It has become imperative and necessary that right persons are chosen as Governors if the sanctity of the post as the Head of the Executive of a State is to be maintained.
ഇതൊരു സുപ്രിംകോടതി വിധിയിൽ നിന്നുള്ള ഉദ്ധരണിയാണ്. എഴുതിയത് ജസ്റ്റിസ് അരിജിത് പസായത്. 2005ൽ ബീഹാർ നിയമസഭ പിരിച്ചുവിട്ടതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിച്ച ഭരണഘടനാ ബെഞ്ചിൻ്റെ ഭൂരിപക്ഷ വിധിയോടുള്ള വിയോജനക്കുറിപ്പിലാണ് ഈ പരാമർശമുള്ളത്. സംസ്ഥാനത്തിൻ്റെ ഭരണനിർവഹണ സംവിധാനത്തിൻ്റെ തലവൻ എന്ന പദവിയുടെ പരിശുദ്ധി നിലനിൽക്കണമെങ്കിൽ, ശരിയായ ആളുകളെ ഗവർണായി നിയമിക്കേണ്ടത് അടിയന്തരാവശ്യമാണ് എന്നു മലയാളം.
ജസ്റ്റിസ് അരിജിത് പസായത്ത് പറഞ്ഞ ശരിയായ ആളുകളുടെ പട്ടികയിൽ വരുന്ന ആളല്ല താനെന്ന് നേരത്തെ തന്നെ ആരിഫ് മുഹമ്മദ് ഖാൻ തെളിയിച്ചു കഴിഞ്ഞു. ജഡ്ജിയുടെ ദീർഘവീക്ഷണം നോക്കൂ. ഇദ്ദേഹത്തെപ്പോലുള്ളവർ ഗവർണാറായാൽ ആ പദവിയുടെ പരിശുദ്ധി നഷ്ടപ്പെടുമെന്നു പ്രവചിച്ച സുപ്രിംകോടതി ജഡ്ജിയ്ക്കു വന്ദനം.
ഗവർണറെന്ന പദവിയുടെ അന്തസിനെക്കുറിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ്റെയും വേവലാതി. അദ്ദേഹം ചുമതലയേറ്റ് അധികം താമസിയാതെ തന്നെ അന്തസിടിഞ്ഞ കസേരയാണത്. പാതാളത്തിൽ പതിച്ചവർക്കെവിടെ കുഴിയെപ്പേടി?
ഗവർണറുടെ വിവരക്കേടിന് പിന്തുണ നൽകാനും ഭൂമി മലയാളത്തിൽ ആളുണ്ട്. ബിജെപിയുടെ കാര്യം പറയേണ്ടല്ലോ. പക്ഷേ, ജനാധിപത്യത്തിൻ്റെ നാലാം തൂണുകളെന്ന് മുഖംമൂടിയിട്ട മുഖ്യധാരാ മാധ്യമങ്ങളുടെ കാര്യമോ? ഗവർണറുടെ ജനാധിപത്യവിരുദ്ധമായ ഭീഷണിയെ പിന്തുണയ്ക്കാൻ അവരുമുണ്ട്.
അതിനിടെ, ഗവർണറുടെ മുന്നറിയിപ്പ് ആലോചിച്ച് ഉറപ്പിച്ച്. എന്നൊരു തലക്കെട്ടിൽ ഒരു ഹാസ്യകൃതി മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തേഞ്ഞു പഴകിയൊരു നമ്പൂരി ഫലിതമാണ് ആ സൃഷ്ടി ഓർമ്മിപ്പിക്കുന്നത്. കാളക്കൊമ്പുകൾക്കിടയിൽ തല കുടുങ്ങിപ്പോയ നമ്പൂരിയും പറഞ്ഞത്, ഏറെ ആലോചിച്ചാണ് താൻ തലയിട്ടത് എന്നല്ലേ. അതുപോലെ ഏറെ ആലോചിച്ചാണത്രേ, ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിമാർക്കുനേരെയുള്ള ഭീഷണിട്വീറ്റ് തയ്യാറാക്കിയത്.
അത്യാവേശത്തോടെ റെഞ്ചി കുര്യാക്കോസ് ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു :
ഗവർണർ പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തിയാൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയത് ആലോചിച്ച് ഉറപ്പിച്ച ശേഷം. പലതവണ എഴുതി വിശദമായി പരിശോധിക്കുകയും തിരുത്തലുകൾ വരുത്തുകയും ചെയ്ത ശേഷമാണ് ശക്തമായ ഭാഷയിലുള്ള ട്വീറ്റ് അദ്ദേഹം തിരഞ്ഞെടുത്തത്. ഭരണഘടനാ വകുപ്പുകളും മറ്റും പഠിച്ച ശേഷമായിരുന്നു ഇത്. മന്ത്രിമാരുടെ വിമർശനം അതിരുവിട്ടാൽ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് ട്വീറ്റിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്. അത് ലക്ഷ്യസ്ഥാനത്തു തന്നെ കൊണ്ടെന്ന് പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
ഭരണഘടനാവകുപ്പുകളും മറ്റും വ്യക്തമായി പഠിച്ച ശേഷമായിരുന്നത്രേ അദ്ദേഹം ട്വീറ്റെഴുതിയത്. ഹർജിയെഴുതാനും സത്യവാങ്മൂലം തയ്യാറാക്കാനുമൊക്കെയാണ് ഭരണഘടന കൂലങ്കഷമായി പഠിക്കുക. ഇവിടെ 250 വാക്കിനകത്തു നിന്നൊരു ട്വീറ്റെഴുതാനും ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടന കണ്ണിലെണ്ണയൊഴിച്ചു പഠിച്ചത്രേ. റെഞ്ചി കുര്യാക്കോസിൻ്റെ എക്സ്ക്ലൂസീവല്ലേ. ശരിയായിരിക്കും.
