പനാജി: ഗോവയിൽ നടക്കുന്ന 54ാമത് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (ഐഎഫ്എഫ്‌ഐ) കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ പ്രതിഷേധിച്ച മലയാളികളെ തടഞ്ഞും വിലക്കേർപ്പെടുത്തിയും ഗോവ പോലീസ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറും ചലച്ചിത്ര പ്രവർത്തകനുമായ ശ്രീനാഥിനെയും മാധ്യമപ്രവർത്തക അർച്ചന രവിയേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വ്യാജ ആരോപണങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്ന ‘ദ കേരള സ്റ്റോറി’ സിനിമ മേളയിൽ പ്രദർശിപ്പിക്കുന്നതിനെതിരെ വിയോജിച്ച തങ്ങളെ പോലീസ് തടഞ്ഞുവയ്ക്കുകയും ഐഎഫ്എഫ്ഐ പാസ് പിടിച്ചുവാങ്ങുകയും മേളയിൽ നിന്ന് പുറത്താക്കുകയും വിലക്കേർപ്പെടുത്തുകയും ചെയ്തതായി ശ്രീനാഥ് ഫേസ്ബുക്കിൽ കുറിച്ചു. മേളയിൽ മുഖ്യധാരാ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്നത്.