ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് തരാം സുരേഷ് റെയ്ന ഐപിഎലിൽ നിന്ന് വിരമിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമായിരുന്നു റെയ്ന. 2022 സീസണ് മുന്നോടിയായി നടന്ന മെഗാ ലേലത്തിൽ 2 കോടി രൂപ അടിസ്ഥാന വിലയിട്ട താരത്തെ ടീമിലെത്തിക്കാൻ ചെന്നൈ അടക്കം 10 ഫ്രാഞ്ചൈസികളും താൽപര്യം കാണിച്ചിരുന്നില്ല. 2020 ഓഗസ്റ്റിൽ റെയ്ന രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണി വിരമിച്ച അതേദിവസം തന്നെയാണ് ‘ചിന്നത്തല’യും വിരമിക്കൽ പ്രഖ്യാപിച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റെയ്ന വിരമിക്കൽ പ്രഖ്യാപിച്ചത്. ബിസിസിഐ, ഉത്തർ പ്രദേശ് ക്രിക്കറ്റ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയവർക്ക് റെയ്ന നന്ദി അറിയിച്ചു. മറ്റു ട്വന്റി20 ലീഗുകളിൽ കളിക്കുന്നതിനാണ് ഐപിഎലിൽനിന്നു വിരമിക്കുന്നത്. ഐപിഎല്ലിന് പുറമെ ആഭ്യന്തര ക്രിക്കറ്റിലും റെയ്ന ഇനി കളിക്കില്ല.
ഐപിഎല്ലില്‍ 12 സീസണുകളില്‍ സിഎസ്കെയുടെ നെടുംതൂണായ റെയ്ന ടൂര്‍ണമെന്റ് ചരിത്രത്തിലെ ഉയര്‍ന്ന നാലാമത്തെ റണ്‍വേട്ടക്കാരനാണ്. 205 മത്സരങ്ങളില്‍ 5528 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ഇതില്‍ 4,687 റണ്‍സും സിഎസ്കെ കുപ്പായത്തിലായിരുന്നു. 13 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഇന്ത്യയെ 18 ടെസ്റ്റിലും 226 ഏകദിനങ്ങളിലും 78 രാജ്യാന്തര ടി20കളിലും റെയ്ന പ്രതിനിധീകരിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 5615 ഉം ടി20യില്‍ 1605ഉം റണ്‍സും ടെസ്റ്റില്‍ 768 റണ്‍സുമാണ് റെയ്ന ഇന്ത്യന്‍ കുപ്പായത്തില്‍ നേടിയത്. ടെസ്റ്റില്‍ അരങ്ങേറ്റ സെഞ്ചുറിയും നേടി. മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് സുരേഷ് റെയ്ന. ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം നാല് തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടവും സ്വന്തമാക്കി.