‘ഉൽപാദന മേഖലയ്ക്ക് തിരിച്ചടി, രാജ്യത്തിന്റെ വളർച്ചയിൽ ഇടിവ്’ മുഖ്യധാര മാധ്യമങ്ങൾ രാജ്യത്തെ വളർച്ചാ നിരക്കിലെ ഇടിവ് റിപ്പോർട്ട് ചെയ്യുമ്പോൾ, മാതൃഭൂമിക്ക് മാത്രം ഇന്ത്യ ഏഴ് ശതമാനം വളരും എന്നാണ് പറയാനുള്ളത്. കേന്ദ്രസർക്കാരിന് എതിരായ വാർത്തകൾ കൊടുക്കാതിരിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്ന മാതൃഭൂമിയുടെ സംഘപരിവാർ വിധേയത്വമാണ് വാർത്തയിൽ വ്യക്തമാകുന്നത്.
രാജ്യത്തെ സാമ്പത്തിക വളർച്ചാനിരക്ക് നടപ്പുസാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (ഒക്ടോബർ, ഡിസംബർ) 4.4 ശതമാനമായാണ് കുറഞ്ഞത്. റിസർവ് ബാങ്കിന്റെ അനുമാനം പൂർണമായും ശരിവയ്ക്കുന്നതാണ് സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ കണക്ക്. എന്നാൽ ഈ വർഷം രാജ്യം ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന കേന്ദ്രസർക്കാരിന്റെ കഴിഞ്ഞ ബജറ്റിലെ പ്രതീക്ഷയാണ് ഇന്നത്തെ മാതൃഭൂമിയുടെ പ്രധാന തലക്കെട്ട്.
സർക്കാരിന്റെ പ്രതീക്ഷയല്ല രാജ്യത്തെ യാഥാർത്ഥ്യമെന്ന് മറ്റ് മാധ്യമങ്ങൾ വ്യക്തമായി പറയുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11.2 ശതമാനമായിരുന്നു രാജ്യത്തിൻറെ സാമ്പത്തിക വളർച്ച. രണ്ടാം പാദത്തിൽ (ജൂലൈ, സെപ്റ്റംബർ) 6.3% വളർച്ചയാണ് ഉണ്ടായത്. ഉൽപാദനമേഖലയിലെ മാന്ദ്യം, വിലക്കയറ്റം പിടിച്ചുനിർത്താനുള്ള തുടർച്ചയായ പലിശനിരക്ക് വർധന തുടങ്ങിയവയാണ് വളർച്ചാ നിരക്കിനെ ബാധിച്ചത്. കൃഷി (3.7%), ഖനനം (3.7%), വാണിജ്യം, ഹോട്ടൽ, ഗതാഗതം, ആശയവിനിമയം (9.7%), നിർമാണം (8.25) എന്നിവ ഭേദപ്പെട്ട വളർച്ചാനിരക്ക് കാഴ്ചവെച്ചു. അതേസമയം ഉൽപാദനമേഖലയുടെ നിരക്ക് (1.1%) ഇടിഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം, രാജ്യാന്തര സാമ്പത്തികമാന്ദ്യ സൂചനകൾ എന്നിവയാണ് തിരിച്ചടിയായത്.
പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞെങ്കിലും നടപ്പുസാമ്പത്തിക വർഷം(202223) രാജ്യം ഏഴ് ശതമാനം വളരുമെന്ന് പറഞ്ഞാണ് മാതൃഭൂമി കേന്ദ്രത്തിനേറ്റ ഈ തിരിച്ചടിയെ സാന്ത്വനിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞു എന്നുള്ളത് രാജ്യത്തിന്റെ ഗുരുതരമായ സാമ്പത്തിക സ്ഥിതിയേയാണ് സൂചിപ്പിക്കുന്നത്. അത് പ്രധാന തലക്കെട്ടാക്കുന്നതിന് പകരം കേന്ദ്രത്തിനെ വെള്ളപ്പൂശാനുള്ള ശ്രമമാണ് മാതൃഭൂമി നടത്തിയിരിക്കുന്നത്.
അതേസമയം കേരളത്തിന്റെ സാമ്പത്തിക വളർച്ച 12.1 ശതമാനം വർധനവുണ്ടായപ്പോൾ അത് മാതൃഭൂമിക്ക് ഒരു പ്രധാനവാർത്തയേ ആയിരുന്നില്ല. കേരളത്തിന്റെ വളർച്ചയുടെ ഗ്രാഫ് വരച്ച് കാണിക്കാൻ മടി കാണിച്ച മാധ്യമങ്ങൾ ഇന്ന് കേന്ദ്രത്തിന്റെ വികലനയങ്ങൾ മറച്ചുപിടിക്കാൻ നടത്തുന്ന ശ്രമം തിരിച്ചറിയേണ്ടിയിരിക്കുന്നു.