ദുബായ്: ഏഷ്യ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 5 വിക്കറ്റിൻ്റെ മികച്ച വിജയം. ബോളുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 19.5 ഓവറില്‍ 148 എടുത്ത് പുറത്തായി. ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് പാകിസ്താനെ പിടിച്ചു കെട്ടിയത്. പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 10 റണ്‍സെടുത്ത് ഫഖര്‍ സമാനെ ദിനേശ് കാര്‍ത്തിക്കിന്റെ കൈയിലെത്തിച്ച് ആവേശ് ഖാന് പാകിസ്താനെ വീണ്ടും ഞെട്ടിച്ചു. 42 പന്തില്‍ 43 റണ്‍സെടുത്ത് ഓപ്പണര്‍ മുഹമ്മദ് റിസ്വാനാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മധ്യനിരയില്‍ 22 പന്തില്‍ 28 റണ്‍സെടുത്ത ഇഫ്തിക്കര്‍ അഹമ്മദിന് മാത്രമാണ് പിടിച്ചുനിക്കാനായത്. അഹമ്മദിനെ ദിനേശ് കാര്‍ത്തിക്കിൻ്റെ കൈയിലെത്തിച്ച് ഹര്‍ദിക് പാണ്ഡ്യ മടക്കി അയച്ചു. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷദീപ് സിംഗ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍, ആവേഷ് ഖാന് ഒരു വിക്കറ്റും സ്വന്തമാക്കി.
മോശം തുടക്കമാണ് ഇന്ത്യക്കും ലഭിച്ചത്. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ കെഎൽ രാഹുൽ മടങ്ങി. രണ്ടാം വിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും മുൻ ക്യാപ്റ്റൻ വിരാട് കോലിയും ചേർന്ന് 49 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 18 പന്തുകളിൽ 12 റൺസ് എടുത്ത് നായകൻ രോഹിതും 34 പന്തുകളിൽ 35 റൺസെടുത്ത കോലിയും മടങ്ങിയതോടെ ടീം പരുങ്ങലിലായി. നാലാം വിക്കറ്റിൽ ജഡേജയും സൂര്യകുമാറും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, 36 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ സൂര്യ മടങ്ങി. അഞ്ചാം വിക്കറ്റിൽ ഹാർദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. പാണ്ഡ്യ 17 പന്തിൽ 33 റണ്ണെടുത്ത് പുറത്താകാതെനിന്നു. രവീന്ദ്ര ജഡേജ 29 പന്തിൽ 35 റണ്ണുമായി പിന്തുണ നൽകി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 52 റൺ വിജയത്തിൽ നിർണായകമായി.
അവസാന ഓവറിൽ ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാൻ ഏഴ് റൺ വേണ്ടിയിരുന്നു. ആദ്യ പന്തിൽ സ്പിന്നർ മുഹമ്മദ് നവാസ് ജഡേജയെ ബൗൾഡാക്കി. അടുത്ത പന്തിൽ ദിനേഷ് കാർത്തിക് ഒരു റൺ. മൂന്നാം പന്തിൽ പാണ്ഡ്യക്ക് റണ്ണെടുക്കാനായില്ല. നാലാം പന്തിൽ സിക്സറടിച്ച് പാണ്ഡ്യ വിജയം പൂർത്തിയാക്കി. ഹര്‍ദിക് പാണ്ഡ്യായാണ് കളിയിലെ താരം. 31-ാം തിയതി ഹോങ്കോങിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.