മധ്യപ്രദേശ്: മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാകാളി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനെയും ആലിയ ഭട്ടിനെയും തടഞ്ഞു. ബജ്റംഗ്ദൾ പ്രവർത്തകരാണ് ഇരുവരെയും തടഞ്ഞത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബ്രഹ്മാസ്ത്രയുടെ റിലീസിന് മുന്നോടിയായി സംവിധായകൻ ആയാൻ മുഖർജിയ്ക്കൊപ്പം ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയതായിരുന്നു രൺബീറും ആലിയയും. ഇരുവരും ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ ‘ജയ് ശ്രീറാം’ വിളികളുമായി ബജ്റംഗ്ദൾ പ്രവർത്തകർ ഇവരെ തടഞ്ഞു. രൺബീർ കപൂറിൻ്റെ ബീഫ് കഴിക്കുന്നതിനെക്കുറിച്ചുള്ള 2011ലെ പരാമർശം ചൂണ്ടിക്കാണിച്ചാണ് ഇരുവരേയും ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞത്. ബീഫ് കഴിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ രൺബീർ കപൂർ ‘ഗോമാത’യെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ബജ്റംഗ്ദൾ പ്രവർത്തകർ ആരോപിക്കുന്നത്.
2011ലാണ് രൺബീർ കപൂർ തനിക്ക് ബീഫ് കഴിക്കുന്നത് ഇഷ്ടമാണെന്നും എൻ്റെ കുടുംബം പെഷവാറിൽ നിന്നുള്ളവരാണെന്നും അതിനാൽ ധാരാളം പെഷാവാരി ഭക്ഷണവും കഴിക്കാറുണ്ടന്നും. ഞാനൊരു മട്ടൺ, പായ, ബീഫ് ആരാധകനാണെന്നും പറഞ്ഞത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ലാത്തി ചാർജ്ജ് നടത്തിയതായി മഹാകാൽ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 353 പ്രകാരം ഇവർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.