എം രഘുനാഥ്
മഹാരാജാസ് കോളേജിന്റെ വ്യാജ ലെറ്റര്‍പാഡ് സൃഷ്ടിച്ച് ഗസ്റ്റ് ലക്ചറര്‍ ആയ വിദ്യ എന്ന ഉദ്യോഗാര്‍ഥി എസ്എഫ്‌ഐ നേതാവാണെന്നും മുന്‍ എസ് എഫ് ഐ നേതാവാണെന്നും മറ്റും ആക്ഷേപിച്ച് മാധ്യമങ്ങള്‍ എസ്എഫ്‌ഐയെ തകര്‍ത്തു കളയുമെന്ന രീതിയില്‍ മസിലും പെരുപ്പിച്ച് അരങ്ങ് തകര്‍ക്കുകയാണ്. മലയാള സിനിമയില്‍ കോമിക് കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ്റ്റര്‍ കേരളയായ നടന്‍ അബു സലീമിനെയാണ് ഓര്‍മ്മ വരുന്നത്.
ഏതാണ്ട് ആ സ്വര്‍ണ്ണക്കടത്ത് കാലത്ത് അന്തിച്ചര്‍ച്ച ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് തീരാത്തോണ്ട് ഒരു മണിക്കൂര്‍ എന്നത് ഒന്നരയും രണ്ടും മണിക്കൂറാക്കിയ ആ കാലം ഓര്‍മ്മയില്ലേ? ഏതാണ്ട് അമ്മാതിരി ആവേശമാണിപ്പോള്‍. സ്വര്‍ണ്ണക്കള്ളക്കടത്ത് കാലത്ത് എല്‍ഡിഎഫ് ഭരണം അവസാനിച്ചതായി സ്വപ്നം കണ്ടവരാണിക്കൂട്ടര്‍. കൂട്ടിന് ശബരിമല വിവാദവുമുണ്ടായിരുന്നു. പക്ഷെ, എല്ലാം ചീട്ട്കൊട്ടാരം പോലെ തകര്‍ന്നു. അതോടെ സമനില തെറ്റിയ മാധ്യമങ്ങള്‍ എന്തുകിട്ടിയാലും സംസ്ഥാന സര്‍ക്കാറിനെ ഇപ്പം താഴെയിറക്കും എന്ന മാനസികാവസ്ഥയിലാണ് ഓരോ സൃഷ്ടിയും നടത്തിക്കൊണ്ടിരിക്കുന്നത്.
പക്ഷെ, ഓരോന്നും ഒടുവില്‍ ഇതേ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും തിരിച്ചടിയാകുന്ന കാഴ്ചയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പേരിലുണ്ടാക്കിയ വിവാദം ബൂമറാങ് ആയിരിക്കുകയാണ്. ആപ്പ് സ്വന്തം ആസനത്തില്‍ തറച്ചപോലെ. അപ്പോഴാണ് ഒരു ഉദ്യോഗാര്‍ഥി വ്യാജ ലെറ്റര്‍പാഡ് ഉണ്ടാക്കി ഗസ്റ്റ് അധ്യാപികയായ വിഷയമെടുത്ത് എസ്എഫ്‌ഐക്കെതിരെ വാളെടുത്ത് വെളിച്ചപ്പാടന്മാരാകുന്നത്. മുന്‍ എസ്എഫ്ഐക്കാരിയല്ലേ നേതാവല്ലേ എന്നാണ് ഇക്കൂട്ടര്‍ ആവര്‍ത്തിച്ച് ചോദിക്കുന്നത്. ഇക്കൂട്ടര്‍ക്ക് എസ്എഫ്ഐ മാത്രമേ മൂല്യങ്ങള്‍ ഉയര്‍ത്തി
പ്പിടിക്കേണ്ടതുള്ളൂ. മറ്റുള്ളവര്‍ എന്ത് ചെയ്താലും വിമര്‍ശിക്കില്ലെന്ന് മാത്രമല്ല, പരമാവധി വെള്ള പൂശുകയും ചെയ്യും.
