പ്രമുഖ മാധ്യമങ്ങളുടെ ഡെസ്കുകളും ബ്യൂറോകളും തമ്മിൽ വലിയൊരു മത്സരം നടക്കുകയാണ്. ഏറ്റവും വിവരക്കേട് ആർക്ക്. അതു തെളിയിക്കുകയാണ് ലക്ഷ്യം. ഉഡായിപ്പ് റിപ്പോർട്ടുകൾ എഴുതിക്കൊണ്ടു ചെന്നാൽ ഡെസ്കിലിരിക്കുന്ന സബ് എഡിറ്ററു പയ്യൻ വെട്ടി ദൂരെക്കളയും എന്നൊക്കെ ഇനിയുള്ള കാലം ജേണലിസം ക്ലാസുകളിൽപ്പോലും കേൾക്കാനാവില്ല. റിപ്പോർട്ടർ വിവരക്കേട് എഴുതിക്കൊണ്ടു ചെന്നാൽ, ഡെസ്കിലിരിക്കുന്നവൻ മുന്തിയ വിവരക്കേട് തലക്കെട്ടായി ചാർത്തിത്തരും. അതാകുന്ന നടപ്പുകാലത്ത് ഡെസ്കും ബ്യൂറോയും തമ്മിലുള്ള പാരസ്പര്യം.
സമ്പത്തിന് 4.26 കോടി ശമ്പളം കൊടുത്തു എന്ന വാർത്തയെടുക്കാം. ആദ്യം മനോരമ. സമ്പത്തിന്റെ 20 മാസത്തെ ചെലവ് 7.26 കോടി രൂപ; കെ.വി.തോമസ് പുതിയ ‘സമ്പത്ത്’ എന്നാണ് തലക്കെട്ട്. ഡൽഹിയിൽ കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ കെ.വി.തോമസിനെ നിയമിക്കാനുള്ള തീരുമാനത്തെ വിമർശനാത്മകമായി വിശലകനം ചെയ്യുകയാണ് മനോരമ. സംഗതി വലിയ സാമ്പത്തികബാധ്യത വരുത്തിവെയ്ക്കുമത്രേ. ആ വാദം സാധൂകരിക്കാൻ ഒരു കണക്കും മനോരമ പറയുന്നു. അത് ഇങ്ങനെയാണ്: മുൻപ് ഇതേ പദവിയിൽ ഇരുന്ന സിപിഎം നേതാവ് എ.സമ്പത്തിനായി 20 മാസത്തേക്ക് ചെലവഴിച്ചത് 7.26 കോടി രൂപയാണ്.
തൊട്ടടുത്ത വരി ഇങ്ങനെയാണ്. ഇതിൽ ശമ്പളമായി മാത്രം നൽകിയത് 4.62 കോടി രൂപയാണ്.
കാര്യം വ്യക്തമാണ്. സമ്പത്ത് എത്ര മാസം ജോലി ചെയ്തുവെന്നാണ് മനോരമ തന്നെ പറയുന്നത്? 20 മാസം. പത്രം തന്നെ വെളിപ്പെടുത്തിയ വിവരമാണ്. അപ്പോൾ അതിൽ തർക്കമില്ല. 20 മാസം വാങ്ങിയ ആകെ ശമ്പളമെത്ര? 4.26 കോടി രൂപ. അപ്പോൾ ഒരു മാസം എത്ര രൂപ ശമ്പളം കിട്ടും. കണക്കറിയുന്നവർ 4.26 കോടിയെ ഇരുപതു കൊണ്ട് ഹരിക്കും. 21,30,000 രൂപ. മനോരമയുടെ കണക്കു ശരിയാണെങ്കിൽ സമ്പത്തിന് ഒരു മാസം 21 ലക്ഷം രൂപയ്ക്കു മുകളിൽ ശമ്പളമുണ്ടാകണം.
ഇതേ വാർത്ത താഴേയ്ക്കു വായിക്കാം. മൂന്നാമത്തെ ഖണ്ഡികയിൽ രണ്ടാമത്തെ വാക്യം ഇങ്ങനെ: പ്രതിമാസ ശമ്പളം 92,423 രൂപയായിരുന്നു. ഒരേ വാർത്തയിലാണിത്. ഒരു സ്ഥലത്ത് പ്രതിമാസ ശമ്പളം 92423 രൂപ. അങ്ങനെയെങ്കിൽ 20 മാസം എത്ര രൂപ കിട്ടും? 18 ലക്ഷം രൂപയ്ക്കു മുകളിലാണ് ശമ്പളം.
