നാഗ്പുർ: മാർക്‌സിസ്റ്റുകളാണ് രാജ്യത്തിൻ്റെ പ്രധാന ശത്രുക്കളെന്ന് ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവത്. അവർ അക്കാദമിക് മേഖലകളിലെയും മാധ്യമങ്ങളിലെയും സ്വാധീനം ഉപയോഗിച്ച് രാജ്യത്തെ നശിപ്പിക്കാൻ നോക്കുകയാണ്. നാഗ്‌പുരിൽ ആർഎസ്‌എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷ റാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘ചില തത്വശാസ്‌ത്രങ്ങളുടെ മുഖംമൂടികൾ ധരിച്ച് ഉന്നതമായ ലക്ഷ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നെന്ന് അവകാശപ്പെടുന്നവരാണ് ഇക്കൂട്ടർ. എന്നാൽ, സ്വാർഥത, വിവേചനം, വഞ്ചന തുടങ്ങിയ കാര്യങ്ങളാണ് ഇവർ ഉയർത്തിപ്പിടിക്കുന്നത്. ധർമം, സംസ്‌കാരം, അച്ചടക്കം, ഔദാര്യം തുടങ്ങിയ നല്ല കാര്യങ്ങൾക്കെല്ലാം എതിര് നിൽക്കുന്നത് ഇവരുടെ സ്വഭാവമാണ്. ഒരുപറ്റം ആൾക്കാർക്ക് മൊത്തം സമൂഹത്തിൻ്റെ നിയന്ത്രണം കിട്ടാനായി അരാജകത്വവും അനിശ്ചിതത്വവും സൃഷ്ടിക്കുകയാണ് ഇവരുടെ ഉദ്ദേശ്യം. അക്കാദമിക്, മാധ്യമ മേഖലകളിലുള്ള തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് വിദ്യാഭ്യാസത്തെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും താറുമാറാക്കുന്നതാണ് ഇക്കൂട്ടരുടെ പ്രവർത്തനശൈലി’– മോഹൻ ഭാഗവത് ആരോപിച്ചു.