അങ്ങനെ വിഴിഞ്ഞം തുറമുഖ സമരനേതാക്കളുടെ ഉള്ളിലിരിപ്പ് പുറത്തു വരികയാണ്. വിഴിഞ്ഞത്ത് തുറമുഖമാകാം, പക്ഷേ, വാണിജ്യ തുറമുഖം ആകരുത് എന്ന് സമരസമിതി നേതാവ് യൂജിൻ പെരേര വ്യക്തമാക്കിക്കഴിഞ്ഞു. നേവിയുടെ തുറമുഖം വരുന്നതിൽ അദ്ദേഹം അപാകമൊന്നും കാണുന്നില്ല.
എന്നുവെച്ചാൽ വിഴിഞ്ഞത്ത് ഒരു വാണിജ്യതുറമുഖം വരുന്നതാണ് സമര നേതാക്കളുടെ പ്രശ്നം. തുറമുഖം വന്നാൽ തീരശോഷണമുണ്ടാകും, മത്സ്യലഭ്യത കുറയും എന്നൊക്കെപ്പറഞ്ഞാണല്ലോ സമരം. തുറമുഖം നേവിയുടേതാകുമ്പോൾ ഒരു തീരശോഷണവും ഉണ്ടാകില്ലെന്നാണോ ഫാ. യൂജിൻ പെരേര വിശ്വസിച്ചു വെച്ചിരിക്കുന്നത്?
തീരശോഷണത്തിൻ്റെ ഊതിപ്പെരുപ്പിച്ച കണക്കും മത്സ്യലഭ്യത കുറയുമെന്ന അടിസ്ഥാനമില്ലാത്ത ആശങ്കയുമൊക്കെ സമരത്തിന് ആളെക്കൂട്ടാനുള്ള വാദങ്ങൾ മാത്രമാണ്. പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സമരസമിതി കണ്ടുപിടിച്ച അടവുകൾ. തീരം പോകുമ്പോൾ കിടപ്പാടവും പോകും. പിന്നെ, ആകെയുള്ള ഉപജീവനമാർഗമായ മത്സ്യബന്ധനത്തിൻ്റെ സാധ്യത കുറയും. രണ്ടും കൂടിയാകുമ്പോൾ പാവങ്ങളുടെ ചോര തിളയ്ക്കും. എന്തുവില കൊടുത്തും തുറമുഖം തടഞ്ഞേ തീരൂവെന്ന അഭിപ്രായം അവർക്കിടയിൽ വേരു പിടിക്കും.
യഥാർത്ഥ പ്രശ്നം വിഴിഞ്ഞത്ത് ഒരു വാണിജ്യതുറമുഖം വരുന്നതാണ്. അതുണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവർക്കു വേണ്ടിയാണ് സമരം. അല്ലാതെ തീരദേശവാസികളുടെ താൽപര്യം സംരക്ഷിക്കാനല്ല. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായാൽ മറ്റു ചില തുറമുഖങ്ങളുടെ വരുമാനം ഇടിയും. ഇവിടെ തുറമുഖ നിർമ്മാണം തടയുകയോ വൈകിപ്പിക്കുകയോ ചെയ്യേണ്ടത് അവരുടെ ആവശ്യമാണ്. അതിന് കുറച്ചു കോടികൾ ചെലവഴിച്ചാലും നഷ്ടമൊന്നുമില്ല. വിഴിഞ്ഞം വന്നില്ലെങ്കിൽ കിട്ടുന്ന ലാഭത്തിൽ നിന്ന് ഒരു ചെറിയ വിഹിതം, വിഴിഞ്ഞം വരാതിരിക്കാൻ മുടക്കുന്നുവെന്നേയുള്ളൂ. ആ നക്കാപ്പിച്ച കൈനീട്ടി വാങ്ങിയവരാണ് ഇപ്പോഴത്തെ സമരത്തിനു പിന്നിലും.
