വിലക്കു പ്രഖ്യാപിച്ച് നടീനടന്മാരുടെ അന്നം മുട്ടിക്കരുത് എന്ന അപേക്ഷയുമായി ഫിലിം ചേമ്പറിൻ്റെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെയും പിന്നാലെ നടക്കുകയല്ല, സൂപ്പർ താരങ്ങളടക്കം ചെയ്യേണ്ടത്. തങ്ങൾക്കു വിലക്കു പ്രഖ്യാപിക്കാൻ നിങ്ങൾക്കെന്താണ് അധികാരം എന്ന് നിവർന്നു നിന്ന് ചോദിക്കണം. പ്രശ്നത്തെ മർമ്മത്തു പിടിച്ച് നേരിടാനുള്ള ചങ്കുറപ്പാണ് ഈ പ്രശ്നത്തിൽ അഭിനേതാക്കൾ കാണിക്കേണ്ടത്. തിലകനെയും ക്യാപ്റ്റൻ രാജുവിനെയും മാള അരവിന്ദനെയും വിലക്കിയപ്പോൾ മിണ്ടാട്ടം മുട്ടിയിരുന്നവരിൽ നിന്ന് അത്തരം ധൈര്യം പ്രതീക്ഷിക്കാമോ എന്നത് വേറെ ചോദ്യം.
നമുക്ക് ശ്രീനാഥ് ഭാസിയും ചാനൽ അവതാരകയും തമ്മിലുള്ള പ്രശ്നത്തിലേയ്ക്കു വരാം. വാർത്തകളിൽ നിന്ന് മനസിലാകുന്നത് അവതാരക ഫിലിം ചേമ്പറിനും പരാതി നൽകിയെന്നാണ്. പരാതി ആർക്കും എവിടെയും നൽകാം. പക്ഷേ, പരാതി പരിഗണിക്കാൻ അധികാരപ്പെട്ടവരേ അതു ചെയ്യാവൂ. ആ പരാതി ഫിലിം ചേമ്പർ പരിഗണിക്കുകയും അതിൻ്റെ പേരിൽ ശ്രീനാഥ് ഭാസിയെ വിലക്കാൻ തീരുമാനിക്കുകയും ചെയ്തത്രേ. ഏത് നിയമമാണ് ഈ നടപടിയെടുക്കാൻ ചേംബറിന് അധികാരം നൽകിയത് എന്നാണ് ചോദ്യം? അല്ലെങ്കിൽ ഏത് നിയമപുസ്തകത്തിലാണ് ഇവരുടെ ഇത്തരം അധികാരങ്ങൾ നിർവചിക്കപ്പെട്ടിരിക്കുന്നത്? നടന്ന സംഭവത്തിന്മേൽ അവതാരക പോലീസിൽ പരാതി നൽകിയത് മനസിലാക്കാം. ആരോപിക്കപ്പെട്ടത് ക്രിമിനൽ കുറ്റമാണ്. നടപടിയെടുക്കേണ്ടത് പോലീസും. അത് ഓകെ.
തിരുവിതാംകൂർ കൊച്ചി ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ് കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ്. സംഘടനയുടെ ബൈലോ പ്രകാരം നിർമ്മാതാക്കൾ, വിതരണക്കാർ, പ്രദർശകൻ, അഫിലിയേറ്റഡ് അസോസിയേഷൻ, അസോസിയേറ്റ് മെമ്പർ എന്നിവരാണ് അംഗങ്ങൾ.
