ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെ നിരോധിത ഫണ്ട് കേസില്‍ ഹാജരാകാത്തതിന് രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസിയായ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി രണ്ടാമത്തെ നോട്ടീസ് വെള്ളിയാഴ്ച നല്കി. ബുധനാഴ്ച ആദ്യ നോട്ടീസ് ലഭിച്ചെങ്കിലും ഇമ്രാന് അന്വേഷകസംഘത്തിന് മുന്നില്‍ ഹാജാരായില്ല. മൂന്നാമത്തെ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റിലേക്ക് നീങ്ങും.
ഇമ്രാന് ഖാനുമായി ബന്ധപ്പെട്ട് അമേരിക്ക, ഓസ്ട്രേലിയ, ക്യാനഡ, ബ്രിട്ടണ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ അഞ്ച് കമ്പനി പ്രവര്‍ത്തിക്കുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് കമീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ലായെന്നും ഏജന്‍സി കണ്ടെത്തി.
നിരോധിത ഫണ്ടിങ് കേസിൽ തനിക്ക് അയച്ച നോട്ടീസ് രണ്ട് ദിവസത്തിനകം തിരിച്ചെടുക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഇമ്രാൻ ഖാൻ അന്വേഷണ ഏജൻസിയെ അറിയിച്ചു. അന്വേഷണ ഏജൻസിയോട് ഉത്തരം പറയാൻ ബാധ്യസ്ഥനല്ലെന്നും രണ്ട് ദിവസത്തിനുള്ളിൽ നോട്ടീസ് തിരിച്ചെടുത്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഇമ്രാൻ മുന്നറിയിപ്പ് നൽകി. ഇമ്രാൻ ഖാൻ്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) പാർട്ടി ഇന്ത്യൻ വംശജയായ ഒരു വ്യവസായി ഉൾപ്പെടെ 34 വിദേശ പൗരന്മാരിൽ നിന്ന് നിയമവിരുദ്ധമായി ഫണ്ട് സ്വീകരിച്ചെന്നും ആരോപണമുയർന്നിരുന്നു. തുടർന്ന് വിദേശ പൗരന്മാരിൽ നിന്നും വിദേശ കമ്പനികളിൽ നിന്നും നിരോധിത ധനസഹായം സ്വീകരിച്ചതും മറച്ചുവെച്ചതിനും ഇസിപി കാരണം കാണിക്കൽ നോട്ടീസ് നൽകി.