ഹരിയാനയിലെ നൂഹിൽ വീണ്ടും പ്രകോപനപരമായ പ്രഖ്യാപനങ്ങളുമായി സംഘപരിവാറിൻ്റെ മഹാപഞ്ചായത്ത്. ഹിന്ദുക്കൾക്ക് തോക്ക് ലൈസൻസിന് ഇളവ് നൽകുക, നൂഹിൻ്റെ ജില്ലാപദവി എടുത്തുകളയുക, നൂഹിനെ ഗോഹത്യാ വിമുക്ത മേഖലയായി പ്രഖ്യാപിക്കുക, കലാപക്കേസുകളിൽ അറസ്റ്റിലായ ഹിന്ദു യുവാക്കളെ വിട്ടയക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ വിഎച്ച്പിയും ബജ്റംഗദളും ചേർന്ന് സംഘടിപ്പിച്ച മഹാപഞ്ചായത്ത് മുന്നോട്ടുവച്ചു. കലാപത്തിന് ഇടയാക്കിയ ‘ബ്രജ്മണ്ഡൽ ജലാഭിഷേക് യാത്ര’ ആഗസ്ത് 28ന് നൂഹിൽനിന്ന് പുനരാരംഭിക്കുമെന്ന പ്രഖ്യാപനവും നടത്തി. നൂഹ്–പൽവൽ അതിർത്തിയിലെ പോണ്ഡ്രി ഗ്രാമത്തിലാണ് പോലീസ് കാവലിൽ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.
മഹാപഞ്ചായത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി 51 അംഗ സമിതിക്ക് രൂപം നൽകി. കലാപക്കേസുകളുടെ അന്വേഷണം എൻഐഎയ്ക്ക് വിടുക, കേസുകളുടെ വിചാരണ ഗുരുഗ്രാമിലേക്ക് മാറ്റുക, നൂഹിൽ ദ്രുതകർമ സേനയെയോ പോലീസിനെയോ സ്ഥിരമായി വിന്യസിക്കുക, കലാപത്തിൽ കൊല്ലപ്പെട്ട ഹിന്ദുക്കളുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരവും സർക്കാർ ജോലിയും പരിക്കേറ്റവർക്ക് അമ്പതുലക്ഷം രൂപയും നൽകുക, രോഹിൻഗ്യകൾ ഉൾപ്പെടെയുള്ള മറ്റ് രാജ്യക്കാരെ പുറത്താക്കുക, ഇതിനായി നിയമം കൊണ്ടുവരിക, ഹിന്ദുക്കൾക്കുണ്ടായ നഷ്ടങ്ങൾ എത്രയെന്ന് അറിയുന്നതിന് സർക്കാർ സർവേ നടത്തി നഷ്ടപരിഹാരം നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ഉപാധികളോടെയാണ് മഹാ പഞ്ചായത്തിന് അനുമതി നൽകിയതെന്ന് ഹരിയാന പോലീസ് അവകാശപ്പെട്ടു. പ്രകോപനപരമായ പ്രസംഗങ്ങൾ പാടില്ല, ആയുധങ്ങൾ പാടില്ല, പങ്കെടുക്കുന്നവർ അഞ്ഞൂറിൽ കൂടരുത്, പകൽ രണ്ടിന് അവസാനിപ്പിക്കണം എന്നീ ഉപാധികളാണ് പോലീസ് വച്ചത്. എന്നാൽ, ഇതെല്ലാം ലംഘിക്കപ്പെട്ടു. ഹിന്ദുക്കൾക്കെതിരെ വിരൽ ഉയർത്തിയാൽ കൈവെട്ടും എന്നതടക്കം പ്രകോപനപരമായ പ്രസംഗങ്ങളുണ്ടായി.
വിദ്വേഷപ്രസംഗങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും അത് തടയാൻ കർശനസംവിധാനങ്ങൾ വേണമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം താക്കീതു ചെയ്തിരുന്നു. നൂഹിൽ മുസ്ലിംസമുദായത്തെ ബഹിഷ്കരിക്കണമെന്ന ആഹ്വാനമുണ്ടായത് ചൂണ്ടിക്കാണിച്ചുള്ള ഹർജി പരിഗണിക്കവെയായിരുന്നു പരാമർശം. ന്യൂനപക്ഷങ്ങളുടെ വീടുകളും കടകളും ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ ബിജെപി സർക്കാർ സംഘപരിവാർ സംഘടനകൾക്ക് വർഗീയത വളർത്താൻ എല്ലാ പ്രോൽസാഹനവും ഒരുക്കിയിരുന്നു. സർക്കാരിൻ്റെ പക്ഷപാതപരമായ സമീപനത്തെ ഹൈക്കോടതിയും വിമർശിച്ചു. എന്നാൽ ഇതിനുശേഷവും ചില പഞ്ചായത്തുകൾ മുസ്ലിങ്ങൾക്ക് ഊരുവിലക്ക് അടക്കം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരായും നടപടിയുണ്ടായില്ല.