സംസ്ഥാന സര്‍ക്കാരിനെതിരെ ഭീഷണിയുമായി വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും ഇറങ്ങിയിരിക്കുകയാണ്. തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുമെന്നാണ് പുതിയ പ്രഖ്യാപനം. അങ്ങനെയൊക്കെ പുറത്താക്കാൻ ഗവർണർക്ക് അധികാരമുണ്ടോ? അതോ, ആർഎസ്എസ് സഹവാസം മൂലം എന്തും ചെയ്യാനുള്ള അധികാരം തനിക്കു കൈവന്നിട്ടുണ്ട് എന്ന് ആരിഫ് മുഹമ്മദ് ഖാൻ ധരിക്കുന്നുണ്ടോ? ഒരു തരം വിമർശനങ്ങൾക്കും ഗവർണർ അതീതനല്ല. തന്നെ വിമർശിക്കുന്ന മന്ത്രിയെ പുറത്താക്കിക്കളയും എന്നൊക്കെ ട്വിറ്ററിലൂടെ ഭീഷണി മുഴക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ സത്യത്തിൽ ഒരു പരിഹാസ കഥാപാത്രമാണ്.
ആരിഫ് ഖാൻ എടുത്തു വീശുന്ന പ്രീതി പ്രമാണം (Doctine of Pleasure) നമ്മുടെ ഭരണഘടന കടംകൊണ്ട് ബ്രിട്ടീഷുകാരിൽ നിന്നാണ്. എല്ലാ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും രാജസേവകരായിട്ടാണ് അവിടെ കണക്കാക്കപ്പെടുന്നത്. അവർ ജോലി ചെയ്യുന്നത് രാജപ്രീതിയ്ക്കു വേണ്ടിയും. പ്രീതി നഷ്ടപ്പെടുന്ന പക്ഷം രാജാവിന് ഏതു സമയത്തും കാരണം കാണിക്കാതെ സേവകരെ പിരിച്ചുവിടാം. രാജതീരുമാനം തെറ്റെന്നു വാദിച്ച് കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ല. നഷ്ടപരിഹാരത്തിനും വകുപ്പില്ല.
ഈ സങ്കൽപം ഇന്ത്യൻ ഭരണഘടനയും പകർത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ രാജാവിൻ്റെ സ്ഥാനത്ത് ഇന്ത്യയിൽ പ്രസിഡന്റും സംസ്ഥാനങ്ങളിൽ ഗവർണറും. പ്രീതിപ്രമാണം അനുസരിച്ച് അവരാണ് നിയമനാധികാരികൾ. പക്ഷേ, ഇംഗ്ലണ്ടിൽ ഇല്ലാത്ത ഒരു ചങ്ങല ഇവിടെയുണ്ട്. ഭരണഘടനയുടെ ചങ്ങല. പ്രീതിയും അപ്രീതിയും തോന്നിയതുപോലെ പ്രയോഗിക്കാൻ ഇന്ത്യൻ ഭരണഘടന പ്രസിഡന്റിനെയോ ഗവർണറെയോ അധികാരപ്പെടുത്തുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭ നിയോഗിക്കുന്ന മന്ത്രിസഭയുടെ ഉപദേശത്തിൽ വേണം, ആ അധികാരം പ്രയോഗിക്കേണ്ടത്.
ചുരുക്കിപ്പറഞ്ഞാൽ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും നിയമിക്കുന്നത് പ്രസിഡന്റാണ്. പക്ഷേ, പ്രീതി നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് അവരെ സ്ഥാനഭ്രഷ്ടരാക്കാനുള്ള വിവേചനാധികാരം പ്രസിഡന്റിനില്ല. സംസ്ഥാനങ്ങളിൽ മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്കും. ഇതു മറന്നുകൊണ്ടാണ് തൻ്റെ പ്രീതി പിൻവലിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ ഭീഷണി മുഴക്കുന്നത്. ഒരുപക്ഷേ, താൻ ഇംഗ്ലണ്ടിലെ രാജാവാണെന്നാവും അദ്ദേഹം കരുതുന്നത്. ആർഎസ്എസിൻ്റെ പിന്തുണയുണ്ടെങ്കിൽ എന്തൊക്കെ സ്വപ്നങ്ങൾ അദ്ദേഹത്തിനു കണ്ടുകൂടാ.
അധികാരത്തിൻ്റെ ലഹരിയിറങ്ങുമ്പോൾ അദ്ദേഹം വായിക്കേണ്ടത് 2010ലെ സുപ്രധാനമായ ഒരു സുപ്രിംകോടതി വിധിയാണ്. ബി പി സിംഗാളും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിൽ പുറപ്പെടുവിച്ച വിധി. പ്രസിഡന്റിന്റെ/ഗവര്‍ണറുടെ പ്രീതി (PLEASURE ) വ്യക്തിപരമല്ലെന്ന് ആ കേസിൽ സുപ്രിംകോടതി വിധിച്ചിട്ടുണ്ട്.
