എകെജി സെന്റർ ബോംബാക്രമണത്തിൽ യൂത്ത് കോൺഗ്രസിന് വ്യക്തമായ പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ബോംബാക്രമണത്തിൻ്റെ ആസൂത്രകർ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനുമാണെന്നും വി കെ സനോജ് പറഞ്ഞു. എകെജി സെന്റർ ബോംബാക്രമണ കേസിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വി കെ സനോജിൻ്റെയും ഡിവൈഎഫ്ഐയുടെയും പ്രതികരണം.
കലാപമുണ്ടാക്കി രാഷ്ട്രീയ ലാഭത്തിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എകെജി സെന്റർ ആക്രമണം നടന്നപ്പോഴേ ഡിവൈഎഫ്ഐ പറഞ്ഞ കാര്യമാണ് ഇപ്പോൾ സത്യമെന്ന് തെളിയുന്നത്. യൂത്ത് കോൺഗ്രസ് തുടർച്ചയായ പ്രകോപനത്തിലേക്ക് പോകുന്നു. ‘യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചു. എന്നിട്ടും വേണ്ടത്ര പ്രകോപനം ഇല്ലാത്തതുകൊണ്ട് ഡിവൈഎഫ്ഐ ഓഫീസുകൾ ആക്രമിച്ചു. പിന്നീടാണ് എകെജി സെന്റർ ആക്രമണത്തിലേക്ക് കടന്നത് എന്ന് വ് കെ സനോജ് വ്യക്തമാക്കി.
എകെജി സെന്റർ ബോംബാക്രമണ കേസിലെ പ്രതിയെ തിരിച്ചരിച്ച പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണ്. പ്രതി വിദേശത്തേക്ക് കടന്നതായും പോലീസ് പറഞ്ഞു.