കെ ജി ബിജു
ഇന്ത്യാ ചരിത്രം തിരുത്താനുള്ള ആര്‍എസ്എസിൻ്റെ ഹീനശ്രമങ്ങള്‍ക്ക് മലയാള മനോരമയുടെ കിങ്കരപ്പണി. ലേഖനമെന്ന പേരില്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗം റാം മാധവിൻ്റെ നുണക്കൂമ്പാരത്തിന് എഡിറ്റ് പേജ് വിട്ടുകൊടുത്തുകൊണ്ടാണ് സ്വാതന്ത്ര്യദിനം ആര്‍എസ്എസിനോടുള്ള ദാസ്യവേലയുടെ ആഘോഷമാക്കിയത്. പൂര്‍ണ സ്വരാജ് എന്ന ആശയത്തിന്റെ ഉടമ ഹെഗ്‌ഡേവാറാണെന്ന ആര്‍എസ്എസിൻ്റെ പച്ചനുണയ്ക്കു വരവേല്പു നല്‍കിയതിന് ചരിത്രം മനോരമയോടു പകരം ചോദിക്കുമെന്നുറപ്പ്.
കോണ്‍ഗ്രസ് നേതാവും കവിയും പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ടി നേതാവുമായിരുന്ന ഹസ്രത്ത് മൊഹാനിയാണ് 1921ലെ അഹമ്മദാബാദ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പൂര്‍ണസ്വരാജ് വേണമെന്ന പ്രമേയം അവതരിപ്പിച്ചത്. 1930ല്‍ കോണ്‍ഗ്രസിൻ്റെ ലാഹോര്‍ സമ്മേളനമാണ് പൂര്‍ണ സ്വരാജ് അംഗീകരിച്ചത്. പൂര്‍ണ സ്വരാജ് എന്ന ആശയം ഹെഡ്‌ഗേവാര്‍ മുന്നോട്ടു വെച്ചതിന് ചരിത്രത്തില്‍ ഒരു തെളിവുമില്ല. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയാണ് ആര്‍എസ്എസ് ചെയ്തത് എന്ന വ്യാപക വിമര്‍ശനത്തിന് മറുപടിയായി ഈ അടുത്ത കാലത്ത് ആര്‍എസ്എസുകാര്‍ സൃഷ്ടിച്ച ചരിത്രത്തിലാണ് ഈ കല്‍പിത കഥയുള്ളത്. അതിനാകട്ടെ, മലയാളത്തില്‍ തീരെ പ്രചാരവുമില്ല.
ജന്മഭൂമിയിലും കേസരിയിലും ഈ ചരിത്രം പ്രസിദ്ധീകരിച്ചാല്‍ ആരും തിരിഞ്ഞു നോക്കില്ലെന്ന് ആര്‍എസ്എസിന് നന്നായി അറിയാം. അതുകൊണ്ടാണ് റാം മാധവിൻ്റെ ലേഖനം പ്രസിദ്ധീകരിക്കാന്‍ മനോരമ തിരഞ്ഞെടുത്തത്. ആര്‍എസ്എസിൻ്റെ ആവശ്യം വണങ്ങി നിന്ന് അംഗീകരിക്കാന്‍ മനോരമയുടെ എഡിറ്റോറിയല്‍ ബോര്‍ഡിന് ഒരുളുപ്പുമുണ്ടായിരുന്നില്ല.
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഓരോ ഘട്ടത്തിലും ആര്‍എസ്എസും അതിൻ്റെ നേതാക്കളും ഒറ്റുകൊടുത്തതിന് ചരിത്രത്തില്‍ സുദീര്‍ഘമായ തെളിവുകളുണ്ട്. സിവില്‍ നിയമലംഘനപ്രസ്ഥാനത്തിന് ഗാന്ധിജി ആഹ്വാനം നല്‍കിയപ്പോള്‍, ആഭ്യന്തര സുരക്ഷയ്ക്കു വേണ്ടി പൊലീസിനും പട്ടാളത്തിനും പുറമെ ബ്രിട്ടീഷ് സര്‍ക്കാര്‍ സിവിക് ഗാര്‍ഡ് എന്ന സംവിധാനത്തിന് രൂപം നല്‍കി. ആ ഗുണ്ടാസംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യാതൊരു മടിയും ആര്‍എസ്എസിനുണ്ടായിരുന്നില്ലെന്ന് ചരിത്രം സാക്ഷി പറയുന്നു.
