ജനാധിപത്യത്തിൻ്റെ നാലാം തൂണുകളാണ് മാധ്യമങ്ങൾ. സത്യമറിയാനുള്ള ഒരു മനുഷ്യൻ്റെ അവകാശത്തെ യാഥാർത്യമാക്കേണ്ടവരാണ് മാധ്യമങ്ങൾ. എന്നാൽ വർത്തമാനകാലത്തിൽ സത്യമറിയുക എന്നത് ഏറ്റവും ദുഷ്‌കരമായി മാറിയിരിക്കുന്നു. പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന് പറയുന്ന പോലെയാണ് മാധ്യമങ്ങളുടെ കാര്യവും. പണത്തിന് മേലെ അവരും പറക്കുന്നില്ല. കാലം മാറുന്നതിനൊപ്പം മാറുന്നവരാണ് മാധ്യമങ്ങളും. സാങ്കേതിക വിദ്യകളിലും ശൈലികളിലും എല്ലാം ആ മാറ്റങ്ങൾ പ്രകടമാണ്.
എന്നാൽ വ്യാജ വാർത്ത ഉല്പാദനത്തിൽ മാത്രം അത്തരം മാറ്റങ്ങൾ ഇന്നും പഴയപടിയായി നിൽക്കുന്നു. പക്ഷേ ഈ വ്യാജ വാർത്തകളെ നിമിഷങ്ങൾക്കുള്ളിൽ തന്നെ തുറന്ന് കാണിക്കാൻ സോഷ്യൽമീഡിയയും സജ്ജമാണ്. ഇത്തരത്തിൽ, കഴിഞ്ഞ ഒരാഴ്ച്ചയ്ക്ക് ഇടയിൽ മൂന്നു വ്യാജ വാർത്തകൾ ആണ് സോഷ്യൽമീഡിയ പൊളിച്ചു നൽകിയത്.
മുൻനിര മാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്നവരാണ് മാതൃഭൂമി. പത്ര ദൃശ്യ ഓൺലൈൻ മാധ്യമ പ്രവർത്തനത്തിൽ വർഷങ്ങളായി പ്രവർത്തി പരിചയമുള്ള ഈ മാധ്യമ സ്ഥാപനം നൽകിയ ഒരു വാർത്ത ഒന്ന് പരിശോധിക്കാം. കുട്ടികൾക്ക് പരീക്ഷയുടെ കാലം. സ്വാഭാവികമായും പരീക്ഷ കഴിയുന്ന ദിവസം വിദ്യാർത്ഥികൾ ആഹ്ലാദപ്രകടനം നടത്തും. പതിവ് പോലെ തന്നെ ആഘോഷങ്ങളിലായിരുന്നു വിദ്യാർത്ഥികൾ. വെച്ചുവിളമ്പിയ ചേച്ചിക്ക് മുത്തം നൽകിയും, സെക്യൂരിറ്റി ചേട്ടനൊപ്പം സെൽഫി എടുക്കുന്നതും നാം കണ്ടു. ഒരു വശത്ത് ഈ സന്തോഷം നടക്കുമ്പോൾ വ്യാജ വാർത്ത നിർമിതിയുടെ പണിപുരയിലായിരുന്നു മലപ്പുറത്തെ മാതൃഭൂമി ടീം.
പരീക്ഷ കഴിഞ്ഞ ദിവസം നടന്ന ആഘോഷത്തിനിടയിൽ ചായം പൂശാനെത്തിയ സുഹൃത്തുക്കളോട് യൂണിഫോമിൽ ചായം പൂശരുതേ അനിയത്തിക്ക് ഇടാനുള്ളതാണെന്ന് അപേക്ഷിക്കുന്ന വിദ്യാർത്ഥിനിയുടെ വാർത്തയാണ് നൽകിയത്. എന്നാൽ, അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന് തെളിഞ്ഞിട്ടും വാർത്ത പിൻവലിക്കാനോ മാപ്പ് പറയാനോ തയ്യാറായില്ല. അതേസമയം, മാതൃഭൂമിക്കൊപ്പം വാർത്ത നൽകിയ മറ്റൊരു മാധ്യമമാണ് കൈരളിയും. വാർതത തെറ്റാണെന്ന് അറിഞ്ഞ നിമിഷം മാപ്പ് പറഞ്ഞ് കൈരളി മാതൃക കാണിച്ചു.
കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലെ ഏതാനും വരികൾ അടർത്തിയെടുത്ത് വ്യാജ വാർത്ത നൽകിയ റിപ്പോർട്ടർ ടിവിയാണ് ഇക്കൂട്ടത്തിലെ പുതിയ സ്ട്രൈക്കർ. എന്നാൽ ഇത്തരം വ്യാജ വാർത്ത നിർമിതിയുടെ പേരിൽ മാധ്യമ വിചാരണ നടക്കുന്നത് ഏഷ്യനെറ്റ് കെട്ടിച്ചമച്ച ഇല്ലാതെ സ്റ്റോറിയുടെ പേരിൽ അവരുടെ വനിതാ മേധാവിയടക്കം പോക്‌സോ കേസിനു പോലീസ് സ്റ്റേഷൻ കയറി ഇറങ്ങുന്ന സന്ദർഭത്തിൽ കൂടിയാണ്.
രണ്ട് വാർത്തകളിൽ കൂടി ഒന്ന് കണ്ണോടിച്ച് പോകാം, പാവപെട്ട കുട്ടിയെ കീറിയ നോട്ട് കൊടുത്തത് കാരണം പെരുവഴിയിൽ ഇറക്കിവിട്ട ‘ദുഷ്ടയായ’ കെഎസ്ആർടിസി വനിത കണ്ടക്ടറുടെ കഥ, നിമിഷം നേരംകൊണ്ട് അതും പൊളിഞ്ഞു. വാർത്ത കൊടുത്തത് മനോരമയാണ്. പിന്നീട് വന്നതാണ് കോഴിക്കോട് ബീച്ച് ആശുപത്രിയുടെ പുറകിലെ ചുമരിൽ കാണുന്ന ലഹരിയുടെ മറവിലുള്ള ചുവന്ന ചോരപ്പാടുകൾ എന്നതരത്തിലൊരു പ്രചരണം.
പുതിയ ഇ.എൻ.ടി ബ്ലോക്കിന്റെ പിൻവശം ലഹരി ഉപയോഗത്തിനായുള്ള സുരക്ഷിത കേന്ദ്രമാക്കിയിരിക്കുകയാണെന്നും, സി.സി.ടി.വി ഇല്ലാത്ത ഈ ഏരിയയിൽ വെച്ച് സിറിഞ്ചുകൾ ഉപയോഗിച്ച് ലഹരി കുത്തിവെക്കുന്നുവെന്നുമായിരുന്നു ആരോപണം. ആ ചുമരുകളിൽ കണ്ടത് ചോരപ്പാടുകൾ തന്നെയാണെന്നും എന്നാൽ, അത് പ്രചരിക്കുന്ന തലത്തിൽ അല്ലെന്നുമാണ് അന്വേഷത്തിൽ വ്യക്തമായത്. എന്തിനു വേണ്ടിയാണ് മാധ്യമങ്ങൾ ഇങ്ങനെ തുടരെ വ്യാജ വാർത്തകൾ പ്രചരിക്കുന്നത്? എന്തിനാണ് ജനങ്ങളെ തുടരെ തുടരെ വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത്? ആർക്ക് വേണ്ടിയാണ് ഇതെല്ലാം? ഈ ചോദ്യങ്ങൾക്ക് മാധ്യമ സ്ഥാപനങ്ങൾ ഉത്തരം പറഞ്ഞേ മതിയാകൂ.