ഏഴു പതിറ്റാണ്ടോളം നീളുന്ന രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം. അഞ്ചു വർഷം മന്ത്രിയായിരുന്നു. അതും എക്സൈസ് വകുപ്പ്. ഇപ്പോഴും CITU വിൻ്റെ അഖിലേന്ത്യാ നേതാവാണ്.
പക്ഷെ നാളിതുവരെയായി സ്വന്തമായി ഒരു തുണ്ട് ഭൂമിയോ, വീടോ ഇല്ല. പാർട്ടി – ട്രേഡ് യൂണിയൻ പ്രവർത്തനവുമായി നടന്ന കാലം ഗുരുജി എന്ന് വിളിക്കുന്ന പി.കെ. ഗുരുദാസൻ വാടക വീടുകളിലായിരുന്നു താമസം. വീട്ടുടമസ്ഥരുടെ കനിവ് കൊണ്ട് ചിലയിടങ്ങളിൽ വർഷങ്ങളോളം താമസിച്ചു.
മന്ത്രിയായപ്പോൾ കവടിയാറിലെ മന്ത്രിമന്ദിരത്തിൽ താമസം. പേഴ്സണൽ സ്റ്റാഫിൽ ദൂരെ ദിക്കുകളിൽ വന്ന വരും മന്ത്രിക്കൊപ്പം താമസം. ഒരു പരിഭവവും പരാതിയുമില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഒരു മുതിർന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ പറഞ്ഞതോർമ വരുന്നു സിഐടി യു എന്നൊക്കെ കേട്ടപ്പോൾ ആദ്യം പേടിച്ചു. ഒപ്പം ജോലി ചെയ്തപ്പോഴാണറിയുന്നത് ഇങ്ങനെയും രാഷ്ട്രീയക്കാരുണ്ടോ. Very Sharp. എത്ര പെട്ടെന്നാണ് കാര്യങ്ങൾ ഗ്രഹിക്കുന്നത്. തീരുമാനമെടുക്കുന്നത്. എത്ര വാത്സല്യത്തോടെയുള്ള പെരുമാറ്റം. Gem of a Man. സകലവരോടും കൊമ്പുകോർക്കാൻ ധൈര്യമുള്ള ആഫീസർ ഫ്ലാറ്റ്.
മന്ത്രിയായിരുന്നപ്പോൾ ഒരുപഗ്രഹത്തേയും വെച്ചു വാഴിച്ചില്ല. ആർക്കും പ്രാപ്യൻ. വിടുവായത്തമില്ല. കാര്യമാത്ര പ്രസക്തൻ. പറ്റാവുന്ന സഹായം കക്ഷിരാഷ്ട്രീയ ഭേദമന്യേ ആർക്കും ചെയ്യും.
പക്ഷെ മന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം കയറിക്കിടക്കാൻ സ്വന്തമായി ഒരു കൂരയില്ലായിരുന്നു. നാളിതുവരെ എ കെ ജി സെൻ്ററിനു സമീപം പാർട്ടി നൽകിയ ഇരു മുറി ഫ്ലാറ്റിൽ താമസം. 87 ആം വയസ്സിൽ സ്വന്തമായി ഒരു വീടുണ്ടാകുന്നു. തട്ടകമായ കൊല്ലത്തല്ല എന്ന് മാത്രം. ഭാര്യയുടെ പേരിൽ തിരുവനന്തപുരം ജില്ലയിൽ കാരേറ്റിനു സമീപം പേടിക്കുളത്തുള്ള പത്തു സെൻ്റിൽ പാർട്ടി കൊല്ലം ജില്ലാക്കമ്മിറ്റിയുടെ സ്നേഹ സമ്മാനം.