എം രഘുനാഥ്
ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിലും ജുഡീഷ്യറിക്കും അധികാര പരിധി നിശ്ചയിച്ചിട്ടുണ്ട്. ഭരണഘടനയും നിയമസംഹിതകളും തലനാരിഴ കീറി പരിശോധിച്ച് പൗരന് നീതി ഉറപ്പാക്കുക എന്നതാണ് അതിൽ പ്രധാനം. അതോടൊപ്പമോ അതേക്കാൾ പ്രാധാന്യമുള്ളതോ ആണ് രാജ്യത്തിൻ്റെ നീതിന്യായ സംവിധാനത്തെ പോറലേൽപിക്കാതെ കാത്ത് സൂക്ഷിക്കുക എന്നത്. അതിന് വിരുദ്ധമായി ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നും തെറ്റായ എന്ത് പ്രവണത കണ്ടാലും അത് ചൂണ്ടിക്കാട്ടാനും വിമർശിക്കാനും ഓരോ പൗരനും അവകാശമുണ്ട്. അങ്ങനെ ചെയ്യുമ്പോൾ അസഹഷിഷ്ണുത കാട്ടുകയല്ല ജുഡീഷ്യറി ചെയ്യേണ്ടത്. മറിച്ച് കണ്ണാടിയിൽ നോക്കുക തന്നെ വേണം. തോക്കെടുക്കാനും സർക്കാർ സംവിധാനങ്ങൾ അടച്ചുപൂട്ടാനും ആഹ്വാനം ചെയ്യാൻ ഒരു ജുഡീഷ്യറിക്കും അവകാശമില്ല, അധികാരമില്ല. നിരവധി കർഷകരെ കൊന്നൊടുക്കിയ അക്രമകാരിയായ കാട്ടാനയെ പിടികൂടാൻ പോലും പാടില്ലെന്ന് വിധിച്ച ഉന്നത നീതിപീഠത്തിൽ നിന്നു തന്നെയാണ് തോക്കെടുക്കാൻ ആഹ്വാനം വന്നത്. സർക്കാർ ആശുപത്രികൾ അsച്ചുപൂട്ടണമെന്ന് പ്രഖ്യാപിച്ചത്.
ഇത് വിധി പ്രസ്താവമല്ല, മുൻധാരണ വെച്ചുള്ള രാഷ്ട്രീയ പ്രസ്താവന മാത്രമാണ്. താനൂരിലെ ബോട്ടപകടത്തിൽ കണ്ട പോലെ കൊട്ടാരക്കരയിൽ യുവ വനിതാ ഡോക്ടറുടെ ദാരുണാന്ത്യത്തേയും ജുഡീഷ്യൽ ആക്റ്റിവിസത്തിലൂടെ വികലമായി ചിത്രീകരിക്കാനാണ് ജുഡീഷ്യറി ശ്രമിച്ചതെന്ന് പറയാതെ വയ്യ. കൊട്ടാരക്കര ആശുപത്രിയിൽ നടന്ന സംഭവം യഥാർഥത്തിൽ ആരോഗ്യ സംവിധാനങ്ങൾക്കും ഡോക്ടർമാർക്കുമെതിരായ കയ്യേറ്റമായി വ്യാഖ്യാനിക്കുന്നത് തന്നെ ദുരുദ്ദേശപരമാണ്. ചികിത്സാ സംവിധാനത്തിലെ പോരായ്മയോ മറ്റെന്തെങ്കിലുമോ ചൂണ്ടിക്കാട്ടി രോഗിയോ ബന്ധുക്കളോ നാട്ടുകാരോ നടത്തിയ അക്രമമല്ല. കാലിൽ മുറിവേറ്റ് ചികിത്സിക്കാൻ കൊണ്ടുവന്നയാൾ അപ്രതീക്ഷിതമായി അക്രമാസക്തനായതാണ്. അതും ഒരു അധ്യാപകൻ. അയാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. മനോരോഗത്തിൻ്റെ ലക്ഷണങ്ങളും കാണിച്ചിരുന്നു. പക്ഷെ, ആശുപത്രിയിൽ എത്തിച്ചപ്പോൾ തികച്ചും ശാന്തനായിരുന്നു. ഒരു വിധത്തിലുള്ള അക്രമ സ്വഭാവവും കാണിച്ചില്ല. മുറിവ് വെച്ച് കെട്ടാൻ ഉൾപ്പെടെ സഹകരിച്ചു. പക്ഷെ, ഓർക്കാപ്പുറത്ത് ഒരു വേട്ടമൃഗത്തെ പോലെ അഴിഞ്ഞാടുകയായിരുന്നു. ആദ്യം കുത്തിയത് ബന്ധുവിനെ, പിന്നെ പൊതുപ്രവർത്തകനെ, പോലീസുകാരെ… അങ്ങനെ കണ്ണിൽ കണ്ടവരെയെല്ലാം അരിഞ്ഞു വീഴ്ത്തുന്നതിനിടയിലാണ് യുവ വനിതാ ഡോക്ടർ ഈ വേട്ടമൃഗത്തിൻ്റെ ഇരയാകുന്നത്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. പൊടുന്നനെ ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത വിധമുള്ള ക്രൂരത.
