ഏതൊരു കാര്യത്തിനും അയിന് ..? എന്ന ഒറ്റ വാക്കിലൂടെ മുട്ടാപ്പോക്ക് പറഞ്ഞ് മിണ്ടാതിരിക്കുന്ന പ്രവണതയിലൂടെ കടന്നുപോവുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം. ജനദ്രോഹ നടപടികൾ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് പലതും ഉണ്ടായിട്ടും തങ്ങളെ ബാധിക്കുന്നില്ല എന്ന തലത്തിലാണ് ഇവരുടെ മൗനം. പ്രതിഷേധവും മുഷ്ടിചുരുട്ടി കൈകൾ ഉയർത്തേണ്ട സമയം അതിക്രമിച്ചിട്ടും ചെറുവിരൽ പോലും കോൺഗ്രസ് അനക്കുന്നില്ല എന്നത് ആശങ്കയുളവാക്കുന്നു.
രാജ്യത്തെ ജനങ്ങൾ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങളാണ് അതിരൂക്ഷ വിലക്കയറ്റവം, തൊഴിലില്ലായ്മയും. ഇതിന് ആക്കംകൂട്ടുകയാണ് കേന്ദ്ര സർക്കാരിൻ്റെ ഓരോ നയങ്ങളും. ഒടുവിലായുള്ള പാചകവാതക വില വർധനവ് സാധാരണക്കാരുടെ ജീവിതത്തിന് മേൽ പതിഞ്ഞ കടുത്ത പ്രഹരമാണ്. എന്നും കേരളത്തോട് ചിറ്റമ്മനയം വെച്ചുപുലർത്തുന്ന കേന്ദ്രം ഇത്തവണ ബജറ്റിലും അത് പ്രകടമാക്കിയതാണ്. കേരളത്തിന് കിട്ടേണ്ട 2.59 ശതമാനം വിഹിതം 1.92 ആയി വെട്ടിക്കുറച്ചു. ഇതിലൂടെ കേരളത്തിന് 18,000 കോടി രൂപയാണ് നഷ്ടമായത്.
പോയ വർഷം ലഭിച്ചതിനേക്കാൾ പതിനായിരക്കണക്കിന് കോടിയുടെ കുറവാണ് ഉണ്ടായത്. കൂടാതെ, സംസ്ഥാനത്തിൻ്റെ കടമെടുപ്പിനുള്ള പരിധി ഗണ്യമായി കുറിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ വകയിരുത്തൽ കേന്ദ്രം പകുതിയോളം കുറച്ചത് സാധാരണക്കാരുടെ വയറ്റത്തടിക്കുന്നതിന് തുല്യമായിരുന്നു. 2014 ൽ 71 രൂപയായിരുന്ന പെട്രോളിൻ്റെ വില ഇന്ന് 100 രൂപ കടന്നു, 55 രൂപയായിരുന്ന ഡീസൽ വിലയും 100നോട് അടുക്കുന്നു. 2014ൽ 410 രൂപയായിരുന്ന പാചക വാതകത്തിന് ഇന്ന് 1110 രൂപ കൊടുത്താൽ ആണ് ഒരു സിലിണ്ടർ ലഭിക്കുന്നത്.
തീർന്നില്ല, ആരുമറിയാതെ സബ്സിഡി നിർത്തലാക്കിയിട്ട് വർഷം 4 പിന്നിടുന്നു. ഇത്രമേൽ ജനങ്ങളെ പിഴിയുന്ന കേന്ദ്ര നടപടികൾ നടപ്പിലാക്കുമ്പോഴാണ് കോൺഗ്രസിൻ്റെ ഈ പിന്തിരിപ്പൻ നയം. എന്നാൽ, ഈ കടുത്ത വെല്ലുവിളിക്കിടയിലും ജനോപകാര നടപടികളിലൂടെയാണ് സംസ്ഥാന സർക്കാർ മുൻപോട്ട് പോകുന്നത്. ക്ഷേമപെൻഷൻ നൽകിയും, തൊഴിൽ സാധ്യതകൾ സൃഷ്ടിച്ചും സാധാരണ ജനങ്ങൾക്കൊപ്പം നിന്നാണ് ഇടതുപക്ഷ സർക്കാരിൻ്റെ പ്രവൃത്തനങ്ങൾ. ക്ഷേമ പെൻഷൻ കൃത്യമായി ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി പെട്രോൾ, ഡീസൽ സെസ് 2 രൂപ വർധിപ്പിച്ചപ്പോൾ വാളെടുത്ത കോൺഗ്രസ് നേതൃത്വത്തിൻ്റെ ഇരട്ട നയം പൊതുജനം തിരിച്ചറിയേണ്ടിയിരിക്കുന്നു.