ഇന്ത്യയ്ക്കിപ്പോൾ സ്വന്തമായി ഒരു ആഴക്കടൽ കണ്ടെയിനർ ട്രാൻസ്മിഷൻ ടെർമിനൽ ഇല്ല. അതുകൊണ്ട് സിങ്കപ്പൂർ, കൊളംബോ, സലാലാ തുറമുഖങ്ങളെയാണ് നാം ആശ്രയിക്കുന്നത്. അതുമൂലം നമുക്ക് 2500 കോടിയുടെ അധികച്ചെലവ് ഉണ്ടാകുന്നു എന്നാണ് മതിപ്പ്. വിഴിഞ്ഞം വരുന്നതോടെ ആ തുക രാജ്യത്തിന് ലാഭിക്കാം. അതുകൊണ്ടാണ് ഏറ്റവും പെട്ടെന്ന് പണി പൂർത്തിയാകേണ്ട പ്രോജക്ടുകളിൽ മുന്തിയ പരിഗണന വിഴിഞ്ഞത്തിന് ലഭിച്ചിരിക്കുന്നത്. എത്രയും വേഗം പൂർത്തിയാകുന്നുവോ, അത്രയും നേരത്തെ വിദേശ തുറമുഖങ്ങളിലുള്ള ആശ്രിതത്വം കുറയും.
പ്രതിവർഷം 2500 കോടി. അത്രയും തുക നമുക്കിവിടെ അധികച്ചെലവുണ്ടാകുമ്പോൾ, മറുഭാഗത്തിന് അതൊരു ഭീമമായ വരുമാനമാണ്. വിഴിഞ്ഞം വന്നാൽ അവർക്ക് നഷ്ടമാകുന്നത് വലിയൊരു തുകയാണ്. അതാണ് വിഴിഞ്ഞത്തിന്റെ വാണിജ്യപ്രാധാന്യം.
യൂജിൻ പെരേര പറയുന്നതുപോലെ, തുറമുഖ നടത്തിപ്പ് നേവിയ്ക്കു കൊടുത്താലോ? ഈ 2500 കോടി കിട്ടിക്കൊണ്ടിരിക്കുന്നവർ ഹാപ്പിയാകും. അവരുടെ വരവ് മുടങ്ങില്ല. അത് മുടങ്ങാതിരിക്കുക എന്ന വ്യാപാരതാൽപര്യമാണ് സമരത്തിനു പിന്നിൽ. പെരേരയച്ചൻ്റെ വായിൽ നിന്ന് അറിയാതെയാണെങ്കിലും ആ സത്യം പുറത്തു വന്നെന്നേയുള്ളൂ.
സമരത്തിൻ്റെ എക്കണോമിക്സ് ലളിതമാണ്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായാൽ 2500 കോടിയുടെ നഷ്ടമാണ് ചിലർക്കുണ്ടാകുന്നത്. അതൊരു വലിയ തുകയാണ്. ആ നഷ്ടം ഒഴിവാക്കാൻ 2500 കോടിയിൽ നിന്നൊരു ചെറിയ ശതമാനം സമരത്തിനു വേണ്ടി മുടക്കുന്നു എന്നേയുള്ളൂ. ഒരു ശതമാനം നീക്കിവെച്ചാൽത്തന്നെ 25 കോടിയായി.
ആ തുക ചെലവഴിച്ചു സമരം സംഘടിപ്പിക്കുന്നു. ലക്ഷ്യം തുറമുഖ നിർമ്മാണം മുടക്കുക, അല്ലെങ്കിൽ വൈകിപ്പിക്കുക. ആ ലക്ഷ്യത്തോടെ സംഘടിപ്പിക്ക സമരത്തിന് ആളെക്കൂട്ടാൻ പ്രയോഗിച്ച അടവാണ്, തീരശോഷണത്തിൻ്റെയും മത്സ്യസമ്പത്ത് കുറയുന്നതിൻ്റെയും നിറം പിടിപ്പിച്ച കഥകൾ. അതു വിശ്വസിച്ച പാവങ്ങളെ മുന്നിൽ നിർത്തിയാണ് സമര നേതാക്കൾ വർഗീയത കൂടി കലർത്തി നാടിൻ്റെ വികസനം ഒറ്റു കൊടുക്കുന്നത്.