മധു നീലകണ്ഠൻ
നോട്ട് , കറൻസി എന്നൊക്കെ കേൾക്കുമ്പോൾ ഇന്ത്യാക്കാർക്ക് പേടിയാണ്. 2016 നവംബർ എട്ടിലെ ആ ഓർമയാണ് ജനങ്ങളെ ഞ്ഞെട്ടിക്കുന്നത്. അന്ന് രാത്രിയായിരുന്നല്ലോ രാജ്യത്തിൻ്റെ ഭരണാധികാരി സ്വന്തം ജനതയെ, നാടിൻ്റെ സമ്പദ് വ്യവസ്ഥയെ എണ്ണമറ്റ പ്രതിസന്ധികളുടെ ആഴത്തിലേക്ക് എടുത്തെറിഞ്ഞത്. ഇന്ത്യൻ കറൻസി സംവിധാനത്തിലെ നെടും തൂണുകളായിരുന്ന ആയിരത്തിൻ്റെയും അഞ്ഞൂറിൻ്റെയും നോട്ട് നിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് നടത്തിയ പ്രഖ്യാപനം മനുഷ്യനിർമിത മഹാദുരന്തങ്ങളുടെ തുടക്കമായിരുന്നു. പോക്കറ്റിൽ കിടന്ന നോട്ട് ഒരു നിമിഷംകൊണ്ട് അസാധുവാക്കിയ വിചിത്രമായ നടപടി. അന്നന്ന് പണിയെടുത്ത് സൂക്ഷിച്ച പൈസകൊണ്ട് അരിവാങ്ങാൻ പോലും കഴിയാതെ സാധാരണ മനുഷ്യർ നെട്ടോട്ടമോടിയ നാളുകൾ. നോട്ട് മാറ്റിയെടുക്കാൻ ബാങ്കുകൾക്ക് മുന്നിൽ വരിനിന്ന് മരിച്ചു വീണവരെത്ര. ആ നോട്ട് നിരോധത്തിൻ്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ജനങ്ങളും സമ്പദ് വ്യവസ്ഥയും ഇനിയും കരകയറിയിട്ടില്ല. അതെ, ലോകം അത്യപൂർവ്വമായി പോലും കണ്ടിട്ടില്ലാത്ത, സമാനതകളില്ലാത്ത മഹാദുരന്തത്തിലേക്കാണ് മോദി രാജ്യത്തെ സാധാരണ ജനങ്ങളെ എടുത്തെറിഞ്ഞത്.
അതുകൊണ്ടുതന്നെ, ഇക്കഴിഞ്ഞ മെയ് 19 ന് റിസർവ് ബാങ്ക് രണ്ടായിരത്തിൻ്റെ നോട്ട് പ്രചാരത്തിൽ (സർക്കുലേഷൻ ) നിന്ന് പിൻവലിച്ചപ്പോഴും ജനങ്ങൾ ഞെട്ടുക സ്വാഭാവികം മാത്രം. ഇപ്പോൾ, നോട്ട് പിൻവലിച്ച് ഒരാഴ്ചയായിട്ടും, കർണാടക തെരഞ്ഞെടുപ്പിന് പിന്നാലെ തിടുക്കത്തിൽ ഇങ്ങനെയൊരു നടപടി എന്തിനായിരുന്നുവെന്ന് വിശദീകരിക്കാൻ റിസർവ് ബാങ്കിന് സാധിച്ചിട്ടില്ല. സെപ്തംബർ 30 വരെ നോട്ട് മാറ്റിയെടുക്കാമെന്നും ബാങ്കിൽ നിക്ഷേപിക്കാമെന്നും ആർബിഐ പറയുന്നുണ്ടെങ്കിലും എവിടെയും ആശയക്കുഴപ്പവും അവ്യക്തതയും തുടരുന്നു. ഓരോ ബാങ്കും അവരുടെ തോന്ന്യാസം പോലെ നടപടികൾ സ്വീകരിക്കുന്നു. ബാങ്കുകൾക്കാകെ ബാധകമാകുന്ന ഏകീകൃതമായ ഒരു രീതിയില്ല. നോട്ട് മാറ്റിയെടുക്കാനും നിക്ഷേപിക്കാനും സെപ്തംബർ 30 വരെ സമയപരിധി നിശ്ചയിച്ച റിസർവ് ബാങ്ക് അതു കഴിഞ്ഞാലും നോട്ടിന് നിയമ സാധുതയുണ്ടെന്ന് പറയുമ്പോൾ സമയ പരിധിയുടെ യുക്തി എന്തെന്ന് ഇനിയും വ്യക്തമല്ല. നിയമ സാധുതയുണ്ടെങ്കിൽ പിന്നെയും ഇടപാടുകൾ നടത്തുന്നതിന് തടസ്സമെന്താണ് ? ചുരുക്കി പറഞ്ഞാൽ സെപ്തംബർ 30 ന് ശേഷം രണ്ടായിരം നോട്ടിൻ്റെ ഭാവി അനിശ്ചിതത്വത്തിൽ. ഒരു സമയം പത്തു നോട്ടേ (20000 രൂപ) മാറ്റിയെടുക്കാനാവൂ എന്നത് മറ്റൊരു പ്രശ്നം.
