എം രഘുനാഥ്
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഇന്നലെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം ഇന്നലെ മുതൽ ചില ചാനലുകളും ഇന്ന് വർത്തമാന പത്രങ്ങളും പ്രധാന വാർത്തയാക്കിയിട്ടുണ്ട്. കണ്ടത്തിൽ പത്രത്തിന്റെ ഇന്നത്തെ ഒന്നാം പേജ് തലക്കെട്ട് മാധ്യമങ്ങൾക്ക് എം വി ഗോവിന്ദന്റെ ഭീഷണി. ഇനിയും കേസിൽ കുടുക്കുമെന്ന്. അതിലേക്ക് വരും മുമ്പ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖരൻ മുതലാളിയായുള്ള ചാനൽ ഇന്നലെ അവരുടെ ഓൺലൈനിൽ കൊടുത്ത തലക്കെട്ട് നോക്കാം. സർക്കാർ വിരുദ്ധ,എസ്എഫ്ഐ വിരുദ്ധ ക്യാമ്പയിൻ നടത്തിയാൽ ഇനിയും കേസെടുക്കും: എം വി ഗോവിന്ദൻ എന്ന്. ആ ചാനലിന് കുറച്ചുകാലമായി റേറ്റിംഗ് തീരെ കുറഞ്ഞതിനാൽ അവിടെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ചാനൽ മുതലാളി കൊടുത്ത നിർദ്ദേശമുണ്ട്. ഇത്തരം ക്ലിപ്പിംഗുകൾ സ്വന്തം നിലയിൽ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം. അങ്ങനെ സർക്കാർ വിരുദ്ധ,എസ്എഫ്ഐ വിരുദ്ധ ക്യാമ്പയിൻ നടത്തിയാൽ ഇനിയും കേസെടുക്കും: എം വി ഗോവിന്ദൻ എന്ന ഓൺലൈൻ ക്ലിപ്പിംഗ് പോസ്റ്റ് ചെയതതിൽ പ്രമുഖനാണ് ഇപ്പോൾ അവിടെ അവശേഷിക്കുന്നവരിൽ മുതിർന്നവരിൽ ഒരാളായ പി ജി സുരേഷ്കുമാർ. സിപിഐ എം വിരോധവും സംഘപരിവാർ ചാനലിന്റെ വിധേയത്വവും മൂത്ത് അന്ധത ബാധിച്ചിരിക്കുകയാണ്. അതിൽ നിന്നെല്ലാമുള്ള ഉൽപന്നമാണ് ഇത്തരം പ്രതികരണങ്ങളും പോസ്റ്റുകളും. ചാനലിന്റെ പ്രമോഷന് ഒപ്പം സ്വന്തം നിലപാടും ആവർത്തിക്കുന്നു. ഈ പോസ്റ്റിനൊപ്പം സുരേഷ് സ്വന്തം നിലയിൽ ചോദിക്കുന്നത് എങ്കിലും എന്റെ മാഷേ? എന്നാണ്. സുരേഷിനോട് തിരിച്ച് ചോദിക്കാനുമുള്ളത് അത് തന്നെയാണ്. എങ്കിലും എന്റെ സുരേഷെ. എന്തിനീ വിടുവേല ചെയ്യുന്നു. ആ ചാനലിൽ ടിയാൻ ചെയ്യുന്ന കോളമുണ്ട്. നേർക്ക് നേർ എന്നാണ് പേര്. ഇത്തവണ അതിന് കൊടുത്ത തലക്കെട്ട് നോക്കൂ. ആരുടെ വിദ്യ എന്ന്. ആ പോസ്റ്ററിൽ വിദ്യയോടൊപ്പം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ ചിത്രമാണ് കൊടുത്തത്. എന്താണ് സുരേഷും ആ ചാനലും ഉദ്ദേശിക്കുന്നത്. വിദ്യ പ്രതിയായ ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ ആർഷോയുടെ ഫോട്ടോ കൊടുത്തത് ഞരമ്പ് രോഗമാണോ? ഇത്രയും സംസ്കാര ശൂന്യമായി ഒരു ചാനലും ചാനൽ പ്രവർത്തകനും മാറാമോ?
