ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ഗൊദാർദ് അന്തരിച്ചു. 91 വയസായിരുന്നു. ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് എന്ന നിലയിൽ ശ്രദ്ധേയനാണ്. 1950-കളിലും 60-കളിലും സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ചലച്ചിത്രകാരനായിരുന്നു ഗൊദാർദ്. സമഗ്രസംഭാവനയ്ക്കുള്ള ഓസ്കാർ പുരസ്കാരം നേടിയ ഗൊദാർദ്, രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായിരുന്നു. തിരക്കഥ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നത്. ആദ്യകാല ചിത്രങ്ങൾ ഒക്കെയും പരീക്ഷണസ്വഭാവമുള്ളവയായിരുന്നു. അറുപതുകളുടെ മധ്യത്തോടെ ഗൊദാർദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓർ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെർ (1966) ഈ കാലഘട്ടത്തിൽ നിർമിച്ച സിനിമയാണ്. എഴുപതുകളിൽ വീഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
‘പൊളിറ്റിക്കല്‍ സിനിമ’യുടെ ശക്തനായ പ്രയോക്താവ്. ചലച്ചിത്രനിരൂപകന്‍, നടന്, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന് എന്നീ നിലകളിലും ഗൊദാർദ് ശക്തമായ സാന്നിധ്യമായി. ബ്രെത്ത്ലെസ് ആണ് ആദ്യ ചിത്രം. 1969-ൽ പുറത്തിറങ്ങിയ എ വുമൺ ഈസ് എ വുമൺ ആയിരുന്നു ആദ്യ കളർ ചിത്രം.