കഴിഞ്ഞ ദിവസമാണ് നർത്തകിയായ പത്മഭൂഷൺ മല്ലികാ സാരാഭായിയെ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി എൽഡിഎഫ് സർക്കാർ നിയമിച്ചത്. പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും മകളായ മല്ലിക സാരാഭായ് കുച്ചുപ്പുടി, ഭരതനാട്യം എന്നിവയിലൂടെ ലോകപ്രശസ്തയാണ്. ഇവരെ തന്നെ കേരള കലാമണ്ഡലത്തിൻ്റെ ചാൻസലറാക്കുമ്പോൾ ആരാണ് മല്ലികാ സാരാഭായ് എന്ന ചോദ്യവും ഇതിനോടൊപ്പം ഉയരുന്നു.
ഈ ചോദ്യത്തിനുള്ള ഉത്തരം മല്ലികയുടെ ഓരോ പോരാട്ടത്തിൽ നിന്നും തന്നെ വ്യക്തമാണ്. നരേന്ദ്ര മോദി സർക്കാരിനെതിരെ നിരന്തരം ശബ്ദിക്കുന്ന ധീരവനിതയാണ് മല്ലികാ സാരാഭായ്. നാടകം, സിനിമ, ടെലിവിഷൻ, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുള്ള മല്ലികാ സാരാഭായിയെ ബാബരി മസ്ജിദ് തകർത്തിട്ട് മൂന്നു ദശാബ്ദം തികഞ്ഞ ദിവസം തന്നെയാണ് കേരള കലാമണ്ഡലത്തിൻ്റെ ചാൻസലറായി സർക്കാർ നിയമിച്ചതെന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
മോഡി സർക്കാരിനെതിരെയുള്ള മല്ലികാ സാരാഭായിയുടെ ചില പോരാട്ടങ്ങൾ;
2002 മാർച്ച് – ഏപ്രിൽ:
ഗുജറാത്ത് വംശഹത്യയുടെ നാളുകളിൽ മോഡി സർക്കാരിനെതിരെ ഉറച്ച ശബ്ദത്തോടെ പോരാടിയ മല്ലിക സാരാഭായ് ബിജെപി ഭരണകൂടത്തിനെതിരെ പൊതതാല്പര്യഹർജി ഫയൽ ചെയ്യുന്നു.
2007 ഏപ്രിൽ:
മല്ലിക സാരഭായുടെ നൃത്തം എയർ ചെയ്താൽ തങ്ങൾ ദൂരദർശൻ ഓഫീസ് വളയുമെന്ന് ഗുജറാത്തിലെ ബിജെപി നേതൃത്വം ഭീഷണിപ്പെടുത്തുന്നു.
2009 ഏപ്രിൽ:
എൻഡിഎയുടെ പ്രധാന മന്ത്രി സ്ഥാനാർഥി എൽകെ അദ്വാനിക്കെതിരെ ഗാന്ധിനഗർ ലോകസഭ മണ്ഡലത്തിൽ നിന്നും മല്ലിക സാരാഭായ് മത്സരിക്കുന്നു.
2011 സെപ്തംബർ:
ഗുജറാത്ത് ഭരണകൂടത്തിനെതിരായ പൊതുതാല്പര്യഹർജിയിൽ തൻ്റെ അഭിഭാഷകരെ സ്വാധീനിക്കാൻ നരേന്ദ്ര മോഡിയും കൂട്ടരും ശ്രമിച്ചതായി മല്ലിക സാരാഭായ് വെളിപ്പെടുത്തുന്നു.
2013 ഡിസംബർ:
ഗുജറാത്ത് വംശഹത്യ കേസിൽ നരേന്ദ്ര മോഡിക്കും മറ്റ് 62 പേർക്കും ക്ലീൻ ചീറ്റുനൽകിയ മെട്രോപൊളിറ്റൻ കോടതി വിധിക്കെതിരെ മല്ലിക സാരാഭായ് ശക്തമായ ഭാഷയിൽ പ്രതിഷേധിക്കുന്നു. ഗുൽബർഗ് സോസൈറ്റി കേസിൽ സാക്കിയ ജാഫ്രിയുടെ നിയമപോരാട്ടങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നു.
2016 ജനുവരി:
അമ്മയും പ്രശസ്ത നർത്തകിയുമായ മൃണാളിനി സാരാഭായുടെ നിര്യാണത്തിൽ രാഷ്ട്രീയ കാരണങ്ങൾ കൊണ്ടുമാത്രം അനുശോചനം രേഖപ്പെടുത്താൻ തയ്യാറാകാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ മല്ലികാ സാരാഭായ് രൂക്ഷമായി വിമർശിക്കുന്നു. തുടർന്ന് അമ്മയുടെ മൃതദേഹത്തിനുമുന്നിൽ നൃത്തം ചെയ്ത് അവർക്ക് അന്ത്യാഞ്ജലി നേരുന്നു.
2020 ഫെബ്രുവരി:
അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) അവരുടെ ആ വർഷത്തെ കോൺവൊക്കേഷന് മുഖ്യാതിഥിയായി മല്ലിക സാരാഭായിയെ ക്ഷണിക്കുന്നു. പൗരത്വ നിയമം രാജ്യമാകെ കത്തി നിൽക്കുന്ന കാലം. CAA യ്ക്കെതിരെ മല്ലിക വേദിയിൽ പ്രസംഗിക്കുമെന്ന് ബിജെപി കേന്ദ്രങ്ങൾ ഭയക്കുന്നു. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ഇടപെടലിൽ അവസാന നിമിഷം കോൺവൊക്കേഷൻ നീട്ടിവെക്കുകയും മല്ലികയെ മുഖ്യാതിഥി സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്യുന്നു.
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടം മുറുകുമ്പോൾ മോഡിക്കെതിരെയുള്ള ആയുധമായി അവതരിക്കുകയാണ് മല്ലികാ സാരാഭായി. ഇവരുടെ ഓരോ പോരാട്ടങ്ങളും ബിജെപി സർക്കാർ പോലും ഭയപ്പെട്ടിരുന്നു. 1953 ൽ ഗുജറാത്തിൽ ജനിച്ച മല്ലിക അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ് കലാലയത്തിൽ ആണ് പഠനം പൂർത്തിയാക്കിയത്. അഹമ്മദാബാദ് ഐഐഎംൽ നിന്ന് എംബിഎ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സർവകലാശാലയിൽ നിന്ന് 1976 ൽ ഡോക്ടറേറ്റും നേടി. നർത്തകി എന്നതോടൊപ്പം തന്നെ സാമൂഹിക പ്രവർത്തക കൂടിയാണ് മല്ലിക.