അവരുടെ കൊച്ചിയിലെ റിപ്പോർട്ടർക്കെതിരെ ആർഷോ ഗൂഢാലോചന കേസ് ആണ് കൊടുത്തതെങ്കിൽ ഈ വിഷയത്തിൽ മാനനഷ്ടത്തിനും വ്യക്തിഹത്യക്കും കേസ് എടുക്കണം. ഇന്ത്യ ൻ ഭരണഘടനയുടെ അനുഛേദം 19ൽ 1 എയും ജിയുമെല്ലാമെടുത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചെല്ലാം ചിലർ വചാലരാകുന്നുണ്ട്. അത്തരം അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരെ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉള്ള സ്വാതന്ത്ര്യമല്ല. അത്തരം അവസരങ്ങളിൽ അപമാനിതരാകുന്ന വ്യക്തികൾക്ക് നിയമ നടപടി സ്വീകരിക്കാൻ സർവ അവകാശവും ഇതേ ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. അതാണ് ആർഷോ വിനിയോഗിച്ചതും അതിനനുസരിച്ചുള്ള നിയമ ബാധ്യത നിർവഹിച്ചുകൊണ്ട് പോലീസ് എഫ്ഐആർ ഇട്ടതും.
ഇത്തരം സംഭവങ്ങളും ഗൂഢാലോചനയും ആവർത്തിച്ചാൽ ശക്തമായ നടപടി ഉണ്ടാകും. അതാണ് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. ഇനിയും കേസുണ്ടാകും എന്നാണ് പറഞ്ഞത്. അത് കണ്ടത്തിൽ പത്രത്തിന്റെ വാർത്തയിൽ പറയുന്നുണ്ട്. പക്ഷെ, തലക്കെട്ട് നോക്കൂ–-–-ഇനിയും കേസിൽ കുടുക്കുമെന്ന്. എന്ന് വെച്ചാൽ ഇല്ലാത്ത സാധനം ഉണ്ടാക്കുമെന്ന്. അതാണ് കണ്ടത്തിൽ കടലാസിന് ഭീഷണി ആയത്. ഇത് ഭീഷണി അല്ല. കാര്യം പറഞ്ഞതാണ്. ഇനി ഭീഷണി ആയി തോന്നുന്നുവെങ്കിൽ ഭീഷണി തന്നെ മനോരമേ. ഗൂഢാലോചന നടത്തി ഈ പാർടിയേയും സർക്കാറിനേയും തകർക്കാൻ നോക്കിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കും. അപ്പോൾ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല.
ഏഷ്യാനെറ്റ് ന്യൂസിലെ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിനെ മാധ്യമ സ്വാതന്ത്ര്യത്തിന് എന്തോ വലിയ ഭീഷണി വന്നിരിക്കുന്നുവെന്നാണ് കൂട്ടക്കരച്ചിൽ. ഇത് മോഡിയുടെ ഫാസിസ്റ്റ് ശൈലിയെന്ന് ലിബറൽ ടീംസ്ആക്ഷേപിക്കുന്നു. എന്താണ് വസ്തുത? മാധ്യമങ്ങളുടെ വേട്ടയാടലിനാണ് നിരപരാധിയായ ആർഷോ ഇരയായത്. അതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന് ആർഷോ സംശയിക്കുന്നു. അതുകൊണ്ട് തന്നെ ഗൂഢാലോചന അന്വേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർഷോ പരാതി നൽകുന്നു. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഇത്തരം പരാതികൾ നൽകുമ്പോൾ സംശയമുള്ളവരുടെ പേരും സൂചിപ്പിക്കും. ആ പരാതിയിൽ പോലീസ് എഫ്ഐആർ ഇടുമ്പോൾ സ്വാഭാവികമായും പരാതിക്കാരൻ സംശയിക്കുന്നവരുടെ പേരുകൾ പ്രതിസ്ഥാനത്ത് വരും. ഈ എഫ്ഐആർ അനുസരിച്ച് പ്രതിസ്ഥാനത്ത് നിൽക്കുന്നവരിൽ നിന്നും മൊഴിയെടുക്കും. അക്കാര്യത്തിൽ മാധ്യമ പ്രവർത്തകർക്ക് ഇന്ത്യൻ ഭരണഘടനയൊ ഇന്ത്യൻ ശിക്ഷാ നിയമമൊ ക്രിമിനൽ നടപടിചട്ടമൊ ഒരിളവും നൽകുന്നില്ല. മാധ്യമ പ്രവർത്തകരായാലും അല്ലെങ്കിലും മൊഴിയെടുത്ത ശേഷം മാത്രമെ തുടർ നടപടികൾ ഉണ്ടാകൂ. മൊഴി വിശ്വാസയോഗ്യമെങ്കിലും പരാതിയിൽ കഴമ്പില്ലെങ്കിൽ കേസിൽ നിന്ന് ഒഴിവാക്കും. ആർഷോ നൽകിയ പരാതിയിൽ പറയും പോലെ അഖില നന്ദകുമാർ എന്ന പ്രതിക്ക് ഗൂഢാലോചനയിൽ പങ്കില്ലെങ്കിൽ തീർച്ചയായും പ്രതിയാകില്ല.