സെസ്സി സേവ്യറിനെ നിങ്ങള്‍ക്ക് ഓര്‍മ്മ കാണില്ല. കുറച്ച് കാലം മുമ്പ് വരെ അവര്‍ കോണ്‍ഗ്രസ്സ് അഭിഭാഷക സംഘടനയുടെ നേതാവ് ആയിരുന്നു. ആലപ്പുഴയില്‍ അവരുടെ യൂണിറ്റ് പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞു. പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഒടുവില്‍ പോലീസ് വലവീശിയപ്പോള്‍ കോടതിയില്‍ കീഴടങ്ങി. ഇപ്പോള്‍ അകത്താണ്. ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്തുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പ്രാക്റ്റീസ് തുടങ്ങിയത്. എല്‍എല്‍ബി ബിരുദം പോയിട്ട് വെറും ബിരുദം പോലുമുണ്ടായിരുന്നില്ല. മുന്‍ കെഎസ്യു, മുന്‍ യൂത്ത്, മുന്‍ കോണ്‍ഗ്രസ് ഒന്നുമല്ല, കുറ്റം ചെയ്യുമ്പോഴും കുറ്റം കണ്ടെത്തുമ്പോഴും ഒറിജിനല്‍ കോണ്‍ഗ്രസ് ആയിരുന്നു. വല്ല ചര്‍ച്ചയും ഉണ്ടായോ? ആര്‍ക്കെങ്കിലും ധാര്‍മ്മിക രോഷമുണ്ടായോ?
മറ്റൊരാള്‍ നിലവില്‍ എംഎല്‍എ ആണ്. കോണ്‍ഗ്രസിന്റെ ലീഗല്‍ സെല്ലിന്റെ ദേശീയ ഉപദേഷ്ടാവ് പദവിയില്‍ വരെ വിരാജിക്കുന്നു. പരീക്ഷക്ക് കോപ്പിയടിച്ചതിന് എംജി യൂണിവേഴ്സിറ്റി മൂന്ന് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യപ്പെട്ട മഹത് വ്യക്തിത്വം. ഇപ്പോഴും എംഎല്‍എയാണ്. കോണ്‍ഗ്രസ് നേതാവാണ്. മാധ്യമങ്ങളുടെ അന്തിച്ചര്‍ച്ചാ പാനലിസ്റ്റാണ്.
കെപിസിസിക്ക് ഒരു വൈസ് പ്രസിഡന്റുണ്ട്. നേരത്തെ എംഎല്‍എ ആയിരുന്നു. കഴിഞ്ഞ തവണ തൃത്താലയിലെ ജനങ്ങള്‍ തെറ്റു തിരുത്തി. കെഎസ്യു നേതാവായിരുന്നു. നേതാവായിരിക്കെയാണ് മാര്‍ക്ക് തിരുത്തല്‍ വിവാദത്തില്‍ പെട്ടത്.എല്‍എല്‍ബി മാര്‍ക്ക് ലിസ്റ്റില്‍ ഒരു പേപ്പറിന് 45 മാര്‍ക്ക് എന്നത് തിരുത്തി 75 മാര്‍ക്ക് എന്നാക്കി. കയ്യോടെ പിടിക്കപ്പെട്ടു. ഒരു ദിവസം എങ്കിലും ഏതെങ്കിലും ദൃശ്യമാധ്യമം അന്തിച്ചര്‍ച്ച നടത്തിയോ? പോട്ടെ വര്‍ത്തമാന പത്രങ്ങളുടെ ലോക്കല്‍ പേജിലെങ്കിലും വല്ല വാര്‍ത്തയും വന്നോ? ഇങ്ങനെ മുന്‍ കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും മന്ത്രിയും എംഎല്‍എയുമായ പലരുടേയും ചരിത്രം നമുക്ക് മുന്നിലുണ്ട്. ഇവരെല്ലാം നേതാക്കളാണിപ്പോഴും. അതിനെല്ലാം അവര്‍ക്ക് പ്രിവിലജുണ്ട്.
പക്ഷെ, പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാള്‍ക്ക് സിപിഐ എമ്മുമായോ വര്‍ഗ-ബഹുജന സംഘടനകളുമായോ വല്ല ബന്ധവുമുണ്ടായാലോ? വേട്ടയാടലുകള്‍ അവസാനിക്കില്ല. ഇല്ലാക്കഥകള്‍ വെച്ചുള്ള വേട്ടയാടലിന്റെ ഇരകളാണ് ആലപ്പുഴയിലെ ഓമനക്കുട്ടന്‍ തൊട്ട് ഏറ്റവും ഒടുവില്‍ ആര്‍ഷോ വരെ.
