കുറച്ച് ദിവസങ്ങളായി കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെയാണ് സംഘപരിവാറിന്റെ കൂട്ടആക്രമണം അരങ്ങേറുന്നത്. ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിച്ചുവെന്നാണ് ആരോപണം. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെ അജണ്ട തന്നെയാണ് ഷംസീറിനെതിരായ കടന്നാക്രമണത്തിലൂടെ സംഘപരിവാര്‍ ഉന്നംവെയ്ക്കുന്നത്.
ഗണപതിയ്ക്ക് ആനയുടെ തല ചേര്‍ത്തുവെച്ചതാണ് ആദ്യത്തെ പ്ലാസ്റ്റിക്ക് സര്‍ജ്ജറി എന്നും പുഷ്പക വിമാനമാണ് ആദ്യ വിമാനമെന്നുമൊക്കെ പ്രചരിപ്പിച്ച് ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളെ നിഷേധിക്കാന്‍ ശ്രമിക്കുന്നവരും സമൂഹത്തില്‍ ശക്തിപ്പെടുന്നുണ്ടെന്ന സ്പീക്കര്‍ ഷംസീറിന്റെ പരാമര്‍ശമാണ് സംഘപരിവാര്‍ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്ന് വ്യാഖ്യാനിക്കുന്നത്. ഈ വിചിത്ര കണ്ടെത്തല്‍ സാക്ഷാല്‍ നരേന്ദ്ര മോദിയുടെ വകയാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും ഷംസീറിനെതിരെ പ്രചരണം തുടരുന്നതിന് പിന്നില്‍ ലക്ഷ്യം ഒന്ന് മാത്രം. ഷംസീര്‍ എന്ന പേര് തന്നെ.
ഇതിന് മുന്‍പ് കോണ്‍ഗ്രസ് എംപി ശശി തരൂരും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞത് ഇതേ വിഷയം തന്നെയാണ്. അന്ന് ഇല്ലാതിരുന്ന ഹിന്ദു വികാരം ഇന്ന് ഷംസീറിലേയ്ക്ക് എത്തിയപ്പോള്‍ അണ പൊട്ടിയൊഴുകി. സംഘപരിവാറിന്റെ ഈ വര്‍ഗീയ അജണ്ടയ്ക്കാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും കുടപിടിക്കുന്നത്. 18 വര്‍ഷത്തോളം ആര്‍എസ്എസ് കൊടി പിടിച്ച വ്യക്തിയാണ് താനെന്ന സുകുമാരന്‍ നായരുടെ പരാമര്‍ശവും ഇതിന് അടിവരയിടുന്നു.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന രീതിയാണ് ഇപ്പോള്‍ കോണ്‍ഗ്രസും ചെയ്തു വരുന്നത്. ഷംസീര്‍ മാപ്പ് പറയണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ആവശ്യം. പ്രതിപക്ഷ നേതാവ് ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് സാരം.
ഇതിന് പുറമെ, ഷംസീറും റിയാസും സിപിഎം ചാവേറുകളാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന ബിജെപിയുടെ ഉള്ളിലെ വര്‍ഗീയ വിഷം എത്രത്തോളമെന്ന് വ്യക്തമായി കാണിച്ചു തരുന്നു. വര്‍ഗീയത വിതച്ച് കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്ന സുരേന്ദ്രനോടും അണികളോടും പറയാന്‍ ഒന്ന് മാത്രം. ഇറങ്ങിചാടി ആക്രമിക്കൂ എന്ന് പറയുമ്പോള്‍ വാളും പരിചയും കൊണ്ട് ചാടി ഇറങ്ങി പരസ്പരം ജീവന് എടുക്കുന്നവരല്ല പ്രബുദ്ധ കേരളത്തിലെ മലയാളികള്‍, ആ പരിപ്പ് ഇവിടെ വേവില്ല.