കഴിഞ്ഞ ദിവസം മണിപ്പൂര്‍ കലാപത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ജനാധിപത്യത്തിന് പുല്ലുവില കല്‍പ്പിക്കാത്ത മോദി ഭരണത്തിന് ഏറ്റ കനത്ത പ്രഹരം. കത്തുന്ന മണിപ്പൂരിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ മോദി സര്‍ക്കാരിന് കഴിയാത്തതും ശ്രമിക്കാത്തതുമാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. അതിരൂക്ഷ ഭാഷയിലാണ് കോടതിയുടെ വിമര്‍ശനം. ഇതിനും മുന്‍പും സുപ്രീംകോടതിയുടെ പ്രഹരങ്ങള്‍ മോദി സര്‍ക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
അതിലൊന്നാമത്തേതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പദം അലങ്കരിക്കുന്ന അമിത് ഷാ നടത്തിയ മുസ്ലിം സംവരണ പരാമര്‍ശം. കര്‍ണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയായിരുന്നു വിവാദമായ വാക്കുകള്‍. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മുസ്ലിം സംവരണം റദ്ദാക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. വിഷയത്തില്‍ അമിത് ഷായെ സുപ്രീംകോടതി അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പൊതുപ്രവര്‍ത്തകര്‍ക്ക് ഈ രീതി ഉചിതമല്ലെന്നും വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ സുപ്രീംകോടതി ഇനി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന മുന്നറിയിപ്പ് കൂടി നല്‍കി.
അടുത്തത് വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മോദി സര്‍ക്കാരിനെതിരെയായിരുന്നു. എന്തുകൊണ്ട് വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നില്ല എന്ന് കോടതി ആരാഞ്ഞു. വിദ്വേഷപ്രസംഗം നടത്തുന്നത് ഏത് മതക്കാരാണെങ്കിലും മുഖംനോക്കാതെ നടപടി എടുക്കണം. രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്ന ഹീനമായ കുറ്റകൃത്യമാണെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചു. ബിജെപി നേതാക്കളുടെ നിരന്തരമായ വിദ്വേഷ പരാമര്‍ശങ്ങള്‍ വരുന്ന വേളയിലായിരുന്നു കോടതി ഇടപെടല്‍ എന്നത് ശ്രദ്ധേയം.
ഇഡി ഡയറക്ടര്‍ എസ്‌കെ മിശ്രയുടെ കാലാവധി നീട്ടികൊണ്ട് സുപ്രീംകോടതി നടത്തിയ വിമര്‍ശനമായിരുന്നു സുപ്രീംകോടതി വിമര്‍ശിച്ചതില്‍ പ്രധാനം. കേന്ദ്രത്തിന്റെ നിരന്തരമായ ആവശ്യത്തിന് ഏറ്റ തിരിച്ചടി കൂടിയായിരുന്നു ഈ വിമര്‍ശനം. ഇ ഡി ഡയറക്ടര്‍ സ്ഥാനത്ത് മിശ്ര തന്നെ തുടരണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ഇതിന് മുന്‍പും സുപ്രീം കോടതി വിമര്‍ശിച്ചിട്ടുണ്ട്. ഭീകര ഫണ്ടിംഗും കളളപ്പണം വെളുപ്പിക്കലും പരിശോധിക്കുന്ന അന്താരാഷ്ട്ര ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ ഇന്ത്യയിലെ അവലോകനം നിര്‍ണായക ഘട്ടത്തിലായതിനാല്‍ സഞ്ജയ് കുമാര്‍ മിശ്ര ഇ ഡിയുടെ നേതൃസ്ഥാനത്ത് തന്നെ തുടരണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.
എന്നാല്‍, ഒരു ഉദ്യോഗസ്ഥനെ മാത്രം ആശ്രയിച്ചാണോ കേന്ദ്ര അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുന്നത് കോടതി ആരാഞ്ഞു. മറ്റ് ഉദ്യോഗസ്ഥര്‍ എഫ്ടിഎഫുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാനാകത്ത വണ്ണം കഴിവില്ലാത്തവരാണോ എന്നും കോടതി തുറന്നടിച്ചു. ഇനി ഈ ആവശ്യം പറഞ്ഞ് വരേണ്ടതില്ല എന്നൊരു താക്കീതും നല്‍കികൊണ്ടായിരുന്നു സുപ്രീംകോടതി സെപ്തംബര്‍ 15വരെ കാലാവധി നീട്ടി നല്‍കിയത്.
നാഗാലാന്‍ഡില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നടപ്പാക്കാത്തത് ചോദ്യംചെയ്തുള്ള ഹര്‍ജികളിലായിരുന്നു കേന്ദ്രത്തിന് സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ച അടുത്ത വിമര്‍ശനം. മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍പ്പോലും ഇടപെടാത്തത് എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇത് അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് തുറന്നടിച്ചു. ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് കോടതിയെക്കൊണ്ട് പറയിപ്പിക്കരുതെന്നും ജസ്റ്റിസ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
ഒടുവിലാണ് മണിപ്പൂര്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെ ഉത്തരംമുട്ടിക്കുന്ന ചോദ്യം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതും നഗ്‌നരാക്കി റോഡിലൂടെ നടത്തിച്ച കേസുമായി ബന്ധപ്പെട്ടതായിരുന്നു ചോദ്യം.
