൾ അപഹരിക്കപ്പെടുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷിയാകുന്നത്. വെള്ളംകുടിച്ചതിന് കുഞ്ഞിനെ തല്ലിക്കൊല്ലുന്ന കിരാതാവസ്ഥ, സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം ആഘോഷിക്കുന്ന വേളയിലും തുടരുന്നു. കേരളത്തിൽ ഔപചാരിക പ്രതിപക്ഷം കോൺഗ്രസും യുഡിഎഫുമാണെങ്കിലും അവരോട് തോൾചേർന്നാണ് ബിജെപി പ്രവർത്തിക്കുന്നത്. വലിയതോതിൽ കള്ളക്കഥകൾ മെനയാനാണ് അവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.