മുംബൈ: റോഡ് സേഫ്റ്റി ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാം സീസൺ സെപ്റ്റംബർ 10ന് ആരംഭിക്കും. ഒക്ടോബർ ഒന്നുവരെയാണ് ടൂർണമെന്റ്. ഇന്ത്യൻ ലെജന്‍ഡ്സിനെ ഇത്തവണയും സച്ചിൻ തെണ്ടുല്‍ക്കര്‍ തന്നെ നയിക്കും. റായ്പൂരിലെ ആദ്യ സീസണിൽ സച്ചിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ ലെജന്‍ഡ്സ് ആയിരുന്നു ചാമ്പ്യൻസ്. റായ്പുരിന് പുറമെ ഇത്തവണ കാണ്‍പുര്‍, ഇന്ദോര്‍, ദെഹ്റാദൂണ്‍ എന്നീ നഗരങ്ങളും ടൂര്‍ണമെന്റിന് വേദിയാകും. സീസണിലെ ആദ്യ മത്സരത്തിന് കാൺപൂർ വേദിയാകുമ്പോൾ ഫൈനലിനും ആദ്യ രണ്ട് സെമിഫൈനലിനും റായ്പുർ വേദിയാകും. ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റീന്‍ഡീസ്, ന്യൂസീലന്‍ഡ് ടീമുകളും പങ്കെടുക്കും.
വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യുവരാജ് സിങ്, ഇര്ഫാന് പഠാന്, യൂസഫ് പഠാന്, സഹീര്‍ ഖാന് അടക്കമുള്ള താരങ്ങള്‍ കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ ലെജന്‍ഡ്സിനായി കളിച്ചിരുന്നു. മലയാളി താരം എസ്.ശ്രീശാന്തും ഇത്തവണ ഇന്ത്യന്‍ ടീമിലുണ്ടാകും. “റോഡ് സേഫ്റ്റി വേൾഡ് സീരീസ് സാമൂഹിക മാറ്റത്തിലേക്ക് നയിക്കുമെന്നും, കൂടാതെ റോഡിലെ പെരുമാറ്റത്തിലും റോഡ് സുരക്ഷയിലും ആളുകളുടെ മാനസികാവസ്ഥയെ സ്വാധീനിക്കാൻ അനുയോജ്യമായ വേദിയായി പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുള്ളതായി, കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.