പ്രഹ്ലാദ് അഭയങ്കര്‍ അടക്കമുള്ള ആര്‍എസ്എസ് നേതാക്കള്‍ ബോംബെ ഹോം സെക്രട്ടറിയുമായി നേരിട്ടു നടത്തിയ ചര്‍ച്ചയില്‍ ബ്രിട്ടീഷ് സര്‍ക്കാരിൻ്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങിക്കൊള്ളാമെന്ന് ഉറപ്പു നല്‍കിയെന്നാണ് രേഖകള്‍. സംഘപ്രവര്‍ത്തകരെ വന്‍തോതില്‍ സിവില്‍ ഗാര്‍ഡുകളാക്കാന്‍ പ്രോത്സാഹിപ്പിക്കാമെന്നാണ് ആര്‍എസ്എസ് നേതാക്കള്‍ ബ്രിട്ടീഷുകാര്‍ക്ക് വാക്കു കൊടുത്തത്. സമരസേനാനികളെ കായികമായി നേരിടാന്‍ ബ്രിട്ടീഷുകാരുടെ കിങ്കരന്മാരായി പ്രവര്‍ത്തിക്കാനും ആര്‍എസ്എസിന് മടിയുണ്ടായിരുന്നില്ല.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിൻ്റെ മുന്‍കൈയില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചും ചരിത്രം കാര്യമായി രേഖപ്പെടുത്തിയിട്ടില്ല. സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പ്രവര്‍ത്തിച്ച ഒരു ആര്‍എസ്എസ് നേതാവുമില്ല. അവസാനത്തെ മാപ്പപേക്ഷ നല്‍കി സവര്‍ക്കര്‍ ജയിലിനു പുറത്തു വന്നത് 1920ലാണ്. അതിനുശേഷം ഒരു സ്വാതന്ത്ര്യസമര പ്രവര്‍ത്തനത്തിലും സവര്‍ക്കര്‍ പങ്കെടുത്തതിനോ അറസ്റ്റിലായതിനോ രേഖയില്ല. ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം തിളച്ചു മറിയുമ്പോള്‍, മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയായിരുന്നു ആര്‍എസ്എസും നേതൃത്വവും. ചരിത്രത്തില്‍ അതിന് തെളിവുകള്‍ അനേകമുണ്ട്.
ഹെഡ്‌ഗേവാറിൻ്റെ ആര്‍എസ്എസ് ജീവചരിത്രകാരന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. സംഘം രൂപീകരിച്ച ശേഷം ഹിന്ദു സംഘാടനത്തെക്കുറിച്ചു മാത്രമേ ഡോക്ടര്‍ സാഹിബ് തൻ്റെ പ്രഭാഷണങ്ങളില്‍ സംസാരിച്ചിട്ടുള്ളൂ എന്നും ബ്രിട്ടീഷ് സര്‍ക്കാരിനെക്കുറിച്ച് തീരെയും മിണ്ടിയിട്ടില്ലെന്നുമാണ് സംഘ് വൃക്ഷ് കെ ബീച്ച് – ഡോ. കേശവ് റാവു ഹെഡ്‌ഗേവാര്‍ എന്ന ആര്‍എസ്എസ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ജീവചരിത്ര പുസ്തകത്തില്‍ സി പി ഭിഷികര്‍ രേഖപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായും അവസാനമായും ഒരു സ്വാതന്ത്ര്യദിനാഘോഷത്തില്‍ ആര്‍എസ്എസ് പങ്കെടുത്തത് 1930ലാണ്.
ഉപ്പു സത്യഗ്രഹത്തോട് ഹെഡ്‌ഗേവാറിൻ്റെ സമീപമെന്തായിരുന്നുവെന്നും സി പി ഭിഷികര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദണ്ഡിയാത്രയില്‍ വ്യക്തിയെന്ന നിലയില്‍ ആര്‍എസ്എസുകാര്‍ക്ക് പങ്കെടുക്കാമെന്നും സംഘടനയെന്ന നിലയില്‍ വേണ്ടെന്നുമായിരുന്നു ഹെഡ്‌ഗേവാറിൻ്റെ നിര്‍ദ്ദേശം. ദണ്ഡിയാത്രയില്‍ പങ്കെടുക്കുന്നതിന് അനുവാദം ചോദിച്ചുവന്ന ആളെ നിരുത്സാഹപ്പെടുത്തി മടക്കിയ ഹേഡ്‌ഗേവാറിനെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ തന്നെ എഴുതിയിട്ടുമുണ്ട്.
