ഡിവൈഎഫ്ഐ ഇടപെടലിൽ സൊമാറ്റോ തൊഴിലാളികളുടെ സമരം പൂർണ വിജയം. ശമ്പള, അലവൻസ് പ്രശ്നങ്ങൾ പാരികരിക്കാൻ ജീവനക്കാർ നടത്തി വന്ന സമരമാണ് ഡിവൈഎഫ്ഐ നേതാക്കളുടെ ഇടപെടലിനെ തുടർന്ന് വിജയം കണ്ടത്. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളെ അവഗണിച്ച മാനേജ്മന്റ് വേതനം വെട്ടികുറച്ചുകൊണ്ടുള്ള പുതിയ നയം സൊമാറ്റോയിൽ നടപ്പിലാക്കിയിരുന്നു. മാനേജ്മെന്റിൻ്റെ ഈ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെയാണ് സൊമാറ്റോ ജീവനക്കാർ സമരം നടത്തിയത്.
സമരത്തിന്റെ ഭാഗമായി ഓഗസ്റ്റ് 16 മുതൽ തിരുവനന്തപുരത്ത് സൊമാറ്റോ ജീവനക്കാർ ഡെലിവറി സ്റ്റോപ്പ് ചെയ്തു. പണിമുടക്കിയ തൊഴിലാളികൾ ഓൺലൈൻ ഡെലിവറി മേഖലയെ സ്തംഭിപ്പിച്ചു. ജീവനക്കാർ വിഷയം ഡി വൈ എഫ് ഐ നേതൃത്വത്തെയും ധരിപ്പിച്ചു. ഡിവൈഎഫ്ഐ വിഷത്തിൽ ഇടപെട്ടതോടെ സമരം ശക്തിപ്രാപിച്ചു.
ഓഗസ്റ്റ് 19 ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് ഹോം ഡെലിവറി ജീവനക്കാർ വമ്പിച്ച പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രതിഷേധ യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി അനൂപ് , ജില്ലാ ജോയിൻ്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, ജില്ല വൈസ് പ്രസിഡന്റ് എസ് .ഷാഹിൻ എന്നിവരും പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.
തുടർന്ന് ഡിവൈഎഫ്ഐ നേതാക്കൾ ജീവനക്കാരുടെ പ്രശ്നം തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫീസിനെ അറിയിച്ചതോടെ അഡീ :ലേബർ കമ്മിഷണർ കെ ശ്രീലാലിന്റെ സാന്നിധ്യത്തിൽ ഒത്തു തീർപ്പു ചർച്ച നടന്നു. ചർച്ചയിൽ സൊമാറ്റോ പ്രതിനിധികൾ , ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ, പ്രസിഡന്റ് വി അനൂപ്, ജീവനക്കാരുടെ പ്രതിനിധികളായി സുരേഷ് ഡി, ബാലചന്ദ്രൻ എന്നിവരും പങ്കെടുത്തു.
ചർച്ചയിൽ ആഴ്ച തോറും ജീവനക്കാർക്ക് മെച്ചപ്പെട്ട ഇൻസെന്റ്റീവ് സ്ലാബ് നടപ്പാക്കാൻ തീരുമാനമായി. കൃത്യമായി അത് നൽകാനും ഇൻസന്റീവിന്റെ ഓരോ സ്ലാബിന്റെ നിരക്കും തീരുമാനിച്ചു. മഴക്കാലത്ത് അധികമായി നൽകി വന്നതും പിന്നീട് മാറ്റം വരുത്തിയതുമായ ബോണസ് നിരക്ക് പുനസ്ഥാപിക്കും. കിലോമീറ്റർ ചാർജിലെ വ്യതിയാനം സംബന്ധിച്ച വിഷയം മാനേജ്മെന്റിന്റെ ഹയർ അതോരിറ്റിയെ അറിയിച്ച് തുടർ നടപടിയും സ്വീകരിക്കും. ഇനിമുതൽ മാനേജ്മെന്റ് നിയോഗിക്കുന്ന ടീം ലീഡേഴ്സിന്റെ സേവനം തൊഴിലാളികൾക്ക് കൃത്യമായി ലഭ്യമാകും. റെസ്റ്റോറന്റിൽ ഭക്ഷണത്തിന് കാത്ത് നിൽക്കുമ്പോൾ വെയ്റ്റിംഗ് ചാർജ് നിശ്ചയിക്കുന്നത് 15 മിനുട്ട് അടിസ്ഥാനത്തിൽ ആയിരുന്നു. ചർച്ചയിൽ അത് 10 മിനുട്ടായി കുറച്ചു.
തൊഴിലാളികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമ്പോൾ, ഇപ്പോൾ മുൻകൂട്ടി അവരെ അറിയിക്കാറില്ല. എന്നാൽ അച്ചടക്ക നടപടി സ്വീകരിക്കും മുമ്പ് അവരിൽ നിന്ന് വിശദീകരണം തേടിയ ശേഷമേ നടപടി സ്വീകരിക്കൂ എന്നും ധാരണയായി. ജീവനക്കാരുടെ പെർഫോമൻസ് ഓഫറിന് ആഴ്ചയിൽ 7 ദിവസമെന്നത് 6 ദിവസത്തിന്റെ പെർഫോമൻസ് അടിസ്ഥാനത്തിൽ ഓഫർ നൽകും. തൊഴിലാളികൾ സമരം തുടങ്ങിയ ശേഷം നിരവധി ജീവനക്കാരെ കമ്പനി ബ്ലോക്ക് ചെയ്ത് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഒത്തുതീർപ്പിന് ഭാഗമായി മാനേജ്മെന്റിന് ഈ തീരുമാനവും പിൻവലിക്കേണ്ടി വരും.
സമരം പൂർണ വിജയമായതോടെ ലേബർ കമ്മീഷണറേറ്റ് സ്ഥിതി ചെയ്യുന്ന വികാസ് ഭവന് മുന്നിൽ തൊഴിലാളികൾ ആഹ്ലാദ പ്രകടനം നടത്തി.
ആഹ്ലാദ പ്രകടനത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, വി അനൂപ് എന്നിവർ സംസാരിച്ചു.