രാജ്യത്ത് ബീഫ് നിരോധിക്കണമെന്ന് ആർഎസ്എസ് നേതാവ്. ആർഎസ്എസ് ബൗദ്ധീക വിഭാഗം മേധാവി ജെ നന്ദകുമാറാണ് ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്യത്ത് സസ്യേതര ഭക്ഷണത്തിന് നിയന്ത്രണം ഏർപ്പെടുത്താനാകില്ല. എന്നാൽ ബീഫ് ഒഴിവാക്കണമെന്നായിരുന്നു നന്ദകുമാറിൻ്റെ പ്രതികരണം. സെപ്തംബർ 20 മുതൽ മൂന്ന് ദിവസം സംഘടിപ്പിക്കുന്ന കോൺക്ലേവിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് നന്ദകുമാറിൻ്റെ പരാമർശം.
സംഘപരിവാർ സംഘടനകൾ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാതെ ആളുകളുടെ ഭക്ഷണ ശീലത്തിലേക്ക് ഇടപെടുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾക്ക് രാജ്യത്ത് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. അതിന് സാധിക്കില്ല. സാധാരണക്കാരായ ആളുകൾ ഇവിടെ നോൺ വെജ് വിഭവങ്ങളാണ് കഴിക്കുന്നത്. ഇവ കഴിക്കാൻ രാജ്യത്ത് യാതൊരു നിയന്ത്രണവും ഇല്ല. കാലാവസ്ഥയും ഭൂമിശാസ്ത്രപരൃമായ പ്രത്യേകതകളും കൊണ്ട് ആളുകൾ ഇത്തരം ഭക്ഷണമാണ് കഴിക്കുന്നത്. എന്നാൽ ബീഫ് ഭക്ഷണത്തിൽ നിന്നും ഒഴിവാക്കേണ്ടതിന് ശാസ്ത്രീയവും ആചാരപരവുമായ കരണങ്ങളുണ്ടെന്നും നന്ദകുമാർ പറഞ്ഞു.
നേരത്തെയും ബീഫ് നിരോധനം ആവശ്യപ്പെട്ട് ആർഎസ്എസ് രംഗത്ത് വന്നിരുന്നു. ബീഫ് കൈവശം വെച്ചെന്നാരോപിച്ച് രാജ്യത്ത് നിരവധി കലാപങ്ങളും കൊലപാതകങ്ങളും ആർഎസ്എസ് നടത്തിയിട്ടുണ്ട്.