തങ്ങളുടെ അംഗങ്ങളുടെ പേരിൽ സംഘടന നടപടിയെടുക്കുന്നത് മനസിലാക്കാം. എന്നാൽ സംഘടനയിൽ അംഗമേയല്ലാത്ത ഒരാൾക്കെതിരെ സംഘടന എങ്ങനെ നടപടിയെടുക്കും? ശ്രീനാഥ് ഭാസി ഫിലിം ചേംബർ അംഗമാണോ? അല്ലെന്നാണ് മനസിലാക്കുന്നത്. അപ്പോൾപ്പിന്നെ ഫിലിം ചേമ്പർ ചിത്രത്തിലെവിടെ വരും? ഇനിയഥവാ ഷൂട്ടിംഗ് സൈറ്റിലുണ്ടായ പ്രശ്നങ്ങളുടെ പേരിലാണെങ്കിൽപ്പോലും ചേംബറിനോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ എങ്ങനെ ഒരു നടനെ വിലക്കാൻ കഴിയും? കരാർ ലംഘനത്തിൻ്റെ പേരിൽ നിയമനടപടിയെടുക്കാൻ വേറെ സംവിധാനങ്ങൾ നാട്ടിലുണ്ട്. ശ്രീനാഥ് ഭാസിയ്ക്കെതിരെ അവതാരക നൽകിയ പരാതി പരിഗണിക്കാൻ ചേംബറിനെ അധികാരപ്പെടുത്തുന്ന ഒരു നിയമവും നാട്ടിലില്ല. ശ്രീനാഥ് ഭാസി കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് എന്ന സംഘടന അംഗീകരിച്ച ബൈലോ പ്രകാരം അതിലെ മെമ്പറല്ല. ചേംബർ ഓഫ് കോമേഴ്സിൻ്റെ ബൈലോയും മെമ്മോറാണ്ടം ഓഫ് അസോസിയേഷനുമൊക്കെ അംഗീകരിച്ച്, നിശ്ചിതഫീസുമടച്ച് അംഗത്വമെടുത്തവരുടെ പേരിലല്ലാതെ മറ്റൊരു വ്യക്തിയ്ക്കെതിരെയുള്ള പരാതി സ്വീകരിക്കാനോ അതിൽ നടപടിയെടുക്കാനോ ചേംബറിന് യാതൊരു അധികാരവുമില്ല.
വിലക്കുപോലുള്ള ശിക്ഷാ നടപടികൾ പ്രഖ്യാപിക്കാൻ ഫിലിം ചേമ്പർ എന്ന സംവിധാനത്തിന് എവിടെ നിന്നാണ് അധികാരം ലഭിക്കുന്നത്. ആ അധികാരത്തിൻ്റെ ഉറവിടമാണ് അന്വേഷിക്കേണ്ടത്. ഈ വിഷയത്തിൽ കേസെടുക്കേണ്ടത് പോലീസാണ്. അവരത് ചെയ്തിട്ടുമുണ്ട്. അതിലപ്പുറം ചിത്രത്തിലെവിടെയാണ് ഫിലിം ചേമ്പർ?
ഷൂട്ടിംഗ് സൈറ്റിലുണ്ടാകുന്ന പ്രശ്നങ്ങളുടെ പേരിൽ വേണമെങ്കിൽ ഒരു നിർമ്മാതാവിന് നടനെ തന്റെ തുടർ ചിത്രങ്ങളിൽ സഹകരിപ്പിക്കേണ്ടെന്ന് തീരുമാനിക്കാം. ആ നിർമ്മാതാവിനോട് അനുഭാവമുള്ള മറ്റു നിർമ്മാതാക്കൾക്കും അങ്ങനെയൊരു തീരുമാനമെടുക്കാം. എന്നാൽ, സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സംഘടനയ്ക്ക് എങ്ങനെയാണ്, തങ്ങളുടെ അംഗങ്ങളല്ലാത്തവരെ വിലക്കാനും അതു പ്രഖ്യാപിക്കാനും കഴിയുക?
നടീനടന്മാർക്കെതിരെയുള്ള ചേമ്പർ വിലക്കിൻ്റെ ചരിത്രം ചികഞ്ഞു പോയാൽ പുതുതലമുറ ചിരിച്ചു മണ്ണു കപ്പും. ടിവിയില്‍ അഭിമുഖം നല്‍കരുത്, ടിവിയില്‍ അഭിനയിക്കരുത്, ഉദ്ഘാടനങ്ങള്‍ക്ക് പോകരുത്, ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിന് പോകരുത് …ഇങ്ങനെ അഭിനേതാക്കൾക്ക് നൽകിയ ഉഗ്രശാസന തെറ്റിച്ചാൽ നേരത്തോടു നേരം ചെല്ലുന്നതിനു മുമ്പ് വിലക്കു പ്രഖ്യാപിച്ചിരുന്നു രണ്ടായിരാമാണ്ടിന്റെ തുടക്കങ്ങളിൽ. ഇവിടെ മാത്രമല്ല, തമിഴിലും.