നിസഹകരണ പ്രസ്ഥാനത്തില്‍ നിന്ന് ബോധപൂര്‍വം അകലം പാലിച്ച ആര്‍എസ്എസിനെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാരിൻ്റെ പല രേഖകളിലും പരാമര്‍ശമുണ്ട്. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊള്ളുമ്പോഴും മുസ്ലിം വിദ്വേഷമാണ് ഗോള്‍വാള്‍ക്കറിനെയും മറ്റും നയിച്ചിരുന്നത്. ആര്‍എസ്എസ് നേതാക്കളുടെ പരിശീലന ക്യാമ്പിനെക്കുറിച്ചുള്ള (1942 മെയ് 3) സിഐഡി റിപ്പോര്‍ട്ടില്‍ ഗോള്‍വാള്‍ക്കറുടെ ഒരുദ്ധരണിയുണ്ട്. മുസ്ലിം പ്രകോപനങ്ങളെ എതിര്‍ക്കുക മാത്രമല്ല, ആ രോഗത്തെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനും ആര്‍എസ്എസ് ആരംഭിച്ചു കഴിഞ്ഞു എന്നാണ് ആ ഉദ്ധരണി.
സംഘിൻ്റെ പോരാട്ടം ബ്രിട്ടീഷുകാര്‍ക്കെതിരെയല്ലെന്നും മുസ്ലിംങ്ങള്‍ക്കെതിരെയാണെന്നും നാഗ്പൂരിലെ ദാദാഭായ് 46 മെയ് 19ന് റോഹ്ത്തക്കില്‍ ചേര്‍ന്ന രഹസ്യയോഗത്തില്‍ പറഞ്ഞെന്ന് 1946 ജൂണ്‍ 19ൻ്റെ ആഭ്യന്തര വകുപ്പു കുറിപ്പില്‍ പറയുന്നുണ്ട്.
സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി ഗാന്ധിജി ആഹ്വാനം ചെയ്ത നിയമലംഘന പ്രസ്ഥാനത്തില്‍ നിന്ന് ആര്‍എസ്എസ് ബോധപൂര്‍വമായ അകലം പാലിച്ചിരുന്നു. അക്കാര്യം ബ്രിട്ടീഷുകാര്‍ക്കു ബോധ്യമായിട്ടുമുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് ബോധ്യപ്പെടുന്ന മട്ടില്‍ത്തന്നെ അകലം പാലിക്കാന്‍ ആര്‍എസ്എസുകാര്‍ പ്രത്യേകം മനസുവെയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുക മാത്രമല്ല, തരംകിട്ടിയപ്പോഴൊക്കെ ബ്രിട്ടീഷുകാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി, അവരുടെ അടിമപ്പണി ചെയ്തിട്ടുമുണ്ട് ആര്‍എസ്എസ്. ആ ആര്‍എസ്എസിനെ വെള്ളപൂശാനാണ് മനോരമ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
ചരിത്രം തിരുത്താനുള്ള ആര്‍എസ്എസിൻ്റെ ശ്രമങ്ങള്‍ക്ക് തങ്ങളുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന വാഗ്ദാനവും മനോരമ മുന്നോട്ടു വെച്ചിട്ടുണ്ട്. ലേഖനം മാത്രമാണ് ആര്‍എസ്എസ് നേതാവ് നല്‍കിയിട്ടുണ്ടാകൂ. എഡിറ്റോറിയല്‍ പൊലിപ്പിക്കലൊക്കെ മനോരമ നടത്തിയതാണ്. ത്രിവര്‍ണ പതാകയുടെ ചിത്രം വെച്ച്, ‘ആര്‍എസ്എസിനെപ്പോലെയുള്ള ഒട്ടേറെ പ്രസ്ഥാനങ്ങളുടെ പരിശ്രമഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം’ എന്ന് ഒരുളുപ്പുംകൂടാതെ വിളിച്ചുകൂവിയിട്ടുണ്ട്, മനോരമ.
അല്ലെങ്കില്‍ത്തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ മനോരമയുടെ പങ്കെന്താണ്? ഗാന്ധിജിയെ മിസ്റ്റര്‍ ഗാന്ധിയെന്നും അന്തിക്രിസ്തുവെന്നും വിളിച്ച് ആക്ഷേപിച്ച പാരമ്പര്യമുണ്ട് മനോരമയ്ക്ക്. ആ മനോരമ ഗാന്ധിഘാതകര്‍ക്ക് ഏറാന്‍ മൂളിയില്ലെങ്കിലേ അത്ഭുതമുള്ളൂ….