ശ്രീകുമാർ ശേഖർ
മലയാള മനോരമ മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞുകൊണ്ടേയിരിക്കുന്നു. വാർത്തകളും വ്യാഖ്യാനങ്ങളും കടന്ന് മുഖപ്രസംഗംവരെ എത്തി. ഒപ്പം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ മര്യാദ പഠിപ്പിക്കാനും മുതിരുന്നു. മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി മനോരമ മിണ്ടാൻ ധൈര്യപ്പെട്ടത് സ്വാഗതാർഹമാണ്. ഇല്ലാത്ത കഥ മെനഞ്ഞ് ഒരു എസ്എഫ്ഐ നേതാവിനെ കേസിൽ കുടുക്കാൻ നോക്കിയതാണല്ലോ ഇപ്പോഴത്തെ വിഷയം. അതിൽ പരാതിക്കാരൻ്റെ മൊഴിയെത്തുടർന്ന് ഒരു മാധ്യമപ്രവർത്തകയുടെ പേര് പൊലീസിൻ്റെ പ്രഥമവിവര റിപ്പോർട്ടിൽ വന്നു. തുടർന്നാണല്ലോ മനോരമ ഈ പഠന ക്ലാസുമായി ഇറങ്ങിയത്.
എന്താണ് മാധ്യമസ്വാതന്ത്ര്യ സംരക്ഷണത്തിൽ മലയാള മനോരമയുടെ ചരിത്രം. വളരെ പഴയകാലം ഇപ്പോൾ നമുക്ക് വിടാം. ജനങ്ങൾ സ്വാതന്ത്ര്യത്തിനായി പോരാടുമ്പോൾ ബ്രിട്ടീഷ് ഭരണത്തിൻ്റെയും രാജാവിൻ്റെയും പ്രീതിക്കായി ചെയ്തുകൂട്ടിയതൊക്കെ പലരും എണ്ണിപ്പറഞ്ഞിട്ടുണ്ടല്ലോ. അത് വീണ്ടും എണ്ണുന്നില്ല. ദിവാൻ സി പി രാമസ്വാമി അയ്യർ ചെറുതായി വിരട്ടിയപ്പോൾത്തന്നെ വാർത്ത മയപ്പെടുത്താമെന്നും പറ്റിയ തെറ്റിൽ മാപ്പപേക്ഷിക്കുന്നെന്നും നിലവിളിച്ചതും മറക്കാം.
പക്ഷേ, അടിയന്തരാവസ്ഥ അത്ര പണ്ടല്ലല്ലോ. 50 കൊല്ലം തികയാൻ ഇനിയും രണ്ടുവർഷം വേണം. ഇന്ത്യയിൽ ഏറ്റവും ആസൂത്രിതമായി മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ഭരണനേതൃത്വം വേട്ടയാടിയ കാലം ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച 1975‐77ലെ അടിയന്തരാവസ്ഥയാണ് എന്നതിൽ കോൺഗ്രസുകാർ പോലും ഇന്ന് തർക്കിക്കില്ല. അക്കാലത്ത് എന്തായിരുന്നു മനോരമയുടെ നില. വെട്ടുകിളി ശല്യത്തെപ്പറ്റി മുഖപ്രസംഗം എഴുതിയും ഇന്ദിരയുടെ ഇരുപതിന പരിപാടിയെയും സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടിയെയും സ്തുതിച്ചും കോളം നിറച്ചിരുന്ന മനോരമയെപ്പറ്റി നമ്മൾ ഏറെ കേട്ടിരിക്കുന്നു.
എന്നാൽ, മാധ്യമസ്വാതന്ത്ര്യം കുഴിച്ചുമൂടപ്പെട്ട അക്കാലത്ത് ആ ഇരുളിൻ്റെ മറവിൽ സർക്കാരിൻ്റെ നല്ല കുട്ടി പട്ടികയിൽ കയറി സർക്കാർ പരസ്യം വാങ്ങിക്കൂട്ടുക കൂടിയായിരുന്നു മനോരമ എന്നതുകൂടി നമ്മൾ അറിയണം. ഇന്ത്യൻ ജനതയുടെയും മാധ്യമ സഹജീവികളുടെയും സ്വാതന്ത്ര്യംവിറ്റ് വരുമാനം കൂട്ടുകയായിരുന്നു അന്ന് മനോരമ.
അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾ അന്വേഷിച്ച മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ജയന്തിലാൽ ചോട്ടേലാൽ ഷാ അധ്യക്ഷനായ കമീഷൻ മാധ്യമങ്ങൾക്കുനേരെ നടന്ന അടിച്ചമർത്തലും അന്വേഷിച്ചിരുന്നു. കമീഷൻ 1978 മാർച്ച് 11ന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. അതിൻ്റെ 39 മുതൽ 42 വരെയുള്ള പേജുകളിൽ അടിയന്തരാവസ്ഥയിലെ പത്രങ്ങളെ സർക്കാർ കണ്ടിരുന്നത് എങ്ങനെയെന്ന് രേഖകൾ ഉദ്ധരിച്ചു പറയുന്നു. മാധ്യമങ്ങളിൽ കേന്ദ്ര സർക്കാർ പരസ്യങ്ങൾ നൽകുന്നത് അന്നുമിന്നും ഡയറക്ടറേറ്റ് ഓഫ് അഡ്വർടൈസ്മെന്റ് ആൻഡ് വിഷ്വൽ പബ്ലിസിറ്റി (ഡിഎവിപി) മുഖേനയാണ്. ഇതിന് പാർലമെന്റ് അംഗീകരിച്ച മാനദണ്ഡങ്ങളുമുണ്ട്. രാഷ്ട്രീയ വിരോധത്തിൻ്റെ പേരിലോ സർക്കാരിനെ വിമർശിച്ചതിൻ്റെ പേരിലോ ഒരു മാധ്യമത്തിന് പരസ്യം നിഷേധിക്കപ്പെടാൻ പാടില്ലെന്ന ജാഗ്രതയാണ് ഈ വ്യവസ്ഥകൾ.
അടിയന്തരാവസ്ഥയിൽ വാർത്താവിനിമയ മന്ത്രിയായ വി സി ശുക്ല ഈ മാനദണ്ഡങ്ങൾ ദൂരെയെറിഞ്ഞു. സർക്കാർ അനുകൂല പത്രങ്ങൾക്ക് പരസ്യം കൂട്ടാനും എതിർക്കുന്നവർക്ക് പരസ്യം വിലക്കാനും നിർദേശം നൽകിയതായി ജസ്റ്റിസ് ഷാ കണ്ടെത്തി. നിലവിലുള്ള പത്രങ്ങളുടെ ഗ്രേഡിങ് ആകെ മാറ്റാനും നിർദേശിച്ചു. പത്രങ്ങളുടെ മൂന്ന് പട്ടിക തയ്യാറാക്കാനാണ് ആവശ്യപ്പെട്ടത്. ശുക്ല കൂടി ഇരുന്നാണ് പട്ടിക തീരുമാനിച്ചത്. അന്നത്തെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ഡോ. എ ആർ ബാജിക്കായിരുന്നു ചുമതല. എ, ബി, സി എന്നായിരുന്ന പട്ടികയെന്ന് ബാജി ഷാ കമീഷനു നൽകിയ മൊഴിയിൽ പറയുന്നുണ്ട്. എയിൽ എ പ്ലസും ബിയിൽ ബി പ്ലസും ഉണ്ട്. എ പ്ലസിൽ വരുന്നത് സർക്കാരിന് ഉപാധിയില്ലാതെ പിന്തുണ നൽകുന്ന പത്രങ്ങളാണ്. അതായത് ‘മുട്ടിലിഴയുന്നവർ’. അവർക്കുവേണം കൂടുതൽ പരസ്യം എന്നായിരുന്നു നിർദേശം. എ പ്ലസ് പദവി കിട്ടിയ 10 പ്രധാന പത്രങ്ങളുടെ പട്ടിക ജസ്റ്റിസ് ഷാ, റിപ്പോർട്ടിൽ ഉദ്ധരിക്കുന്നുണ്ട്. അതിൽ എട്ടാമത്തെ പേരായി മലയാള മനോരമയുണ്ട്. മലയാളത്തിൽനിന്നുള്ള ഏക പത്രം.
