ദിനംപ്രതി കുരുക്കുകൾ മുറുക്കി മുറുക്കി തകർത്താടിയവർ സ്വയം തീർത്ത ഊരാക്കുടുക്കിൽ നിന്ന് ഊരിപ്പോകാനാവാതെ അങ്ങേയറ്റം ദുർബലമായ ന്യായവാദങ്ങളും പ്രതിഷേധവും ഒക്കെയായി വിയർക്കുന്നതാണ് മാധ്യമ ലോകത്തെ രസകരമായ സമീപകാല കാഴ്ച. മയക്കുമരുന്നടക്കമുള്ള ലഹരി പദാർഥങ്ങൾക്കെതിരെ സർക്കാർ നേതൃത്വത്തിൽ നടക്കുന്ന ജനകീയ മുന്നേറ്റത്തിനിടയിലും സർക്കാരിനിട്ടൊരു കൊട്ട് കൊടുക്കാനിറങ്ങി തല കുടുങ്ങിയിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ.
ഒരു സാധാരണ വാർത്തയെ ബിഗ് ബ്രേക്കിംഗ് ആയും തുടർന്ന് ചാനൽ ചർച്ചകൾ സംഘടിപ്പിച്ചും പോലീസ് നടപടിയെ വരെ ചോദ്യം ചെയ്തും അരങ്ങു തകർത്ത ഏഷ്യാനെറ്റ് സ്വന്തം സ്ഥാപനത്തിൽ ഉണ്ടായ ക്രിമിനൽ കുറ്റത്തെ ന്യായീകരിക്കാൻ പാടുപെട്ട് സ്വയം അപഹാസ്യമാവുന്നതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ ഭാഷയിൽ നന്നായി മെഴുകുന്നുണ്ട്.
ഏഷ്യാനെറ്റിനെ വെള്ളപൂശാൻ മാധ്യമപ്രവർത്തകരുടെ സംഘടന കുറേ അംഗങ്ങളെ തെരുവിലിറക്കി. തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തക ക്ലബ്ബിൻ്റെ പ്രസിഡണ്ടും സെക്രട്ടറിയും തങ്ങൾ നോക്കിയിരിക്കില്ലെന്ന് സർക്കാരിനോട്മുന്നറിയിപ്പ് മുഴക്കി. 10-11-2022 ൽ ഏഷ്യാനെറ്റിൻ്റെ ‘നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന പ്രോഗ്രാമിൽ 14 വയസ്സുള്ള പെൺകുട്ടിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമായത്.
മാസങ്ങൾക്കു മുമ്പ് തങ്ങൾ സംപ്രേഷണം ചെയ്ത വാർത്ത ഏഷ്യാനെറ്റ് കഴിഞ്ഞ വർഷം ആഗസ്തിൽ സ്വന്തം സ്റ്റോറിയായി അവതരിപ്പിച്ചതാണെന്ന് മറ്റൊരു ചാനൽ പറയുന്നു. ആഗസ്തിൽ ലേഖിക നൽകിയ സ്റ്റോറി മാസങ്ങൾ കഴിഞ്ഞ് ഏഷ്യാനെറ്റിൻ്റെ ലേഖകൻ സ്വന്തം കണ്ടെത്തലായി അവതരിപ്പിക്കുന്നു. മാത്രമല്ല ഒരു 14 കാരിയെ , അതും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയുടെ മകളെ ഇരയായി അഭിനയിപ്പിക്കുന്നു.
ഇതിനെതിരായ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്വീകരിക്കുന്ന നടപടിയെ മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റം എന്ന രീതിയിലാണ് വിശേഷിപ്പിക്കുന്നത്. കൃത്രിമമായി സൃഷ്ടിച്ചതൊന്നും വ്യാജമല്ല എന്ന വിചിത്രവാദമാണ് ഇവർക്കുള്ളത്. 12/08/2022 ലെ റിപ്പോർട്ട് പ്രകാരം പെൺകുട്ടിയുടെ പിതാവ് പോക്സോ കേസ് പ്രതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ മഹാരാഷ്ട്രയിലെ ഖർഗർ പോലീസ് ഇയാൾക്കെതിരെ രണ്ടുവർഷം മുൻപ് പോക്സോ കേസ് പ്രകാരം കേസെടുത്തത്.
ഈ വാർത്ത ഒരു പത്രത്തിൽ വന്നത് ചുണ്ടിക്കാട്ടി ആ പത്രത്തിൻ്റെ ചീഫ് റിപ്പോർട്ടർ ഫേസ്ബുക്കിൽ ഏഷ്യാനെറ്റിൻ്റെ ദുർ പ്രവൃത്തി തുറന്നു കാണിച്ചു. ചില സംഭവങ്ങൾ തുടക്കത്തിൽ അറിഞ്ഞതായിരിക്കില്ല സത്യം, അത്തരം വാർത്തകൾ ചെയ്യുമ്പോൾ അബദ്ധവും പിണയും, എന്നാൽ ആ തെറ്റിനെ ന്യായീകരിക്കുന്നതാണ് അതിലും വലിയ തെറ്റെന്ന് അദ്ദേഹം പറയുന്നു. മാപ്പ് പറഞ്ഞ് കെട്ടിച്ചമച്ച അഭിമുഖം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേ ആവശ്യം തന്നെയാണ് സൈബർ ലോകത്തും ഉയരുന്നത്. തെറ്റിനെ വീണ്ടും വീണ്ടും ന്യായീകരിച്ച് നുണയെ സത്യമാക്കാനുള്ള ഏഷ്യാനെറ്റ് വ്യഗ്രതയെയും സോഷ്യൽമീഡിയ വിമർശിക്കുന്നു. പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് നൽകിയതിനെ ജേർണലിസമെന്ന് പറയാൻ കഴിയില്ലെന്ന് പെൺകുട്ടിയുടെ വാർത്ത ആദ്യം സംപ്രേഷണം ചെയ്തെന്ന് അവകാശപ്പെടുന ചാനൽ ചൂണ്ടിക്കാട്ടുന്നു.
മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ പേരിൽ പ്രതിഷേധമുയരുമ്പോൾ കോട്ടം തട്ടുന്നത് മാധ്യമ ധർമത്തിനാണ്. ഇതെന്ത് മാധ്യമ ധർമ്മം എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ന്യായീകരണമൊക്കെ കൊള്ളാം, ഇനി ഏതെങ്കിലും രക്ഷിതാക്കൾ പരാതിയുമായി മാധ്യമങ്ങൾക്ക് മുൻപിൽ വരുമോ എന്ന ചോദ്യത്തിന് കൂടി ന്യായീകരിക്കുന്നവർ ഉത്തരം നൽകേണ്ടിയിരിക്കുന്നു. മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യചിഹ്നമാക്കുന്ന നടപടിയാണ് ഏഷ്യാനെറ്റിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്.