താരവിലക്കിൻ്റെ തുടക്കം തമിഴിൽ കമലഹാസനിൽ നിന്നാണെന്നു പറയാം. തങ്ങളുടെ കൽപന ലംഘിച്ച് ചാനലിന് അഭിമുഖം നല്കിയ കമല്‍ മാപ്പു പറയണമെന്നും പിഴയൊടുക്കണമെന്നും ഇല്ലെങ്കിൽ വിലക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന വിധി പ്രസ്താവിച്ചു. തൻ്റെ തൊഴിലിനെ ബാധിക്കുന്ന ഒരു തീരുമാനവും താന്‍ അംഗീകരിക്കുകയില്ലെന്ന് സംഘടനയുടെ മുഖത്തടിയ്ക്കും വിധം പറഞ്ഞ് കമലഹാസനും. ഒടുവിൽ കമലിൻ്റെ പഞ്ചതന്ത്രം സിനിമയുടെ നിർമ്മാതാവ് തേനപ്പൻ അഞ്ചുലക്ഷം പിഴയൊടുക്കിയാണ് പ്രശ്നം പരിഹരിച്ചത്. അവിടെ നിന്നാണ് പലരും വിലക്കിൻ്റെ രുചിയറിഞ്ഞത്.
അന്നത്തെ ഉഗ്രശാസനകൾക്ക് ഇന്നെന്തെങ്കിലും വിലയുണ്ടോ? ഒരുകാലത്ത് ചാനൽ അഭിമുഖങ്ങൾ തന്നെ വിലക്കിയിരുന്ന നിർമ്മാതാക്കൾ, ഇന്ന് അഭിമുഖത്തിലുണ്ടായ വാക്കുതർക്കത്തിന്മേലാണ് വിധി പറയുന്നത്. ഇന്ന് സിനിമാ പ്രമോഷൻ്റെ ഒരിനം തന്നെ താരങ്ങളുടെയും സാങ്കേതികവിദഗ്ധരുടെയും അഭിമുഖമാണ്. നടീനടന്മാർ ടെലിവിഷൻ ചാനലിൽ മുഖം കാണിച്ചാൽ തീയേറ്ററുകളിൽ ആളു കയറില്ലെന്ന പഴയ പല്ലവി ഇപ്പോൾ കേൾക്കാനേ ഇല്ല. മാത്രമല്ല, വിനോദ ചാനലുകളിലെ പല പരിപാടികളുടെയും അവതാരകർ താരങ്ങളാണു താനും. പരിപാടികൾ അവതരിപ്പിക്കുന്നതിൻ്റെ പേരിൽ സുരാജ് വെഞ്ഞാറമൂടിനെയോ രമേഷ് പിഷാരടിയെയോ വിലക്കാനുള്ള എല്ലുറപ്പ് ഇന്നത്തെ ചേമ്പറിനില്ല. വിലക്കിയാലും അവർ വകവെയ്ക്കുകയുമില്ല.
ഉത്തരം കിട്ടേണ്ട യഥാർത്ഥ ചോദ്യം ഇതാണ്. തങ്ങളുടെ സംഘടനയിൽ അംഗങ്ങളല്ലാത്തവരെ വിലക്കാൻ ഫിലിം ചേമ്പറിനും നിർമ്മാതാക്കളുടെ സംഘടനയ്ക്കും എന്താണ് അവകാശം? സിനിമയ്ക്ക് മുതൽ മുടക്കുന്നു എന്നത് ഈ മേഖലയെ അടക്കിഭരിക്കാനുള്ള അധികാരസിദ്ധിയാകുന്നുണ്ടോ? അങ്ങനെയുണ്ടെങ്കിൽ അതല്ലേ യഥാർത്ഥപ്രശ്നം?
ശ്രീനാഥ് ഭാസിയ്ക്കെതിരെ ചാനൽ അവതാരക കൊടുത്ത പരാതി പരിഗണിച്ചതും അതിന്മേൽ വിലക്കു പ്രഖ്യാപിച്ചതും, വേണ്ടിവന്നാൽ ആരെയും വിലക്കുമെന്ന് സുരേഷ് കുമാറിനെപ്പോലുള്ള ചേമ്പറേമാന്മാരുടെ വെല്ലുവിളിയുമൊക്കെ ഇല്ലാത്ത അധികാരത്തിൻ്റെ പുളപ്പാണ്. കുറ്റം ചെയ്താൽ പരാതിപ്പെടാനും നടപടിയെടുക്കാനും നീതിന്യായവ്യവസ്ഥ നിലനിൽക്കുന്ന നാട്ടിൽ ചേമ്പർ കോടതികൾ വേണ്ടെന്ന് ഉറക്കെപ്പറയുകയാണ് ചെയ്യേണ്ടത്.