അതേസമയം, എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുന്നവരോ മുമ്പ് പ്രവര്‍ത്തിച്ചവരോ കുറ്റം ചെയ്താല്‍ അവരെ സംരക്ഷിക്കുകയോ അവരെ പിന്തുണക്കുകയോ ചെയ്യാന്‍ ഒരിക്കലും എസ്എഫ്‌ഐ തയ്യാറായിട്ടില്ല എന്നും കാണണം. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയായിരുന്ന രണ്ട് പേര്‍ കൃത്രിമം കാട്ടി പിഎസ്സി റാങ്ക് ലിസ്‌ററില്‍ കടന്ന് കൂടിയതിനെ തുടര്‍ന്ന് എസ്എഫ്ഐയും സംസ്ഥാന സര്‍ക്കാറും എടുത്ത നടപടികള്‍ മാത്രം നോക്കിയാല്‍ മതി. ആ വിദ്യാര്‍ഥികളെ എസ്എഫ്ഐ പുറത്താക്കി. പോലീസ് അറസ്റ്റ് ചെയ്തു. ദീര്‍ഘകാലം ജയിലിലായി. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ പൂര്‍ത്തിയായില്ല. പക്ഷെ കണ്ടത്തില്‍ കടലാസ് ഇന്ന് നമ്മള് കൊയ്യും കേസുകളില്‍ നമ്മള്‍ തന്നെ എസ്എഫ്ഐ എന്ന കഥാരചനയില്‍ ഈ സംഭവത്തിലും നുണ തുടരുകയാണ്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു കോടതി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് സംസ്ഥാന സര്‍ക്കാറല്ല. എന്നിട്ടും കോടതി നടപടികള്‍ പൂര്‍ത്തിയായില്ല എന്ന ആക്ഷേപമാണ് കണ്ടത്തില്‍ പത്രം ഉയര്‍ത്തുന്നത്.
യൂണിവേഴ്സിറ്റി വിഷയത്തിലും കാട്ടാക്കട കോളേജിലെ കൗണ്‍സിലര്‍ പ്രശ്നത്തിലുമെന്ന പോലെ വിദ്യയെന്ന ഉദ്യോഗാര്‍ഥിയുടെ കാര്യത്തിലും കര്‍ശന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കുറ്റം നടത്തിയതായി കരുതുന്ന എല്ലാ സ്ഥലത്തും പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. പക്ഷെ, മുന്‍ എസ്എഫ്ഐ എന്ന് പറഞ്ഞ് ആക്രോശം തുടരുകയാണ്. ഇങ്ങനെ ആക്രോശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഒരു പാട് മുന്‍ എസ്എഫ്ഐക്കാരുമുണ്ട്.
അവര്‍ കാട്ടിക്കൂട്ടുന്ന ആഭാസ മാധ്യമപ്രവര്‍ത്തനത്തിനും എസ്എഫ്ഐ സമാധാനം പറയേണ്ടി വരുമോ? കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയ പോലെ എ പി അബ്ദുള്ളക്കുട്ടി തൊട്ട് മലനാടന്‍ സ്‌കറിയ വരെയും മുന്‍ എസ്എഫ്ഐക്കാരുടെ ഗണത്തിലാണ്. അവരുടെ ചെയ്തികള്‍ക്കും സമാധാനം പറയണോ എസ്എഫ്ഐ. ഈ വിദ്യയ്ക്കാണ് മാതൃഭൂമി കഥാ പുരസ്‌കാരം നല്‍കിയത്. അതു കൊണ്ട് മാത്യഭൂമി മാനേജ്‌മെന്റ് ഉത്തരം പറയണോ? മാതൃഭൂമി പുരസ്‌കാരം കിട്ടിയ കഥാകൃത്ത് എന്ന നിലയില്‍ ഡിവൈഎഫ്‌ഐയുടെ യൂത്ത് ലിറ്റററി ഫെസ്റ്റിവലില്‍ പങ്കെടുപ്പിച്ചിരുന്നു. അതിന്
ഡിവൈഎഫ്‌ഐ സമാധാനം പറയണോ? ഒരു കാര്യം മാത്രം പറയാം. നിങ്ങള്‍ എത്ര കല്ലെറിഞ്ഞാലും കേരളത്തിലെ വിദ്യാര്‍ഥി സമൂഹവും പൊതുസമൂഹവും എസ്എഫ്ഐയെ നെഞ്ചേറ്റുമെന്നുറപ്പാണ്. കെഎസ്യുവിനെയും ആളില്ലാ വിദ്യാര്‍ഥി ഫെഡറേഷനെയും പോലെ വംശനാശം സംഭവിക്കുകയുമില്ല.
