‘കൊന്നതാണ്’. കേരളം ഇന്ന് കണ്ടുണർന്നത് ഈ തലകെട്ടോടു കൂടി വെടിയേറ്റ് കിടക്കുന്ന ഗാന്ധിജിയുടെ ചിത്രമാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തിലാണ് സിപിഐഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ ഫ്രണ്ട് പേജിൽ ആർഎസ്എസിന്റെ നിഷ്ഠൂരമായ കൊലപാതകം ഉറക്കെ വിളിച്ചു പറഞ്ഞത്. ചിത്രകാരൻ ടോം വട്ടക്കുഴിയുടെ ഡെത്ത് ഓഫ് ഗാന്ധി എന്ന ചിത്രം ഉൾപ്പെടുത്തിയ ജാക്കറ്റ് പേജാണ് ദേശാഭിമാനി തയ്യാറാക്കിയത്.
‘ജനുവരി 30, വെറുതെ ചുവന്ന ഒരു ദിനമല്ല. ഹിന്ദുത്വ വർഗീയവാദികളുടെ ഗൂഢാലോചനയിൽ നിന്നുതിർന്ന വെടിയുണ്ട നെഞ്ചിലേറ്റുവാങ്ങി രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വംകൊണ്ട് ചുവന്നതാണ്. സാമ്രാജ്യത്വത്തെയും വർഗീയതെയും നിരായുധരാക്കി, അദ്ദേഹം നയിച്ച പോരാട്ടവീര്യമാണ് നമ്മുടെ ഐക്യത്തിന്റെ കരുത്ത്. അതിന് തുരങ്കം വെയ്ക്കുന്ന വർഗീയ സ്വേച്ഛാധിപത്യശക്തികളെ പരാജയപ്പെടുത്തേണ്ടതിന്റെ പ്രാധാന്യംകൂടിയാണ് ദിനം നമ്മെ ഓർമപ്പെടുത്തുന്നത്, ആ ലക്ഷ്യം നേടാൻ സ്വാതന്ത്ര്യ സമരകാലത്ത് എന്നതുപോലെ ജാതി,മത,വർഗ വ്യത്യാസമില്ലാതെ നമുക്ക് കൈകോർക്കാം’ വെടിയേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഗാന്ധിയുടെ ചിത്രത്തിന് താഴെ ദേശാഭിമാനി കുറിച്ചത് ഇപ്രകാരമാണ്.
പത്രത്തിൻറെ ഈ ഫ്രണ്ട് പേജ് ചിത്രം സൈബർ ലോകത്ത് ഇപ്പോൾ തരംഗം സൃഷ്ടിക്കുകയാണ്. മതഭ്രാന്ത് പിടിച്ച നാഥുറാം ഗോഡ്സെയുടെ ക്രൂരതയിൽ ഗാന്ധിജിയുടെ ജീവൻ പൊലിഞ്ഞത് ഉറക്കെ വിളിച്ചുപറയാൻ കാണിച്ച ദേഭാഭിമാനിയുടെ ധൈര്യത്തെയാണ് സൈബർ ലോകം വാഴ്ത്തുന്നത്. വാട്സാപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിലും ദേശാഭിമാനി ചിത്രം നിറഞ്ഞു നിൽക്കുകയാണ്.
ഇതിന് പുറമെ, ഗാന്ധി വധത്തിൽ ആർഎസ്എസിന്റെ പങ്കും, ഗോഡ്സെയുടെ ആർഎസ്എസ് ബന്ധവും വ്യക്തമാക്കുന്ന വാർത്തകളും ഇന്നത്തെ ദേശാഭിമാനിയിലുണ്ട്. ഗാന്ധി വധത്തിന്റെ മുക്കാൽ നൂറ്റാണ്ട് എന്ന തലകെട്ടിൽ എഡിറ്റോറിയൽ മുതൽ, ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഗാന്ധി ചിത്രത്തിൽ നിറയൊഴിക്കുന്നത് നൽകി കൊന്നിട്ടും കലിതീരാതെ എന്ന വാർത്തയും നൽകിയിട്ടുണ്ട്. ഗാന്ധിജി കൊല്ലപ്പെട്ട സമയങ്ങളിൽ പത്രങ്ങളിലെത്തിയ വാർത്തയും എഡിറ്റോറിയൽ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഗോഡ്സെ-സവർക്കർ ബന്ധം ചൂണ്ടിക്കാണിച്ചുള്ള വാർത്തയും സവർക്കറുടെ അറിവോടെയാണ് ഗാന്ധിയെ നാഥുറാം ഗോഡ്സെ വകവരുത്തിയതെന്നും ദേശാഭിമാനി ചൂണ്ടിക്കാണിക്കുന്നുണ്ട്. ആർഎസ്എസിനെ നിരോധിച്ച കാലത്തെ വാർത്തയും ഉൾപ്പെടുത്തി ഗാന്ധിജിയെ കൊലപ്പെടുത്തിയ സംഘപരിവാറിന്റെ അജണ്ടയാണ് ദേശാഭിമാനി ഓർമ്മിപ്പിച്ചത്. കേന്ദ്രഭരണത്തിൻറെ കീഴിൽ ഗാന്ധിജിയെ കൊന്നത് ഞങ്ങളല്ല എന്ന് സ്ഥാപിക്കാനുള്ള സംഘപരിവാർ ശ്രമമാണ് പത്രം തുറന്നുകാണിച്ചത്.
ഗാന്ധിജിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തിൽ ദേശാഭിമാനി ഒരുക്കിയ പത്രത്തെ അഭിനന്ദിച്ച് കഥാകൃത്ത് എൻഎസ് മാധവൻ ഉൾപ്പടെയുള്ള പ്രമുഖർ രംഗത്ത് വന്നിട്ടുണ്ട്. മന്ത്രി എംബി രാജേഷും അഭിനന്ദനം ഫേസ്ബുക്കിലൂടെ അറിയിച്ചു.
https://www.facebook.com/Deshabhimani/photos/a.6249032458482875/6249016461817808/