എന്തിനാണ് ഇപ്പോൾ നോട്ട് പിൻ വലിച്ചത് ? ജനങ്ങൾക്ക് അറിയേണ്ട പ്രധാന ചോദ്യം അതാണ് . പുതിയ നോട്ടിറക്കി ഏഴു വർഷമാകുമ്പോഴേക്കും അത് പിൻവലിക്കുന്നത് നമ്മുടെ കറൻസി സംവിധാനത്തിൻ്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന കാര്യമാണ്. എന്നിട്ടും മതിയായ കാരണം പറയാൻ റിസർവ് ബാങ്കിന് കഴിയുന്നില്ല. ക്ലീൻനോട്ട് പോളിസിയുടെ ഭാഗമാണെന്ന് ആർബിഐ പറയുന്നുണ്ട്. എങ്കിൽ, വെടിപ്പുള്ള പുതിയ നോട്ട് അടിച്ചിറക്കിയാൽ പോരേ. അപ്പോൾ, പഴയനോട്ട് പ്രചാരത്തിൽ നിന്ന് തനിയേ കുറഞ്ഞ് ബാങ്കിലെത്തിക്കൊള്ളും. സ്വാഭാവികമായ ഈ പ്രക്രിയ കാലങ്ങളായി നടന്നുവരുന്നതുമാണ്. അപ്പോൾ ക്ലീൻ നോട്ട് കഥ ഒരു മുട്ടായുക്തി മാത്രം. രണ്ടായിരത്തിൻ്റെ നോട്ടുകളേറെയും കള്ളപ്പണമാണെന്ന പരോക്ഷമായ സൂചനയും ആർബിഐ നൽകുന്നുണ്ട്.
2016 ലെ നോട്ടു നിരോധന കാലയളവിൽ കേന്ദ്ര സർക്കാർ പറഞ്ഞ ചില വാദങ്ങളൊക്കെ ഇപ്പോൾ നോട്ട് പിൻവലിച്ചപ്പോഴും കേന്ദ്രഭരണക്കാർ പെരുമ്പറ കൊട്ടുന്നുണ്ട്. കള്ളപ്പണം തടയൽ, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്കുള്ള പ്രയാണം, ഭീകര പ്രവർത്തനം തടയൽ എന്നൊക്കെയാണത്. ഇതിലൊരു ലക്ഷ്യവും സാധിച്ചില്ല. മാത്രമല്ല, കള്ളപ്പണം വർധിച്ചു. കറൻസി കൈമാറ്റം കുറഞ്ഞിട്ടൊന്നുമില്ല, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ. അവിടെ കൂടിയിട്ടേയുള്ളു. നിഷ്കളങ്കരായ മനുഷ്യർ കൊല്ലപ്പെടുന്ന ഭീകരാക്രമണങ്ങളും തുടർക്കഥ. അപ്പോൾ, നോട്ട് നിരോധനത്തിന് അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം പരാജയപ്പെട്ടു. അക്കാര്യങ്ങൾ വീണ്ടും പറയുന്നത് തട്ടിപ്പ് മാത്രം. സമ്പദ് വ്യവസ്ഥയുടെ അനൗപചാരിക മേഖലകളിൽ, പ്രത്യേകിച്ച് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലകളിൽ ദൈനംദിന പ്രവർത്തന മൂലധനമായും വേതനമായും കറൻസി തന്നെയാണ് ഉപയോഗിക്കുന്നത്. നോട്ട് മാറ്റിയെടുക്കലൊക്കെ അവിടെ വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും.