വിഡ്ഢിത്തരം പറയാൻ ഇത്രയും അധ്വാനിക്കുന്നവരെ വെറും വിഡ്ഢിയെന്നല്ല, പമ്പര വിഡ്ഢിയെന്നാണ് വിളിക്കേണ്ടത്. നോക്കൂ. എത്ര അനായാസമായിട്ടാണ് വി മുരളീധരനും കെ സുരേന്ദ്രനും അഡ്വ. ഗോപാലകൃഷ്ണനുമൊക്കെ മണ്ടത്തരം വിളമ്പുന്നത്. ആ ലെവലിൽ നിൽക്കുന്ന അസംബന്ധം പറയാൻ ആരിഫ് മുഹമ്മദ് ഖാന് ഇന്ത്യൻ ഭരണഘടന കമ്പോടു കമ്പ് വായിക്കേണ്ടി വന്നുവത്രേ. വല്ലാത്ത അവസ്ഥ തന്നെയാണത്.
തന്നിൽ തിരുവുള്ളക്കേടുണ്ടാക്കിയാൽ മന്ത്രിയെ പുറത്താക്കും എന്ന് ഭീഷണി മുഴക്കിയ ഗവർണർക്കു പിന്തുണയുമായി ബിജെപിക്കാർ രംഗത്തിറങ്ങുന്നത് മനസിലാക്കാം. പക്ഷേ, നമ്മുടെ മാധ്യമങ്ങളും ചാനലുകളും അതിലെ ഏഴാം കൂലി നിരീക്ഷകവേഷങ്ങളും എന്തുകണ്ടിട്ടാണോ ആവോ ഗവർണർക്കു പിന്തുണയുമായി ചാടി വീഴുന്നത്. ചുളുവിലൊരു ഭരണഘടനാനിരീക്ഷകൻ പദവി തരപ്പെടുത്തിയെടുക്കാനാണെങ്കിൽ ഓകെ.
ഗവർണർ എന്തു ചെയ്യുമെന്നാണ് ഇവരൊക്കെ ധരിച്ചുവെച്ചിരിക്കുന്നത്. ഗവർണർക്ക് തിരുവുള്ളക്കേടുണ്ടായി, മന്ത്രി ആർ ബിന്ദുവിനെ പിരിച്ചുവിട്ടു എന്നിരിക്കട്ടെ. ഉത്തരവ് സ്വന്തം നിലയിൽ ഗവർണർക്ക് ഇറക്കേണ്ടി വരും. രാജ്ഭവൻ അങ്ങനെയൊരുത്തരവ് പുറപ്പെടുവിച്ചു എന്നുമിരിക്കട്ടെ. ആ ഉത്തരവ് അനുസരിക്കേണ്ടത് മുഖ്യമന്ത്രിയാണല്ലോ. മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെങ്കിലോ? ഇദ്ദേഹം മുഖ്യമന്ത്രിയെയും പുറത്താക്കുമോ? മന്ത്രിസഭയെ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമില്ലല്ലോ. പിരിച്ചുവിടണമെന്ന ശുപാർശ പ്രസിഡന്റിന് അയയ്ക്കാനല്ലേ പറ്റൂ.
ഇതിനിടയിൽ മന്ത്രിയ്ക്ക് കോടതിയെ സമീപിക്കാം. ക്വാ വാറന്റോ റിട്ടു കൊടുക്കാം. ഇത്തരം ഉത്തരവിറക്കാൻ ഗവർണർക്കുള്ള അധികാരം ചോദ്യം ചെയ്യാം.
ഭരണഘടനാപരമായുള്ള നിയമപരിരക്ഷ ഗവർണർക്കേയുള്ളൂ. അദ്ദേഹത്തിൻ്റെ തീരുമാനങ്ങൾക്കില്ല. ആ തീരുമാനങ്ങൾ കോടതിയിൽ
ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പലതും അസാധുവാക്കപ്പെട്ടിട്ടുണ്ട്. തിരുത്തപ്പെട്ടിട്ടുണ്ട്. തീരുമാനത്തിൻ്റെ പേരിൽ ഗവർണറെ വിളിച്ചു വരുത്താൻ കോടതിയ്ക്കു പറ്റില്ലെന്നേയുള്ളൂ. ആ തീരുമാനത്തിൻ്റെ നിയമസാധുത പരിശോധിക്കുന്നതിൽ നിന്ന് കോടതിയെ തടയുന്ന ഒരു വകുപ്പും ഭരണഘടനയിലില്ലെന്ന് ഒട്ടേറെ വിധിന്യായങ്ങളിൽ സുപ്രിംകോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
ഗവർണർ വിശുദ്ധ പശുവൊന്നുമല്ല. തന്നിഷ്ടം നോക്കി എന്തും ചെയ്യാൻ നമ്മുടെ ഭരണഘടന ഗവർണറെ ചുമതലപ്പെടുത്തിയിട്ടുമില്ല. മന്ത്രിയോട് അനിഷ്ടം പ്രകടിപ്പിച്ച് പുറത്താക്കാൻ ഉത്തരവിട്ടാൽ പോയി പണി നോക്കാൻ പറയുകയേ ഉള്ളൂ, ഏത് മന്ത്രിസഭയും മുഖ്യമന്ത്രിയും.
മറിച്ചെന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന രാജ്ഭവൻ വിഡ്ഢികൾക്ക് പ്രീതിയുള്ള നമസ്കാരം.