ചോദ്യങ്ങള്‍;
1. സംഭവം കഴിഞ്ഞിട്ടുള്ള പതിനാല് ദിവസം പൊലീസ് എന്തുചെയ്യുകയായിരുന്നു..?
2. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് എന്തുകൊണ്ടാണ്…?
3. എഫ്ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 14 ദിവസം എടുത്തത് എന്തുകൊണ്ട്, എഫ്ഐആറിന്റെ കണക്ക് എവിടെ..?
ഈ ചോദ്യങ്ങള്‍ക്കെല്ലാം അതേ ദിവസം തന്നെ മറുപടി നല്‍കാനാണ് കേന്ദ്രത്തോട് നീതിപീഠം ആവശ്യപ്പെട്ടത്. ” മണിപ്പൂരിലെ ക്രമസമാധാനം മുഴുവനായും തകര്‍ന്നു. പോലീസ് അന്വേഷണം പരിതാപകരം. അക്രമസംഭവങ്ങള്‍ നടന്ന് മൂന്നു മാസം പിന്നിട്ടിട്ടും ഫലപ്രദമായ നടപടിയില്ല. 6000ല്‍ അധികം കേസ് എടുത്തിട്ടും അറസ്റ്റ് ഒന്നോ രണ്ടോ കേസില്‍ മാത്രം. നിര്‍ണായകമൊഴികള്‍ രേഖപ്പെടുത്തുന്നതിലും വലിയ കാലതാമസമുണ്ടായി എന്ന് പറഞ്ഞ സുപ്രീംകോടതി മണിപ്പുര്‍ ഡിജിപി വെള്ളിയാഴ്ച പകല്‍ രണ്ടിന് നേരിട്ട് ഹാജരായി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും ഉത്തരവിട്ടു. കാറില്‍നിന്ന് വലിച്ചിറക്കി അമ്മയെയും മകനെയും തല്ലിക്കൊന്ന സംഭവത്തില്‍ കേസെടുക്കാന്‍ മൂന്നു ദിവസം വൈകിയത് പൊറുക്കാനാകാത്ത അപരാധമാണ്’ മണിപ്പൂര്‍ വിഷയത്തില്‍ വീണ്ടും മോദി സര്‍ക്കാരിനെതിരെ നടത്തിയ സുപ്രീംകോടതിയുടെ വിമര്‍ശനമാണ് മേല്‍പ്പറഞ്ഞത്.
കൂടാതെ, മണിപ്പൂര്‍ വിഷയത്തില്‍ തന്നെ പിന്നെയും വിമര്‍ശനങ്ങള്‍ നടത്തി. മെയ് തുടക്കം മുതല്‍ ജൂലൈ അവസാനംവരെ മണിപ്പുരില്‍ നിയമവാഴ്ച ഇല്ലായിരുന്നെന്ന തോന്നലാണ് കോടതിക്ക് ഉണ്ടായതെന്നും കേസെടുക്കാന്‍ കഴിയാത്തവിധം ഭരണസംവിധാനങ്ങള്‍ താറുമാറായെന്നും കോടതി പറഞ്ഞു. പൊലീസിന് നേരെചൊവ്വേ അന്വേഷണം നടത്താന്‍ ശേഷിയില്ലാതായി. സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ പൊലീസിന് പങ്കുള്ളതായി പരാതിയുണ്ട്. ഇരകളെ ആള്‍ക്കൂട്ടത്തിന് കൈമാറിയ പൊലീസുകാരെ ചോദ്യംചെയ്‌തോ? ഡിജിപി എന്താണ് ചെയ്യുന്നത്..? ഒന്നുകില്‍ പൊലീസിന് ചുമതലകള്‍ നിറവേറ്റാന്‍ ശേഷിയില്ല. അല്ലെങ്കില്‍ അവര്‍ക്ക് അതിനുള്ള താല്‍പ്പര്യമില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടു പറഞ്ഞു.
അധികാര കസേരയില്‍ ഇരുന്ന് ജനാധിപത്യത്തെയും മനുഷ്യമൂല്യങ്ങളെയും ചവിട്ടി മെതിക്കുന്ന ഹിറ്റ്ലര്‍ ഭരണത്തിന് മേല്‍ സുപ്രീംകോടതിയുടെ വിമര്‍ശന ശരങ്ങള്‍ ജനങ്ങളില്‍ വലിയ രീതിയില്‍ തന്നെ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. ജനാധിപത്യം തുടച്ചുനീക്കി ഹിന്ദുത്വ രാജ്യമായി മാറ്റാനുള്ള മോദിയുടെ പരാക്രമങ്ങള്‍ക്ക് പരമോന്നത നീതിപീഠം ഒരു പ്രതിരോധമാകുമോ? എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.