ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ ആപത്കരവും പരിഹാസ്യവുമായ ദുർവ്യാഖ്യാനത്തിന് പിന്തുണ സംഘടിപ്പിക്കാൻ വിയർപ്പൊഴുക്കുകയാണ് കേരളത്തിലെ മുഖ്യധാരാ പത്രങ്ങളും ചാനലുകളും. മനോരമ പത്രവും മാതൃഭൂമി ചാനലും ആർഎസ്എസ് മുഖപത്രത്തെപ്പോലെയാണ് വിശകലനങ്ങളും വ്യാഖ്യാനങ്ങളും പടച്ചുവിടുന്നത്. ധനമന്ത്രിയുടേത് ആർ ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തിന് സമാനമായ പ്രസംഗമെന്നാണ് ഇക്കൂട്ടരുടെ വ്യാഖ്യാനം.
കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണന തുടർന്നാൽ കേരളത്തിലെ ജനങ്ങളും ഖാലിസ്ഥാൻ മോഡൽ സമരത്തിന് നിർബന്ധിതരാകുമെന്നായിരുന്നു ആർ ബാലകൃഷ്ണപിള്ള പ്രസംഗിച്ചത്. പഞ്ചാബിനെ പ്രത്യേക രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ ഭിന്ദ്രൻവാല ജന്മം നൽകിയ വിഘടനപ്രസ്ഥാനമായിരുന്നു ഖാലിസ്ഥാൻ. ഈ ഭീകരവാദികളാൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടിട്ട് ഒരു കൊല്ലം തികയുന്നതിനു മുമ്പായിരുന്നു ബാലകൃഷ്ണപിള്ളയുടെ കുപ്രസിദ്ധമായ പ്രസംഗം. കേന്ദ്ര അവഗണനയോടുള്ള പ്രതിഷേധം തോക്കും ബോംബുമേന്തിയുള്ള തീവ്രവാദപ്രവർത്തനമല്ല എന്നറിയാവുന്ന എല്ലാ വിവേകശാലികളും ബാലകൃഷ്ണപിള്ളയുടെ പ്രസംഗത്തെ വിമർശിച്ചു.
ഈ പ്രസംഗവും ബാലഗോപാലിൻ്റെ പ്രസംഗവും തമ്മിൽ എന്തു താരതമ്യം? വിദ്യാർത്ഥികളെ നിറയൊഴിച്ചു കൊല്ലാൻ മടിക്കാത്ത അംഗരക്ഷകരുമായി നടക്കുന്ന യുപിയിലെയും മറ്റും സർവകലാശാലകൾ കണ്ടു പരിചയിച്ചവർക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ജനാധിപത്യസ്വഭാവം മനസിലാകില്ല എന്നാണ് ബാലഗോപാൽ പറഞ്ഞത്. അതിൽ വിദ്വേഷമില്ല, കലാപാഹ്വാനമില്ല. വാളും ബോംബും തോക്കുമെടുത്ത് യുപിക്കാരോട് യുദ്ധം ചെയ്യണമെന്ന് ആവശ്യപ്പെട്ടില്ല. മറിച്ച് ഈ നാട്ടിൽ നിലനിൽക്കുന്ന ജനാധിപത്യസംവിധാനത്തിൻ്റെ സൗന്ദര്യമാണ് ആ പ്രസംഗത്തിലുള്ളത്. അതു മനസിലാക്കാൻ ശ്രമിക്കണമെന്ന വിനീതമായ അഭ്യർത്ഥനയും.
അതിനെ നീചമായി ദുർവ്യാഖ്യാനം ചെയ്യുകയാണ് ഗവർണർ ചെയ്തത്. അതിൽ ആരിഫ് മുഹമ്മദ് ഖാൻ ഒറ്റയ്ക്കുമല്ല. മലയാളം പത്രങ്ങളുടെ റിപ്പോർട്ടുകൾ വെട്ടിയെടുത്ത്, അതിലെ വാചകങ്ങളെ ദുർവ്യാഖ്യാനം ചെയ്യാൻ രാജ്ഭവനിൽ കുടികിടക്കുന്ന ആർഎസ്എസുകാരും സഹായിച്ചിട്ടുണ്ടാകും.
ഗവർണറും കൂട്ടാളികളും ചെയ്തത് ആപത്കരമായ ദുർവ്യാഖ്യാനമാണെന്ന് ചൂണ്ടിക്കാണിച്ച് നിശിതമായ വിമർശനം ചൊരിയേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്. അതല്ല പക്ഷേ, അവർ ചെയ്തത്. മലയാള മനോരമയിൽ സുജിത് നായരും മാതൃഭൂമി ചാനലിൽ പ്രശാന്ത് കൃഷ്ണയുമൊക്കെ ഗവർണർ ചെയ്ത നീചകൃത്യത്തെ എഴുതിയും പറഞ്ഞും പൊലിപ്പിക്കുകയാണ്. ധനമന്ത്രിയുടെ പ്രസംഗത്തെ ദേശദ്രോഹമെന്ന് ഒരു വാചകത്തിൽ പരാമർശിക്കുക മാത്രമാണ് ഗവർണർ ചെയ്തതെങ്കിൽ, ആ പ്രസംഗത്തെ ആർ ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തോട് ഉപമിച്ച് കൂടുതൽ ആപൽക്കരമായ വ്യാഖ്യാനം ചമയ്ക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്.
ദേശദ്രോഹക്കുറ്റം ആരോപിച്ച് ധനമന്ത്രിയ്ക്കെതിരെ രാജ്യമെമ്പാടുമുള്ള കോടതികളിൽ കേസു ഫയൽ ചെയ്യാനുള്ള ആഹ്വാനവും മുഴക്കുന്നത് മനോരമയും മാതൃഭൂമിയുമാണ്. എത്രമാത്രം നീചമായ എഡിറ്റോറിയൽ കുത്തിത്തിരിപ്പാണ് ഇവർ ചെയ്തുകൂട്ടുന്നത്?
രണ്ട് കാര്യങ്ങൾ ഈ വിവാദത്തിൽ പ്രസക്തമാണ്. ഒന്ന്, ഗവർണർക്ക് തോന്നിയതുപോലെ പ്രീതി പിൻവലിച്ച് മന്ത്രിയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാൻ അധികാരമില്ല. തീർത്തും ഭരണഘടനാവിരുദ്ധമായ നടപടിയാണ് ഗവർണറുടേത്. രണ്ട്, ബാലഗോപാലിൻ്റെ പ്രസംഗം അപകടകരമായി ദുർവ്യാഖ്യാനം ചെയ്ത് ഗവർണറാണ് ദേശദ്രോഹക്കുറ്റം ചെയ്തിരിക്കുന്നത്.
ഈ രണ്ടു വിഷയങ്ങളിലും ജനാധിപത്യബോധമുള്ളവർക്ക് ഗവർണറെ അനുകൂലിക്കാനാവില്ല. മനോരമയും മാതൃഭൂമിയും ജനാധിപത്യപക്ഷത്തുമല്ല.