ഇത് ഒരു കൊടും ക്രിമിനലിൻ്റെ ക്രൂരവും പൈശാചികവുമായ നരഹത്യയായി കാണാതെ അതിലും നഞ്ച് കലക്കി മീൻ പിടിക്കാനാണ് ഒരു കൂട്ടം മാധ്യമങ്ങൾ ശ്രമിച്ചത്. ഈ മാധ്യമങ്ങളുടെ ഓരം പിടിച്ച് പ്രതിപക്ഷം അതിനെ രാഷ്ട്രീയ ആയുധമാക്കുന്നത് മനസ്സിലാക്കാം. അതല്ലാതെ മാധ്യമങ്ങളുടെ വികല സൃഷ്ടികളെ അനുകരിച്ച് വികലമായ പ്രസ്താവനകൾ നടത്തുന്നത് ജുഡീഷ്യറിയുടെ അന്തസ്സിന് കളങ്കം ചാർത്തുന്നതാണ്. ഒരേ ബഞ്ചിൽ നിന്നും തുടർച്ചയായി ഇത്തരം ഇടപെടലുകൾ വരുമ്പോൾ പൗരന് സംശയം തോന്നുന്നത് സ്വാഭാവികം. ആ സംശയങ്ങളെയും മുൻധാരണയോടെ വിലയിരുത്തുന്നതും ജുഡീഷ്യറിക്ക് കളങ്കമാണ്. സംശയം ഉയരുന്നത് ഏത് കോണിൽ നിന്നാണെന്ന് അറിയാമെന്നും അതിൽ തളരില്ലെന്നും കൂടി പറയുന്നതോടെ ജുഡീഷ്യറിയുടെ അന്ത:സത്തയാണ് ചോർന്ന് പോകുന്നത്. വ്യക്തിപരമായും രാഷ്ട്രീയമായും ഒരു വിഷയത്തെയും സമീപിക്കാതെ, മാധ്യമ പ്രചാരണങ്ങൾക്കും സെൻസേഷനിസത്തിനും വഴങ്ങാതെ പ്രവർത്തിക്കാൻ തയ്യാറായില്ലെങ്കിൽ ദേവൻമാരുടെ ദേവനായ ദേവേന്ദ്രൻമാരെ മാത്രമല്ല, മുത്തൂപ്പട്ടർമാരെയും പ്രജകൾ വിമർശിക്കും.
ഇനി കോടതി പറഞ്ഞതു പോലെ ആ അക്രമിയെ പോലീസ് വെടിവെച്ചുവെന്ന് കരുതുക. അതല്ലെങ്കിൽ അവിടെ കൂടിയവർ പ്രതിരോധിച്ചപ്പോൾ എന്തെങ്കിലും സംഭവിച്ചുവെന്ന് കരുതുക. എന്തായിരിക്കും പ്രതികരണം. പാതിരാത്രിയിൽ പരിക്കേറ്റ് നിലവിളിച്ച് പോലീസ് സഹായം തേടിയ യുവാവിനെ അല്ലെങ്കിൽ അധ്യാപകനെ പൊലീസ് കുരുതി കൊടുത്തു. പോലീസ് നരാധമത്വം എന്നൊക്കെയായിരിക്കില്ലേ? അതിൻ്റെ പേരിൽ ഈ മാധ്യമങ്ങളും പ്രതിപക്ഷവും കേരളം കത്തിക്കുമായിരുന്നില്ലേ? അപ്പോഴും ജുഡീഷ്യറിയുടെ നിലപാടും മാധ്യമങ്ങളും പ്രതിപക്ഷവും പറയുന്നതായിരിക്കില്ലേ ? ഏതാനും ആഴ്ച മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കടുത്ത് ഒരു യുവാവ് തൂങ്ങിമരിച്ച സംഭവം മാത്രം എടുത്താൽ മതി കാര്യം മനസിലാക്കാൻ. ഇത്തരമൊരു സാഹചര്യത്തിൽ പോലും പോലീസ് തോക്കെടുത്താലും നിയമം കയ്യിലെടുക്കാൻ പോലീസിന് എന്തധികാരം എന്ന് മാത്രമെ ഈ ജുഡീഷ്യറിയും ചോദിക്കൂ.
ഇപ്പോൾ ഭരണകൂടം കൊന്നതാണെന്ന ക്യാമ്പയിനുമായി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. അവർ പ്രൊഫൈൽ പിക്ചർ മാറ്റിയെന്ന് പറയുന്നൂ മാതൃഭൂമി. ആരാണിവർ. പണ്ട് പോലീസ് സ്റ്റേഷനിൽ തീർത്തും നിരപരാധിയായ ഉദയകുമാർ എന്ന യുവാവിനെ കൈക്കൂലി നൽകാത്തതിന് ഉരുട്ടിക്കൊന്ന പോലീസിനെ നിയന്ത്രിച്ചവരും സംരക്ഷിച്ചവരും. ഗൺമാൻ്റെ തോക്ക് വാങ്ങി വഴിയാത്രക്കാരനായ നാൽപാടി വാസുവെന്ന ചെറുപ്പക്കാരനെ വെടിവെച്ച് കൊന്ന കേസിലെ പ്രതി കെപിസിസി അധ്യക്ഷനായവരുടെ പാർടിക്കാർ. ഇവരാണ് ഭരണകൂടം കൊന്നതാണ് എന്ന പ്രചാരണം നടത്തുന്നത്. ഇത് വെറും ചാരിത്യപ്രസംഗമാണ്.