കരൾ ദാനം ചെയ്ത ഡിവൈഎഫ്ഐ നേതാവ് പ്രിയങ്കയെ ഡോ. ജോ ജോസഫ് സന്ദർശിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന ജോ ജോസഫും ഭാര്യ ഡോ. ദയയും പ്രിയങ്കയുടെ വീട്ടിലാണ് സന്ദർശനം നടത്തിയത്.
ഹൃദയമാറ്റ ശസ്ത്രക്രിയ ടീമിലെ ഒരംഗം എന്ന നിലയിൽ അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എനിക്കറിയാം. 2015 – 2017 കാലഘട്ടത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും അധികം മരണാനന്തര അവയവദാനം നടന്ന സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം. എന്നാൽ പലവിധ കാരണങ്ങളാൽ ഇത്തരം അവയവദാനം കേരളത്തിൽ വളരെ കുറഞ്ഞിരിക്കുന്നു. ഇനി ബാക്കിയുള്ളത് ലിവിങ് റിലേറ്റഡ് ഡൊണേഷനാണ്. വൃക്ക, കരൾ എന്നീ അവയവദാനങ്ങൾക്കാണ് ഈ സാധ്യതയുള്ളത് എന്ന് ജോ ജോസഫ് വ്യക്തമാക്കി.
നേരിട്ട് ബന്ധുത്വമോ പരിചയമോ ഇല്ലാത്ത ഒരാൾക്ക് യാതൊരു സാമ്പത്തിക ഇടപാടുകളും ഇല്ലാതെ നടക്കുന്ന പരോപകാര സംഭാവനകൾ വളരെ അപൂർവമാണ്. പ്രിയങ്കയുടെ അവയവദാനം അതുകൊണ്ടുതന്നെ അഭിമാനവും പ്രതീക്ഷയും നൽകുന്നു. പ്രിയ സഖാവിനെ ഈ തീരുമാനമെടുക്കാൻ ലവലേശം സന്ദേഹമില്ലാതെ പ്രേരിപ്പിച്ചത് മനുഷ്യരെല്ലാവരും സമന്മാരാണെന്നും മനുഷ്യത്വമാണ് ഏറ്റവും വലിയ വികാരമെന്നും പഠിപ്പിക്കുന്ന കമ്യൂണിസ്റ്റ് ആശയ സംഹിതയാണെന്ന് ജോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന സിപിഐ(എം) പേരൂർക്കട ഏരിയാ സെക്രട്ടറി എസ് എസ് രാജലാലിനാണ് ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി അംഗവും കരകുളം മേഖല ജോയിൻ സെക്രട്ടറിയുമായ പ്രിയങ്ക കരൾ നൽകിയത്. ഹൃദയ മാറ്റ ശസ്ത്രക്രിയ വിദഗ്ദനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഒപ്പിട്ടു നൽകിയ സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷനും ഡോ. ജോ ജോസഫ് പ്രിയങ്കയ്ക്ക് നൽകി.