വിവിധ സഭകൾ ഉൾപ്പെടെ 79 ക്രൈസ്തവ സംഘടനകളുടെ യോജിച്ച പ്രക്ഷോഭം രാജ്യ ചരിത്രത്തിലാദ്യം
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ തീവ്ര ഹിന്ദുത്വ ശക്തികൾ അഴിച്ചു വിടുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്ദറിൽ ക്രൈസ്തവ സംഘടനകളുടെ വൻ പ്രതിഷേധ സമരം. വിവിധ സഭകൾ അടക്കം 79 ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം .
ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണങ്ങളും കടന്നാക്രമണങ്ങളും അവസാനിപ്പിക്കൂ എന്ന ആവശ്യവുമായി വൈദികരും കന്യാസ്ത്രീകളും സഭാവിശ്വാസികളും പ്രക്ഷോഭത്തിൽ പങ്കെടുത്തു. ദില്ലി അതിരൂപതാ ആർച് ബിഷപ്പ് അനിൽ കുട്ടോ, ഫരീദാബാദ് രൂപത അധ്യക്ഷൻ ആർച് ബിഷപ് കുര്യാക്കോസ് മാർ ഭരണികുളങ്ങര, ഗുരു ഗ്രാം മലങ്കര ബിഷപ് തോമസ് മാർ അന്തോണിയോസ് തുടങ്ങിയവർ സംബന്ധിച്ചു.
ആക്രമണങ്ങൾ വർധിക്കുകയാണെന്നും അക്രമികൾക്കെതിരെ നടപടി ഉണ്ടാവുന്നില്ലെന്നും ക്രൈസ്തവ നേതൃത്വം ചൂണ്ടിക്കാട്ടി. വൈദികർ അടക്കം ആക്രമിക്കപ്പെടുന്നു. ആരാധനാലയങ്ങൾ തകർക്കു ന്നു. മത പരിവർത്തനം ആരോപിച്ച് കേസെടുക്കുന്നു.
അക്രമം തടയാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ക്രൈസ്തവർക്ക് സംരക്ഷണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.