എന്നുവെച്ചാൽ, മനോരമ വാർത്തയുടെ ഒരു പാരഗ്രാഫ് പ്രകാരം സമ്പത്തിൻ്റെ ഒരു മാസത്തെ ശമ്പളം 21 ലക്ഷം രൂപ. വേറൊരു പാരഗ്രാഫ് പ്രകാരം 20 മാസം കൊണ്ട് കിട്ടാവുന്ന പരമാവധി ശമ്പളം 18 ലക്ഷം രൂപ.
റിപ്പോർട്ടർമാർ എഴുതിക്കൊണ്ടു വരുന്ന സാഹിത്യത്തിൽ, സോഴ്സിനെ അടിപടലം നമ്പിയും കൈയിൽനിന്നിട്ട് പൊലിപ്പിച്ചും വിവരക്കേടുകൾ എമ്പാടുമുണ്ടാകുമെന്ന് മുൻകരുതലെടുക്കേണ്ടവരാണ് സബ് എഡിറ്റർമാർ. മനോരമയിൽ അങ്ങനെയൊന്നുമില്ല. റിപ്പോർട്ടർ ഈനാംപേച്ചിയാണെങ്കിൽ സബ് എഡിറ്റർ മരപ്പട്ടിയായിരിക്കണം. അങ്ങനെയാണ് അവിടെ ഡിവിഷൻ ഓഫ് ലേബർ.
ഏതായാലും മനോരമയുടെ ഡെസ്കിലോ ബ്യൂറോയിലെ ഉള്ളവരോട് വസ്തുതയെക്കുറിച്ച് വേദമോദിയിട്ട് കാര്യമില്ല. അവരുടെ തലച്ചോറിൻ്റെ പരിധിയ്ക്ക് പുറത്തു ഭ്രമണം ചെയ്യുന്ന ഒരു പൊതിയാത്തേങ്ങയാണത്. വാർത്തയിൽ ഫാക്ട് വേണമെന്നു പറഞ്ഞാൽ, അവരെക്കൊണ്ട് വാപൊളിക്കാനേ കഴിയൂ. എങ്കിലും അവരോട് ഇത്രയും പറയാം. ദില്ലിയിൽ, റെസിഡൻസ് കമ്മിഷണറുടെ ഓഫീസ്, കേരളഹൗസ് തുടങ്ങി എല്ലാ കേരള സർക്കാർ സ്ഥാപനങ്ങൾക്കും വേണ്ടി ശമ്പളമടക്കമുള്ള ഇനങ്ങളിൽ ഒരു വർഷം ചെലവിട്ട ആകെത്തുകയാണ് 7.26 കോടി രൂപ. അല്ലാതെ സമ്പത്തിന്റെയും പേഴ്സണൽ സ്റ്റാഫിന്റെയും ശമ്പളം, അവരുടെ യാത്രാബത്തകൾ, മറ്റു ചെലവുകൾ എന്നിവ മാത്രമല്ല.
ഇനി മാതൃഭൂമിയുടെ കാര്യമെടുക്കാം. സമ്പത്തുകാലത്ത് ചെലവിട്ടത് 7.26 കോടി എന്ന തലക്കെട്ടിൽ ഒരു വാർത്ത അവിടെയുമുണ്ട്. സമ്പത്തിന് 20 മാസം കൊണ്ട് 4.26 കോടി ശമ്പളം കൊടുത്തെന്ന് ഒരുളുപ്പുമില്ലാതെ മാതൃഭൂമിയും അച്ചടിച്ചു വെച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഒരു മാസം എത്ര രൂപ ശമ്പളം വാങ്ങിക്കാണുമെന്ന് ഏതു സാധാരണക്കാരൻ്റെയും മനസിലുയരുന്ന സംശയം അവരുടെ ഡെസ്കിലും ആർക്കും തോന്നിയില്ല. ഉറവിടം തന്ന വിവരം. റിപ്പോർട്ടറുടെ വക കുത്തിത്തിരിപ്പ്. അടിച്ചു വിടെടാ, അടിച്ചു വിട്… എന്ന മട്ടിലാണല്ലോ പത്രധർമ്മത്തിൻ്റെ ആപ്തവാക്യം.