ഇനി പങ്കുണ്ടെങ്കിലോ? പോക്സോ കേസിലെന്ന പോലെ ചുറ്റിയേ പറ്റൂ. ഇപ്പോൾ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലരാകുന്നവർ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും സാക്ഷാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയുമായിരിക്കെ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം മോഹൻദാസിനെതിരെ കേസെടുത്തപ്പോൾ എവിടെയായിരുന്നു? മോഹൻദാസ് അന്ന് ചെയ്ത ‘കുറ്റം’ എന്തായിരുന്നു? ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരു ഏമാൻ നിരന്തരം മാധ്യമങ്ങൾക്ക് പൊടിപ്പും തൊങ്ങലും ചേർത്ത സിപിഐ എം വിരുദ്ധ വാർത്തകൾ നൽകുന്നു. ഈ ഏമാൻ നിരന്തരം ബന്ധപ്പെട്ട മാധ്യമ പ്രവർത്തകർ ആരെന്നും ഗൂഢാലോചന എങ്ങനെയായിരുന്നെന്നും ഫോൺ കോൾ രേഖകൾ സഹിതം കൃത്യമായ വാർത്ത നൽകുന്നു. സത്യസന്ധമായ ആ വാർത്തയുടെ പേരിലാണ് വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി കേസെടുത്തത്. ഒരു പരാതിയുടെയും അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച് ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം പോലീസ് സ്വന്തം നിലയിലെടുത്ത കേസാണ്. അന്ന് ഒരക്ഷരം ഈ മാധ്യമങ്ങൾ ഉരിയാടിയില്ല. ആരും പ്രതിഷേധിച്ചില്ല. അന്ന് പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന് പോലും 300 ഓളം ദേശാഭിമാനി പ്രവർത്തകർക്കെതിെേര കേസെടുത്തു. അന്ന് ഒരു വസ്തുത മാത്രം അതും ടെലിഫോൺ വിളിയുടെ രേഖകൾ സഹിതം കൊടുത്ത വാർത്തയുടെ പേരിലാണ് ദേശാഭിമാനിയെ വേട്ടയാടിയത്. അക്കൂട്ടരാണ് ഇപ്പോൾ മാധ്യമ സ്വാതന്ത്ര്യം മരിച്ചേ എന്ന് നിലവിളിക്കുന്നത്.
ദേശാഭിമാനി പൊളിറ്റിക്കൽ കറസ്പോണ്ടന്റ് ആയിരുന്ന ഇപ്പോൾ മീഡിയ അക്കാദമി ചെയർമാനായ ആർ എസ് ബാബുവിനെ കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ സ്പീക്കർ ആയിരിക്കെയാണ് നിയമസഭയിൽ നിന്നും പുറത്താക്കിയത്. ഇന്ത്യൻ നീതിന്യായ രേഖകളിൽ ആ പേര് ഇപ്പോഴും കാണാം. ആർ സുദർശനബാബു V/s സ്റ്റേറ്റ് ഓഫ് കേരള എന്ന് ഗൂഗിളിൽ പരതിയാൽ പോലും കിട്ടും. അന്ന് നിയമസഭാ നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരെ വിമർശനാത്മക ലേഖനം എഴുതിയതിനാണ് ബാബുവിനെതിരെ നടപടി എടുത്ത്. അ്ന്ന് മാധ്യമ സ്വാതന്ത്ര്യം അട്ടത്ത് വെച്ചതായിരുന്നോ? ആ കോൺഗ്രസുകാരാണ് ഇപ്പോൾ മാധ്യമ സ്വാതന്ത്ര്യമെന്ന് നിലവിളിക്കുന്നത്.