ക്യാമറക്കെന്ത് വിഐപി എന്നാണ് കണ്ടത്തില്‍ പത്രം ഇന്ന് ചോദിക്കുന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി തൊട്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവരുടെ ട്രാഫിക് നിയമ ലംഘനം എഐ ക്യാമറ കണ്ടെത്തി എന്നാണ് ക്യാമറക്കെന്ത് വിഐപി എന്ന തലക്കെട്ടിലുള്ള വാര്‍ത്തയില്‍ പത്രം ചോദിക്കുന്നത്. എ-ഐ ക്യാമറ വിവാദം സൃഷ്ടിച്ച ഇതേ പത്രം കഴിഞ്ഞ ദിവസം വരെ വായനക്കാരെ പഠിപ്പിച്ചത് എന്താണ്? എ-ഐ ക്യാമറയില്‍ നിന്നും വിഐപികളെ ഒഴിവാക്കിയിട്ടുണ്ടെന്ന്. ഇപ്പോള്‍ അതേ പത്രം ചോദിക്കുന്നു ക്യാമറക്കെന്ത് വിഐപി എന്ന്. ഇങ്ങനെ മലക്കം മറിയുമ്പോള്‍ ലജ്ജ തോന്നാന്‍ ഇടയില്ല. കാരണം അങ്ങനെ ഒരു വികാരം കണ്ടത്തില്‍ കുടുംബത്തിന് മാത്രമല്ല, അവിടെ പണിയെടുക്കുന്നവര്‍ക്കും ഇല്ലല്ലോ?
സോളാര്‍ അന്വേഷണ കമീഷനെതിരെ മുന്‍ ഡിജിപിയും അന്ന് കേസ് അന്വേഷിച്ച സംഘത്തിന്റെ തലവനുമായിരുന്ന എ ഹേമചന്ദ്രന്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കമീഷന്‍ തേടിയത് മസാലക്കഥയെന്നാണ് ആരോപണം. അതിപ്പോള്‍ അങ്ങനെയല്ലേ വരൂ. സോളാര്‍ കേസിനടിസ്ഥാനമായ തട്ടിപ്പുകള്‍ എല്ലാം അരങ്ങേറുന്നത് ഉന്നതരുടെ മസാല ബോണ്ടുകളുടെ ബലത്തിലാണല്ലൊ? അപ്പോള്‍ തട്ടിപ്പിന്റെ അടിവേര് അന്വേഷിക്കുന്ന കമീഷന് മസാലക്കഥകള്‍ അന്വേഷിക്കാതിരിക്കാന്‍ പറ്റുമോ? അതല്ല, ഹേമചന്ദ്രന്‍ പറയും പോലെ മുഖ്യമന്ത്രിയുടെ പി എ ടെന്നി ജോപ്പനെ മാത്രം അറസ്റ്റ് ചെയ്ത് അതിനപ്പുറം പോകാതിരുന്ന അന്വേഷണ സംഘം പറയുന്നത് അപ്പടി വിശ്വസിക്കണമായിരുന്നോ? ജോപ്പനേയും ജിക്കുമോനേയും വരെ അറസ്റ്റ് ചെയ്ത സംഘം പിന്നീട് അന്വേഷണം അട്ടിമറിച്ചതെന്തിന് ?
അതിന് സമാധാനം പറയേണ്ടത് ഹേമചന്ദ്രനാണ്. അത് പക്ഷെ, പുസ്തകത്തില്‍ പറയുന്നുണ്ടോ? ഉണ്ടെങ്കില്‍ അതെന്തുകൊണ്ട് വാര്‍ത്തയാകുന്നില്ല. അതിനാണ് ഹേമചന്ദ്രന്‍ മറുപടി പറയേണ്ടത്. ജോപ്പനെ അറസ്റ്റ് ചെയ്തത് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിഞ്ഞില്ലെന്നും ഹേമചന്ദ്രന്‍ പറയുന്നുണ്ട്. അത് വിശ്വസിക്കാന്‍ മാത്രം വിഡ്ഡികളാണോ മലയാളികള്‍….