ഏറ്റവും രൂക്ഷമായും തുടർച്ചയായും സർക്കാരിനെതിരെ നിലപാടെടുക്കുന്ന 11 പത്രങ്ങളുടെ ഒരു ബി പ്ലസ് പട്ടികയും റിപ്പോർട്ടിലുണ്ട്. ആ പട്ടികയിൽ എട്ടാമത്തെ പേരായി ഒരു പത്രമുണ്ട്‐ ദേശാഭിമാനി. മലയാളത്തിൽനിന്നുള്ള ഏകപത്രം. സി പട്ടികയിൽ അനുകൂലമോ പ്രതികൂലമോ എന്ന് പറയാനാകാത്ത പത്രങ്ങളായിരുന്നു. വെറുതെ പട്ടികയിൽപ്പെടുത്തിയതിൻ്റെ മാത്രമല്ല, എ പ്ലസ് പത്രങ്ങൾക്ക് വാരിക്കോരി പരസ്യം കൊടുത്തതിൻ്റെയും ബി പ്ലസ് പത്രങ്ങൾക്ക് സർക്കാർ പരസ്യം പൂർണമായി നിഷേധിച്ചതിന്റെയും കണക്കുകളും കമീഷൻ റിപ്പോർട്ടിൽ ഉദ്ധരിക്കുന്നു.
അതായത് സ്വാതന്ത്ര്യത്തിൻ്റെ കൊടിയുയർത്തി ഇന്ത്യൻ മാധ്യമങ്ങളിൽ ചിലതെങ്കിലും അമിതാധികാര വാഴ്ചയ്ക്കെതിരെ പൊരുതിനിന്നപ്പോൾ കേന്ദ്ര സർക്കാരിൻ്റെ പണംപറ്റി സർക്കാരിനൊപ്പം നിൽക്കുകയാണ് മനോരമ ചെയ്തത്. അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ കൊലച്ചോറുണ്ട് കൊഴുത്ത് സർക്കാരിന് ഓശാന പാടുകയായിരുന്നു ദിനചര്യ. മനോരമയുടെ ഉടമസ്ഥാവകാശം അന്നും കണ്ടത്തിൽ കുടുംബത്തിനാണ്. ദേശാഭിമാനി അന്നും സിപിഐ എമ്മിൻ്റെ മുഖപത്രവുമാണ്.
ഇന്ന് മനോരമ അങ്ങനെയൊന്നുമല്ലല്ലോ എന്ന് കരുതുന്നവരുണ്ടാകാം. അവർക്ക് വായിക്കാൻ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ രാജ്യം 161–-ാം സ്ഥാനത്തേക്ക് പതിച്ചതിനെപ്പറ്റി ഈ മേയ് അഞ്ചിന് മനോരമ എഴുതിയ മുഖപ്രസംഗം നിർദേശിക്കട്ടെ. കേന്ദ്ര സർക്കാർ എന്നോ ബിജെപി എന്നോ നരേന്ദ്ര മോദിയെന്നോ വാക്കില്ലാതെ എഴുതിത്തീർത്ത ആ രചനയെ ആരും നമിച്ചുപോകും. സിപിഐ എമ്മിനെയും എൽഡിഎഫ് സർക്കാരിനെയും നുണകൊണ്ടുമൂടാനും അധിക്ഷേപംകൊണ്ട് പൊതിയാനും മനോരമയ്ക്ക് പേടിക്കേണ്ട. വഴിവിട്ട ഒരുനീക്കവും തങ്ങൾക്കെതിരെ ഉണ്ടാകില്ലെന്ന് അവർക്ക് ഉറപ്പുണ്ട്. ഒരു സംശയവും വേണ്ടാ; ഇനിയൊരു അടിയന്തരാവസ്ഥ വന്നാലും കേന്ദ്ര സർക്കാരിൻ്റെ എ പ്ലസ് പട്ടികയിൽ മനോരമ ഉണ്ടാകും; ബി പ്ലസ് പട്ടികയിൽ ദേശാഭിമാനിയും. അന്നും സർക്കാരിൽനിന്ന് കിട്ടാവുന്നതെല്ലാം വാങ്ങിക്കൂട്ടി സിപിഐ എം സംസ്ഥാന സെക്രട്ടറിയെ മാധ്യമസ്വാതന്ത്ര്യം പഠിപ്പിക്കാൻ ഇറങ്ങുന്ന പത്രാധിപന്മാരുമുണ്ടാകും. അതാണ് മനോരമ.