മൊകേരി; ഇനി മരിച്ചവരുടെ അരങ്ങില്
ബിജു മുത്തത്തി
കേരളത്തിലെ ബദൽ
നാടകങ്ങളുടെ നായകൻ പ്രൊഫസർ രാമചന്ദ്രൻ മൊകേരി ഇനി മരിച്ചവരുടെ അരങ്ങിൽ. നിതാന്ത ജാഗ്രത്തായ
ആ നാടകവും രാഷ്ട്രീയജീവിതവും ഇവിടെ പൂർണ്ണമാവുന്നു!
അത്രയേറെ സർഗാത്മകമായും രഷ്ട്രീയരൂകമായും അരങ്ങിനെ മെരുക്കിയ നാടകക്കാരൻ. ‘ഫ്രീ ഫ്രീ നെൽസൺ മണ്ടേല’ എന്ന അമ്മയറിയാ’നിലെ ചുവടുകളാണ് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നത്.
നാടകങ്ങൾ രണ്ടുവിധമേയുള്ളൂ-
പൊലിസ് പിടിക്കുന്ന നാടകങ്ങളും പൊലീസ് പിടിക്കാത്ത നാടകങ്ങളുമെന്ന് പറഞ്ഞത് മൊകേരി മാഷാണ്.
നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കെ അറസ്റ്റു ചെയ്യപ്പെട്ട മാഷ് പിന്നെ നാടകം
പൊലീസ് സ്റ്റേഷനിലും കോടതി മുറികളിലും തുടർന്നാടിയ കഥ കേട്ടിട്ടുണ്ട്. പൊലീസും വക്കീലരും ന്യായാധിപന്മാരും അവിടെ കൂട്ടുനടന്മാരായി. അല്ല, കൂട്ടുപ്രതികളോ!?
കേരളത്തിൻ്റെ രണ്ടാം ചുവപ്പൻ ദശകത്തിൻ്റെ ചുവടുവെപ്പുകാരൻ. മലയാളിയുടെ കൺകണ്ട
തെരുവരങ്ങുകളുടെയെല്ലാം വലിയ ചുമടെടുപ്പുകാരൻ.
നാടൊന്നാകെ ഉണർന്ന പ്രക്ഷോഭനാടകങ്ങളുടെ ഒരു കാലം ഒന്നാകെയാണ് ഈ മനുഷ്യനോടെ വിടവാങ്ങുന്നത്.
ആ നാടകങ്ങളിൽ കാഴ്ചക്കാരുണ്ടായിരുന്നില്ല, കഥാപാത്രങ്ങളേയുണ്ടായിരുന്നുള്ളൂ. ലോകമേ നാടകമെന്ന അവസ്ഥാന്തരങ്ങൾ മാത്രം. അതിന്റെ സത്യാന്യേഷണ അസംബന്ധങ്ങൾ മാത്രം.
ഫാസിസ്റ്റ് വിരുദ്ധത ഒരലങ്കാരമായിരുന്നില്ല മാഷിന്. അവസാനകാലം വരെയും ജീവിതമായിരുന്നു.
മാർക്സിസത്തെക്കുറിച്ചും ഏറ്റവും പുതിയ ദളിത് രാഷ്ടീയധാരയെക്കുറിച്ചുമുള്ള ആഴമേറിയ അനുഭവചിന്തകൾ അസ്വസ്ഥമാക്കിയിരുന്നതായും അറിഞ്ഞിട്ടുണ്ട്.
നാലഞ്ച് കൊല്ലം മുമ്പ് കെപി ശ്രീകൃഷ്ണൻ്റെ ‘നായിൻ്റെ ഹൃദയം’ എന്ന സിനിമ IFFK യിൽ വന്നപ്പോഴാണ് മൊകേരി മാഷിനെ നേരിട്ട് പരിചയപ്പെട്ടത്. ആ സിനിമയിലെ മുഖ്യനടനായിരുന്നു മാഷ്.
നായിനെക്കൊണ്ട് പരീക്ഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞൻ.
സിനിമ നാടകം പോലെ കണ്ടു.
അതൊരു ദോഷമായല്ല, ഗുണമായിട്ടാണ് പറഞ്ഞത്. മാഷിന് എൻ്റെ നിരീക്ഷണം ഇഷ്ടമായെന്നാണ് വിശ്വാസം.
അന്നത്തെ രാസൗഹൃദസഭയ്ക്കു
ശേഷവും മാഷ് എന്നും മെസഞ്ചറിൽ വന്ന് സൗഹൃദമറിയിച്ചു കൊണ്ടിരുന്നു.
