ചിരിച്ചും ചിരിപ്പിച്ചും കേരളീയമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മലയാളികളുടെ സ്വന്തം ഇന്നച്ചൻ ഇനി മരണമില്ലാത്ത ഓർമ്മ. 51 വർഷത്തെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത് 1972 ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തിലൂടെയായിരുന്നു. ഹാസ്യവേഷങ്ങളിൽത്തുടങ്ങി പിൽക്കാലത്ത് സ്വഭാവനടനായും തിളങ്ങി. വിവിധ ഭാഷകളിലായി 700 ഓളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന് മഴവിൽക്കാവടി എന്ന ചിത്രം മികച്ച സഹനടനുള്ള സംസ്ഥാന പുരസ്ക്കാരം നേടികൊടുത്തു.
അഭിനേതാവ് എന്നതിലുപരി ജനങ്ങൾക്ക് ഒപ്പം നിന്ന മഹാപ്രതിഭ കൂടിയാണ് അദ്ദേഹം. ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായി പ്രവർത്തിച്ചു. 2014 ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്വതന്ത്രനായി ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ജെപിസി ചെയർമാനെന്ന നിലയിൽ ദേശീയതലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്ന അന്നത്തെ കോൺഗ്രസ് നേതാവ് പി സി ചാക്കോയെ പരാജയപ്പെടുത്തിയാണ് ഇന്നസെന്റ് പാർലമെന്റിലേയ്ക്ക് എത്തിയത്. താരസംഘടനയായ അമ്മ പ്രസിഡന്റായി 12 വർഷത്തോളം ഉള്ള പ്രവർത്തനാനുഭവം അദ്ദേഹത്തിൻ്റെ നേതൃശേഷിയെ ഉയർത്തിക്കാട്ടി.
ഡൽഹിയിലെ മലയാളികളായ ഉദ്യോഗസ്ഥരിൽ പലരും ഇന്നസെന്റിൻ്റെ ആരാധകരായിരുന്നു. ഈ അവസരം അദ്ദേഹം നന്നായി ഉപയോഗിച്ചു. ഹിന്ദിയുൾപ്പെടെ ഇതരഭാഷാ സിനിമകൾ മുഖേനയുള്ള ബന്ധങ്ങളും ഉപയോഗിച്ചു. ഹിന്ദിയിൽ അനായാസം സംസാരിക്കാനുള്ള കഴിവിനൊപ്പം സ്വതസിദ്ധമായ നർമം കലർത്തി മണ്ഡലത്തിൻ്റെ ആവശ്യങ്ങളിലേക്ക് ഇന്നസെന്റ് കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധ ക്ഷണിച്ചു.
അദ്ദേഹം രൂപപ്പെടുത്തിയ കുറേയേറെ പദ്ധതികൾ ‘ഇന്നസെന്റിൻ്റെ പ്രോജക്ട്’ ആയി മാറി. പാർലമെന്റിലെ രണ്ട് പ്രസംഗങ്ങൾ സഭയുടേയും രാഷ്ട്രീയ കേന്ദ്രങ്ങളുടേയും ശ്രദ്ധ പിടിച്ചുപറ്റി. രണ്ടും മലയാളത്തിലായിരുന്നു. ദാദ്രിയിൽ പശുവിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് മുഹമ്മദ് അഖ്ലാക്കിനെ കൊലപ്പെടുത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഒന്ന്.
‘വല്ലവരുടേയും അടുക്കളയിൽ വേവിക്കുന്നത് ഒളിഞ്ഞുനോക്കുന്നതെന്തിന്’ എന്ന പ്രസംഗ ഭാഗം വൈറലായി. സ്വന്തം ജീവിതാനുഭവങ്ങളും രോഗാനുഭവങ്ങളും മുൻ നിർത്തി, ആരോഗ്യ മേഖലയിൽ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ചായിരുന്നു മറ്റൊരു പ്രസംഗം. ചാലക്കുടിയുടെ വികസനത്തിൽ ഇന്നസെന്റ് വഹിച്ച പങ്ക് ചരിത്രമാണ്. 1750 കോടി രൂപയുടെ പദ്ധതികൾ ചാലക്കുടിയിൽ ആവിഷ്കരിച്ചു. എംപി ഫണ്ട് 102 ശതമാനവും ചെലവഴിച്ചു. അഞ്ച് താലൂക്ക് ആശുപത്രികളിലും മാമോഗ്രാം യൂണിറ്റ്, രണ്ട് ഡയാലിസിസ് സെന്ററുകൾ, ആശുപത്രി കെട്ടിടങ്ങൾ, 28 സ്കൂളുകൾക്ക് ബസ്, കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് 123 കോടി രൂപയുടെ 114 കി.മീ റോഡുകൾ, 23 ഗ്രാമീണ റോഡുകൾ, 11 കുടിവെള്ള പദ്ധതികൾ എന്നിവയെല്ലാം ഇന്നസെന്റ് യാഥാർഥ്യമാക്കി.
പ്രളയകാലത്ത് ആറു മാസത്തെ ശമ്പളവും അധികമായി ഒരു ലക്ഷം രൂപയും അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. എംപി സ്ഥാനം ഒഴിഞ്ഞശേഷം രണ്ടാം പ്രളയ ഘട്ടത്തിൽ ഒരുവർഷത്തെ പെൻഷനും സംഭാവന നൽകി.