എന്താണ് ബി പി സിംഗാള്‍ കേസ് ?
2004ല്‍ ഗോവ, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാന മന്ത്രിസഭകളുടെ ആവശ്യം അംഗീകരിച്ച് ഈ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ രാഷ്ട്രപതി നീക്കി. വിഷയം പൊതുതാല്‍പ്പര്യ ഹര്‍ജിയായി സുപ്രീംകോടതിയിലെത്തി. കേസ് പരിഗണിച്ച നാലംഗ ബെഞ്ച് ഹര്‍ജി അനുവദിച്ചെങ്കിലും അതിൻ്റെ ആനുകൂല്യം പുറത്താക്കപ്പെട്ട ഗവര്‍ണര്‍മാര്‍ക്ക് കിട്ടിയില്ല. പ്രസിഡന്റിൻ്റെ നടപടി സ്റ്റേ ചെയ്തില്ല. അന്തിമ വിധി 2010ലായിരുന്നു.
ഗവര്‍ണറുടെ ഭീഷണിയും ഈ കേസും തമ്മിലെന്ത്
ഗവര്‍ണര്‍മാരെ രാഷ്ട്രപതി പുറത്താക്കിയതായിരുന്നു വിഷയമെങ്കിലും ഭരണഘടനയില്‍ പറയുന്ന പ്രീതി ( PLEASURE) എന്ന പ്രയോഗത്തെ വിശദമായി സുപ്രീംകോടതി ബി പി സിംഗാള്‍ കേസില്‍ പരിശോധിക്കുകയുണ്ടായി. ആ നിരീക്ഷണങ്ങള്‍ ഒരാവർത്തി വായിച്ചാൽ സ്വന്തം അധികാരത്തെക്കുറിച്ച് ആരിഫ് മുഹമ്മദ് ഖാന് ഒരു സാമാന്യധാരണ കിട്ടും.
കോടതി പറഞ്ഞതെന്ത് ?
DOCTRINE OF PLEASURE നെക്കുറിച്ച് വിശാലമായി തന്നെ ഈ വിധിയില്‍ പറയുന്നുണ്ട്. രാഷ്ട്രപതിയുടെ പ്രീതിയും, ഗവര്‍ണറുടെ പ്രീതിയും പരമമല്ലെന്ന് സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കുന്നു. ആ പ്രീതി ഏകപക്ഷീയമായി പ്രയോഗിക്കാനുള്ളതല്ലെന്നും ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ടതാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രീതിയുടെ പേരും പറഞ്ഞ് ഗവര്‍ണര്‍ക്ക് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ നടപ്പാക്കാനാവില്ലെന്ന് പച്ചമലയാളം .
ഗവര്‍ണര്‍ മനസിലാക്കേണ്ടത്
ആരിഫ് മുഹമ്മദ് ഖാന് തിരിച്ചറിയേണ്ടത് ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പുറത്താക്കാന്‍ ഒരവകാശവുമില്ലെന്നാണ്. മന്ത്രിമാരെ തീരുമാനിക്കുന്നതും മന്ത്രിമാരെ ഒഴിവാക്കുന്നതുമെല്ലാം മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. മുഖ്യമന്ത്രിക്ക് തൻ്റെ തീരുമാനം ഗവര്‍ണറിലൂടെ നടപ്പാക്കാനുള്ള വഴി തുറക്കുക മാത്രമാണ് പ്രായോഗികമായി ഈ പ്രീതി എന്ന വാക്കുകൊണ്ട് ലക്ഷ്യമാക്കുന്നത്. വോട്ടും നേടി വിജയിച്ചതും മുഖ്യമന്ത്രിയുടെ പിന്തുണയും ഒന്നും പോരാ ഗവര്‍ണറെയും തൃപ്തിപ്പെടുത്തണമെന്ന് പറഞ്ഞാല്‍ അല്‍പ്പം പാടാണ്. ജനാധിപത്യമല്ലേ വെള്ളരിക്കാ പട്ടണമല്ലല്ലോ.
അതുകൊണ്ട് ഗവര്‍ണറോട് പറയാനുള്ളത് ഇത്രമാത്രം. സംഘപരിവാറിന് വേണ്ടി ഉറഞ്ഞുതുള്ളുമ്പോള്‍ നിയമ വ്യാഖ്യാനങ്ങള്‍ തിരിച്ചറിഞ്ഞ് സംസാരിച്ചാല്‍ നാണംകെടുന്നതില്‍ നിന്ന് തടിതപ്പാം.