മാതൃഭൂമി മനോരമയെക്കാൾ വലിയ ദുരന്തമാകുന്നതിന് വേറൊരു കാര്യം കൂടിയുണ്ട്. അവർക്കുവേണ്ടി ആർ ശ്രീജിത്ത് ഇതേ വാർത്ത 2022 മെയ് മാസത്തിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ബജറ്റ് രേഖയായിരുന്നു ശ്രീജിത്തിൻ്റെ ആശ്രയം. സമ്പത്തിൻ്റെ ശമ്പളം, യാത്രാബത്ത, ഓഫീസ് ചെലവ്, വാഹനം, മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് എന്നിവയ്ക്കു പുറമേ ദിവസ വേതനക്കാർ ഉൾപ്പെടെയുള്ള പേഴ്സണൽ സ്റ്റാഫിൻ്റെ വേതനം, യാത്രാബത്ത എന്നിവയെല്ലാം ചേർത്താണ് പൊതുഖജനാവിൽനിന്ന് 7.26 കോടിരൂപ ചെലവിട്ടത് എന്നൊക്കെ ആ റിപ്പോർട്ടിലും തള്ളി വിട്ടിട്ടുണ്ട്.
ദില്ലിയിൽ കേരള സർക്കാരിൽ നിന്ന് ശമ്പളം വാങ്ങുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഒരേ ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്നാണ് പണം കൊടുക്കുന്നത്. അതു പക്ഷേ, ശ്രീജിത്തിനും അറിയില്ല. ബജറ്റിൽ ഒരു ഹെഡ് ഓഫ് അക്കൗണ്ട് കണ്ടു. അതിലെ മൊത്തം തുകയുമെടുത്ത് സമ്പത്തിന്റെ തലയിലിട്ടു. വാർത്തയും താങ്ങി.
അതേ വിവരം തന്നെയാണ് ഒരു വർഷം കഴിഞ്ഞപ്പോൾ വീണ്ടും പൊടിതട്ടിയെടുത്ത് ആഘോഷിച്ചത്. ഇതും തിരിച്ചറിയാൻ ഡെസ്കിലിരുന്ന സബ് എഡിറ്റർക്ക് കഴിഞ്ഞില്ല. എന്നുവെച്ചാൽ, റിപ്പോർട്ടർക്ക് ഖുശാലാണ്. പുതിയ വാർത്തയൊന്നും തപ്പി നടക്കേണ്ട കാര്യമില്ല. പ്രത്യേകിച്ച് വാർത്തയൊന്നും തരപ്പെട്ടിട്ടില്ലെങ്കിൽ, പഴയൊരു പത്രം നിവർത്തുക. ഏതെങ്കിലും വാർത്ത പുതിയ രൂപത്തിൽ പകർത്തിയെഴുതുക. നേരെ സബ് എഡിറ്ററുടെ മേശയിലേയ്ക്ക് തള്ളുക. അദ്ദേഹമത് പാസാക്കിക്കൊടുക്കും. എത്രയെളുപ്പമപ്പനേ, മാതൃഭൂമിയിലെ ജേണലിസം.
ഇനി വസ്തുത അറിയണമെന്ന് ആഗ്രഹമുണ്ടോ? ദില്ലിയിൽ സർക്കാരിൻ്റെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിക്കവെ, സമ്പത്ത് എത്ര രൂപ ശമ്പളമായി കൈപ്പറ്റിയെന്ന് അറിയണോ? അതിന് വിവരാവകാശമാണ് ഏറ്റവും നല്ല മാർഗം. എം കെ ഹരിദാസ് എന്നൊരാൾ ആ വഴി ശ്രമിച്ചിട്ടുണ്ട്. 2021 മെയ് മാസം ഹരിദാസിന് ലഭിച്ച മറുപടിയിൽ ആ വിവരമുണ്ട്. 12-8-2019 മുതൽ സേവനം അവസാനിക്കുന്നതു വരെ എ സമ്പത്ത് ശമ്പളമിനത്തിൽ കൈപ്പറ്റിയത് 14,18,244 രൂപ.
ഈ തുക എത്ര വലിച്ചു നീട്ടിയാലും 4.26 കോടിയിലെത്തില്ല. അതു തിരിച്ചറിയണമെങ്കിൽ സ്ഥാപനത്തിലെ ആർക്കെങ്കിലും അൽപം വെളിവ് വേണം. നിർഭാഗ്യവശാൽ, വെളിവ് തീരെയുമില്ലെന്ന് ഡോക്ടർ സർട്ടിഫിക്കറ്റുണ്ടെങ്കിലേ, ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങളിൽ പണി കിട്ടൂ. കാലം അതായിപ്പോയി. എന്തു ചെയ്യും?