കണ്ടത്തിൽ പത്രത്തിന്റെ ഒന്നാം പേജ് ലീഡ് വാർത്ത ഉൾപ്പെടെ മറ്റൊരു പ്രധാന വാർത്തയാണ് കോവിഡ് വാക്സിൻ എടുത്തവരുടെ സർവ വിവരവും പുറത്ത് എന്ന്. കേന്ദ്ര സർക്കാറിന്റെ കോവിൻ പോർട്ടലിൽ നൽകിയ വ്യക്തിഗത വിവരങ്ങളാണ് പുറത്തായത്. പറഞ്ഞു വരുന്നത് അതല്ല. ഓർമ്മയില്ലെ. കോവിഡ് അതിരൂക്ഷമായ ഘട്ടത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിന് സംസ്ഥാന സർക്കാറിന് ഒരു പ്രവാസി മലയാളിയുടെ സ്ഥാപനമായ സ്പ്രിങ്ക്ളർ സൗജന്യ സേവനത്തിന് മുന്നോട്ട് വന്നപ്പോൾ ഡാറ്റ ചോർത്തി പിണറായി വിജയൻ കോടികൾ കമ്മീഷൻ അടിക്കാൻ നോക്കുന്നൂ എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനെ. 75 ലക്ഷം റേഷൻ കാർഡുടമകളുടെ ഡാറ്റ ചോർത്തി എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനെ. അതോടെ ആ പ്രവാസി കേരളത്തിൽ ഒരു സംരംഭത്തിനുമില്ല എന്നും തീരുമാനമെടുത്തു. രാഖി തോമസ് എന്ന യുവ സ്റ്റാർട് അപ് സംരംഭകൻ ഇന്ന് അമേരിക്കയിലെ യുവ സംരംഭകരിൽ ഏറ്റവും മുന്നിലാണ്. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ കോടികളുടെ നിക്ഷേപത്തിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു. കേരളത്തിൽ വ്യവസായം വരുന്നില്ലേ എന്ന് നിലവിളിക്കുന്ന ഈ പ്രതിപക്ഷമാണ് ഇത്തരം യുവസംരംഭകരെ ആട്ടിയോടിക്കുന്നത്. ഡാറ്റ ചോർത്തൽ വാർത്ത കാണുമ്പോൾ ഇത്തരം ശകുനം മുടക്കലുകൾ ഓർക്കാതെ വയ്യല്ലൊ?
കേരളത്തിലെ കോൺഗ്രസ് അഗ്നിപർവതം പോലെയാണ്. ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ പാകത്തിൽ. കെപിസിസി പ്രസിഡന്റിനെ കാണാൻ ചെന്ന നേതാക്കൾക്ക് മുന്നിൽ കുമ്പക്കുടിജി കൈമലർത്തി നിസ്സഹായത പ്രകടിപ്പിച്ചുവെന്നാണ് വാർത്ത. അതായത് കണ്ണൂർ കീഴടക്കിയ ശിങ്കം കേരളം കീഴടക്കുമെന്നും കോൺഗ്രസിന് പുതുയുഗം എന്നും പറഞ്ഞവർ തിരിച്ചുപറയാൻ തുടങ്ങി. പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്ന്. എം എം ഹസ്സന് കോപ്പിയടിക്കാൻ മാത്രമല്ല, പരിഹസിക്കാനും കഴിയുമെന്ന് തെളിയിച്ചതായിരുന്നു പോയ വാരം. കെ സുധാകരനെ കാണാൻ പോയി തിരിച്ചുവരികയായിരുന്ന ഹസ്സന് മുന്നിൽ മാധ്യമങ്ങൾ മൈക്ക് പിടിച്ചു. ഹസ്സൻ നിർദ്ദോഷമായി പറഞ്ഞു–- മഴ പെയ്യാത്തതിനെ കുറിച്ചാണ് ചർച്ച ചെയ്തത്. ഇനി അതിനെ കുറിച്ച് ആരും പറയുന്നില്ല എന്ന പരാതി വേണ്ടല്ലോ എന്ന്. കാലവർഷം വൈകിയിട്ടും സർക്കാറിനെതിരെ ആരും എന്താ ഒന്നും പറയാത്തത് എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണത്തിനുള്ള പരിഹാസമായിരുന്നു ഇത്. പക്ഷെ, സതീശനെതിരാകുമ്പോൾ അത് വാർത്തയാകില്ല. അതപ്പടി വിഴുങ്ങും. പുനർജനി തട്ടിപ്പ് തന്നെ ഉദാഹരണം.