മലയാള മനോരമക്ക് പൊള്ളിയിട്ടു വയ്യ. കൂട്ടത്തിൽ ജമാഅത്തെ പത്രത്തിനും വല്ലാതെ പൊള്ളുന്നു. വെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടാനാണ് വാട്ടർ അതോറിറ്റിയുടെ ശുപാർശ . 40 ലക്ഷത്തോളം ഗാർഹിക ഉപഭോക്താക്കളിൽ ബിപിഎൽ വിഭാഗക്കാരായ കുടുംബങ്ങൾക്ക് വെള്ളക്കരം ഇല്ല. അവർക്ക് ഇനിയും സൗജന്യമായി തന്നെ വെള്ളം കൊടുക്കും. വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ കിലോലിറ്ററിന് 24 രൂപയോളമാണ് വാട്ടർ അതോറിറ്റിക്ക് ചെലവ്, വരവാകട്ടെ ഒമ്പതു രൂപയും. 2400 ഓളം കോടി രൂപയുടെ കടബാധ്യതയുമായാണ് വാട്ടർ അതോറിറ്റിയുടെ നിൽപ്പ്.
ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസ കൂട്ടിയാൽ ആയിരം ലിറ്ററിന് 10 രൂപ കൂടും. ദാ കിട്ടിപ്പോയി എന്ന മട്ടിലാണ് കണ്ടത്തിൽ, മൗദൂദി പത്രങ്ങൾ സർക്കാരിനെ പൊള്ളിക്കാനിറങ്ങിയത്. പെട്രോളിനും ഡീസലിനും വില കേറ്റുമ്പോൾ മനോരമാദി മാധ്യമ സംഘത്തിന് കുളിരും. പാചക വാതകത്തിന് അടിക്കടി വില കൂട്ടുക മാത്രമല്ല, സബ്സിഡി നിർത്തുക കൂടി ചെയ്തു കേന്ദ്ര സർക്കാർ – അപ്പോഴിക്കൂട്ടർക്ക് ഉൾപ്പുളകം. പെട്രോൾ ഡീസൽ വില ദിനം തോറും കേറ്റി ജനത്തെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014 ൽ ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിലെത്തുമ്പോൾ ഒരു ലിറ്റർ പെട്രോളിന് 69 രൂപ 15 പൈസ. ഡീസൽ ലിറ്ററിന് 49 രൂപ 57 പൈസ. ഇന്ന് ഒരു ലിറ്റർ പെട്രോൾ കിട്ടണമെങ്കിൽ 110 രൂപ കൊടുക്കണം. ഡീസലിനും വില നൂറിലെത്തി. പെട്രോളിന് ഇഷ്ടം പോലെ വില കേറ്റാൻ കമ്പനികൾക്ക് അധികാരം കൊടുത്തത് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരാണ്. ബി ജെ പി ഗവൺമെന്റ് ഡീസലിന്റെ വില നിയന്ത്രണാധികാരവും എടുത്തു കളഞ്ഞു – പെട്രോളിയം കമ്പനികൾക്ക് ജനങ്ങളെ കൊള്ളയടിക്കാൻ പരമാധികാരം നൽകി. 2014 ൽ മോഡി വരുമ്പോൾ വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 414 രൂപ. പിന്നീട് വില കേറ്റിത്തുടങ്ങി. സബ്സിഡിയും തട്ടിയെടുത്തു. 2020 നവംബറിൽ 608 രൂപയായിരുന്നു വില. 2021 ഏപ്രിലായപ്പോൾ 826 രൂപയായി. ഇന്ന് 414 രൂപയുടെ സ്ഥാനത്ത് 1160 രൂപ കൊടുത്താലേ പാചകവാതകം കിട്ടൂ. അപ്പോഴൊന്നും മനോരമക്ക് പൊള്ളുന്നില്ല.