ആലപ്പുഴ: പുന്നപ്ര സ്വദേശി നന്ദു ആത്മഹത്യചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐക്കെതിരെ കള്ളംപ്രചരിപ്പിക്കുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 14ന് രാത്രിയാണ് നന്ദു ആത്മഹത്യചെയ്തത്. ഇതിന് മണിക്കൂറുകൾ മുമ്പ് നന്ദുവും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ച് പ്രദേശത്ത് സംഘർഷമുണ്ടാക്കി. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ സജീവൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. പുന്നപ്ര പൊലീസ് സംഭവത്തിൽ കേസെടുത്തു. ആക്രമണത്തിനുശേഷം ഓടിപ്പോയ നന്ദു സഹോദരിയുമായി സംസാരിക്കുന്ന ഓഡിയോയിൽ വിവരം വിശദമായി പറയുന്നുണ്ട്. ഭീഷണി ഉള്ളതായോ ആരെങ്കിലും പിന്തുടരുന്നതായോ സംഭാഷണത്തിലില്ല. നന്ദു മുമ്പ് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചയാളാണ്.
ആത്മഹത്യക്കുശേഷം രണ്ടുദിവസം കഴിഞ്ഞപ്പോൾ കോൺഗ്രസും ബിജെപിയും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് മാധ്യമങ്ങളിൽവന്ന വാർത്ത. നന്ദുവിൻ്റെ ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴിയിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരുകാര്യവും പറഞ്ഞിട്ടില്ല. ലോക്ഡൗൺ സമയത്ത് വ്യാജമദ്യ നിർമാണത്തിനിടെ നന്ദുവിൻ്റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തീരപ്രദേശത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ നടത്തുന്ന ജനകീയ ക്യാമ്പയിനുകളുടെ ഭാഗമായാണ് യുവാക്കൾ ഡിവൈഎഫ്ഐക്കൊപ്പം അണിനിരക്കുന്നത്.
ഡിവൈഎഫ്ഐക്ക് ലഭിക്കുന്ന ജനകീയ അംഗീകാരത്തിൽ വിറളിപൂണ്ട കോൺഗ്രസും ബിജെപിയും നന്ദുവിൻ്റെ ആത്മഹത്യ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. മാധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം കള്ളപ്രചാരണം പൊതുസമൂഹം തിരിച്ചറിയും. ദുരാരോപണങ്ങളെ ശക്തമായി പ്രതിരോധിച്ച് ഡിവൈഎഫ്ഐ മുന്നോട്ടുപോകുമെന്ന് ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേലും സെക്രട്ടറി ആർ രാഹുലും പ്രസ്താവനയിലൂടെ അറിയിച്ചു.