ഇപ്പോഴത്തെ നീക്കത്തിൽ, റിസർവ് ബാങ്കിൻ്റെ പണനയ നടപടി എന്നതിനപ്പുറം മറ്റു ചില കാര്യങ്ങളുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ മനസ്സിലാക്കുന്നത്. കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെയാണ് നോട്ട് പിൻവലിച്ചതെന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ. ഇനി മറ്റു ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ രണ്ടുമാസം മുമ്പേ നോട്ട് മാറ്റിയെടുക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള കാലാവധി കഴിയുകയും ചെയ്യും. കർണാടക തെരഞ്ഞെടുപ്പിൽ ബി ജെ പി ഒരു പാട് കള്ളപ്പണം ഒഴുക്കിയിരുന്നു. അടുത്ത തെരത്തെടുപ്പുകൾക്ക് മുമ്പ് അതെല്ലാം വെള്ളപ്പണമാക്കി മാറ്റണം. അതൊരു ലക്ഷ്യം.
മറ്റൊന്ന് ബാങ്കുകളിൽ പണത്തിൻ്റെ അളവ് കുറവുണ്ടെന്ന് സൂചനകളുണ്ടായിരുന്നു. ഈ നോട്ടുകളെത്തിച്ച് ആ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം. അത് മറ്റൊരു ലക്ഷ്യം. നോട്ട് മാറ്റിയെടുക്കുന്നതിനേക്കാൾ അധികം നിക്ഷേപിക്കുകയാണെങ്കിൽ, പ്രചാരത്തിലെ പണം കുറയുമെങ്കിലും ബാങ്കിങ്ങ് വ്യവസ്ഥയിൽ പണം കൂടും. പിൻവലിച്ചതിൻ്റെ 20 ശതമാനമെങ്കിലും നിക്ഷേപിക്കപ്പെട്ടാൽ ബാങ്കുകളിൽ 70,000 കോടി എത്തുമെന്നാണ് ഒരു കണക്ക്.
പ്രചാരത്തിലുള്ള മൊത്തം പണത്തിൻ്റെ 11 ശതമാനം മാത്രമാണ് രണ്ടായിരത്തിൻ്റെ നോട്ടെന്നും മറ്റു നോട്ടുകൾ മതിയാവോളമുള്ളതിനാൽ പ്രയാസമുണ്ടാകില്ലെന്നും ആർ ബി ഐ പറയുന്നുണ്ട്. 2018 ൽ ത്തന്നെ 2000 നോട്ട് അടിക്കുന്നത് കുറച്ചതു കൊണ്ടാണ് നോട്ട് കുറഞ്ഞത്. 2016 – 17 ൽ 6.57 ലക്ഷം കോടിയുണ്ടായിരുന്ന രണ്ടായിരത്തിൻ്റെ നോട്ട് മൊത്തം പ്രചാരത്തിലുള്ള പണത്തിൻ്റെ 50.2 ശതമാനമായിരുന്നു. ഇപ്പോൾ അത് 3.62 ലക്ഷം കോടിയായി കുറഞ്ഞ് മൊത്തം കറൻസിയുടെ 10.8 ശതമാനമായി. ആർബിഐ പറയുന്ന ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമാണെങ്കിൽ പുതിയ നോട്ടടിച്ച് പഴയത് മാറ്റിയാൽ മതിയാവില്ലേ. അതിന് പകരം നോട്ട് പ്രചാരത്തിൽ നിന്ന് പിൻവലിക്കുകയാണ് ചെയ്തിരിക്കുന്നത്. അതേ സമയം , നോട്ടിൻ്റെ നിയമ സാധുത തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഇവിടെയാണ് പിൻ വലിയ്ക്കലിലെ ദുരൂഹതയും അവ്യക്തതയും ബാക്കിയാകുന്നത്.