മുംബൈ: ഐഎസ്എല്‍ ഒമ്പതാം സീസണിന് ഒക്ടോബര്‍ ഏഴിന് തുടക്കമാകും. സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗ്ലാളിനെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമാണ് ആദ്യ മത്സരത്തിന് വേദിയാവുക. നേരത്തെ, ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ എതിരാളിയായി എടികെ മോഹന്‍ ബഗാനെയായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഒക്ടോബര്‍ 16ന് കൊച്ചിയില്‍ മോഗന്‍ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം മത്സരം. ഉദ്ഘാടന മത്സരങ്ങള്‍ ഉള്‍പ്പെടെ കൊമ്പന്മാരുടെ പത്ത് മത്സരങ്ങള്‍ക്കാണ് ഇത്തവണ കൊച്ചി വേദിയാകുന്നത്.
11 ടീമുകളാണ് ഇത്തവണ ഏറ്റുമുട്ടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് പുറമെ എടികെ മോഹന്‍ ബഗാന്, ബെംഗളൂരൂ എഫ്സി, ചെന്നൈയിന് എഫ്സി, ഈസ്റ്റ് ബംഗാള്‍, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി, ജംഷഡ്പൂര്‍, മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്സി എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. നാലു ടീമുകള്‍ കളിക്കുന്ന പ്ലേ ഓഫിന് പകരം ആറ് ടീമുകളാകും ഇനി മുതല്‍ പ്ലേ ഓഫില്‍ കളിക്കുക. 2014ല്‍ ഐഎസ്എല്‍ തുടങ്ങുമ്പോള്‍ എട്ടു ടീമുകളായിരുന്നു ഉണ്ടായിരുന്നത്. ആദ്യ നാലു സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കുകയും വിജയിക്കുന്നവര്‍ ഫൈനലിലെത്തുന്നതുമായിരുന്നു രീതി. എന്നാല്‍ നിലവില്‍ 11 ടീമുകളാണ് ലീഗിലുള്ളത്. ലീഗ് റൗണ്ടില്‍ മുന്നിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ പ്ലേ ഓഫിലേക്ക് നേരിട്ട് യോഗ്യത നേടും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തിനായി മൂന്നാം സ്ഥാനത്തെത്തുന്നവരും ആറാം സ്ഥാനത്തെത്തുന്നവരും നാലാം സ്ഥാനത്തെത്തുന്നവരും അഞ്ചാം സ്ഥാനത്തെത്തുന്നവരും പരസ്പരം മത്സരിക്കുകയും ഇതിലെ വിജയികള്‍ പ്ലേ ഓഫിലെത്തുകയും ചെയ്യുന്നതായിരിക്കും പുതിയ രീതി.
ഈ സീസണിലെ മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും. 2023 മാര്‍ച്ചിലാണ് കലാശപോര്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഗോവയിലായിരുന്നു ഐഎസ്എല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.