പ്രത്യേകിച്ചൊന്നും നമ്മൾ തിരിച്ചു പ്രതികരിച്ചില്ലെങ്കിലും മാഷ് അയച്ചു കൊണ്ടിരുന്നു. ഇപ്പോൾ അലോചിച്ചു പോവുന്നു പ്രതികരിക്കാത്തവർ നമ്മളെത്ര ചെറിയ മനുഷ്യരെന്ന്. എത്ര ഭീരുക്കളെന്ന്.
സദസ്സിൽ ഒരൊറ്റയാളേയുള്ളൂവെങ്കിലും അയാൾക്കു വേണ്ടി പ്രൊഫസർ രാമചന്ദ്രൻ മൊകേരി ഒരു നാടകമാടും.
ഒരു ആത്മചിത്രം വരച്ച് മാഷ് മെസഞ്ചറിലിട്ടു തന്നപ്പോൾ മാത്രമല്ല,
അതിനു മുമ്പും തോന്നിയിരുന്നു.
ഒരിക്കൽ മാഷിൻ്റെ ശിഷ്യൻ
പ്രേംചന്ദിനോട് നമ്പർ വാങ്ങി ‘കേരള എക്സ്പ്രസിൽ’ ചിത്രീകരിക്കാൻ വിളിച്ചു. പല നല്ലതും നടക്കാത്ത കൂട്ടത്തിൽ അതും നടന്നില്ല!
മാഷിൻ്റെ മെസഞ്ചർ സന്ദേശങ്ങളും
ഇടയ്ക്കെപ്പോഴോ മുറിഞ്ഞുപോയി. സൗകര്യത്തിന് ഇൻബോക്സിൽപ്പോയി
മുകളിലോട്ട് ഉരച്ചു നോക്കിയാൽ എപ്പോഴും കാണാനാവില്ല എല്ലാം എന്ന് ഓർമ്മിപ്പിച്ച്
ഇപ്പോഴാ ആ ജീവിതവും മടങ്ങുന്നു.
എന്തൊരു നാടകമാണിത്!
Dogtor Mockery എന്ന വിചിത്രമായ ഒരു നാടക വേഷത്തിൻ്റെ കറുത്ത ചിരിയോടെയാണ് മാഷ് ഫേസ് ബുക്കിലും മറഞ്ഞിരുന്ന് സൗഹ്യദങ്ങളോട് സംവദിച്ചു കൊണ്ടിരുന്നത്. ആ സംവാദങ്ങൾക്കു മുന്നിൽ നമുക്ക് നാടകം കളിച്ച് പിടിച്ചു നിൽക്കുകയും അസാധ്യമായിരുന്നു.
നായകത്വത്തേക്കാൾ
നായ’ത്വം മാഷുടെ ഒരു ഒബ്സഷനായിരുന്നു. ഫോർട്ടു കൊച്ചിയിലെ ജോൺ എബ്രഹാമിൻ്റെ നായ്ക്കളി നാടകം തൊട്ട് ഫേസ്ബുക്ക് പ്രൊഫൈൽ dogtor വരെ അത് നീളുന്നു.
നമുക്ക് എങ്ങനെയും വ്യാഖ്യാനിക്കാവുന്ന നന്ദിയുടെയും കാവലിൻ്റെയും സർവാംഗ വിധേയത്വത്തിൻ്റെയും ആ നായ്ക്കളികൾ തന്നെയാണ് ഇക്കണ്ടകാലമത്രയും
മനുഷ്യാനീതികളുടെ നേർക്ക് കുരച്ചു ചാടാൻ ഈ നാടകകാരന് ധൈര്യം തന്നത്.
അടപ്പാടിയിലെ മധുവിൻ്റെ മുഖമാണ് മാഷിൻ്റെ ഒടുവിലത്തെ
പ്രൊഫൈൽ പിക്ക്. മൂന്നാം ലോക തെണ്ടിക്കൂത്ത് നാടകമാടിയാൾക്ക്
ഇനി അനന്തകാലത്തേക്കുമുള്ള മുഖചിത്രം അതാണ്. ക്രൂശിത രൂപത്തേക്കാൾ പീഡിതമാണ് ഈ അനീതി ചിത്രമെന്ന് വിളിച്ചു പറയുന്ന മാഷുടെ അവസാനത്തെ നാടകം നമുക്കാ ചിത്രത്തിൽ സങ്കൽപ്പിച്ചെടുക്കാം.
മൊകേരി മാഷ് നിന്ന നിൽപ്പിലും നടന്ന നടപ്പിലും വരെ നാടകമാവുകയാണെന്ന് തോന്നിയിട്ടുണ്ട്.
ഇപ്പോൾ മരിച്ച ഈ കിടപ്പിലും നമുക്കങ്ങനെ തോന്നുന്നുവെങ്കിൽ
അതാണ് ആ നാടകത്തിൻ്റെയും ജീവിതത്തിൻ്റെയും ശക്തി!