പ്രിജിത്ത് രാജ്
സിപിഎമ്മിൻ്റെ സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മറ്റി യോഗങ്ങൾ കഴിഞ്ഞ് മാധ്യമങ്ങളെ കാണുകയാണ് പാർടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം സംസ്ഥാന കമ്മറ്റിയുടേയും കോടിയേരിയുടേയും ഫേസ്ബുക്ക് പേജുകളിലും വാർത്താ ചാനലുകളിലുമൊക്കെ പത്രസമ്മേളനം ലൈവായിരുന്നു. കോടിയേരിയെ കളിയാക്കിയും ആക്ഷേപിച്ചും നുണകൾ പറഞ്ഞും ആ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോറങ്ങളിൽ ഒരു കൂട്ടമാളുകളിൽ ഇരച്ചു കയറി. കോൺഗ്രസ്, ബി ജെ പി, മുസ്ലീംലീഗ് പ്രവർത്തകരും അനുഭാവികളുമായിരുന്നു അവർ. ആ പാർട്ടികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയാ വിഭാഗം കൈകാര്യം ചെയ്യുന്ന ഫെയ്ക്ക് അക്കൗണ്ടുകളും മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത കമന്റുകളുമായി അക്കൂട്ടത്തിലുണ്ടായിരുന്നു.
അർബ്ബുദ ബാധയുടെയും വലതുമുട്ടിലുള്ള ഇൻഫക്ഷനെ തുടർന്നുണ്ടായ കടുത്ത മുട്ടുവേദനയുടേയും അവശത കോടിയേരിക്കുണ്ട്. അത് മനുഷ്യത്വമുള്ള ആരിലും ആഹ്ലാദമുണർത്തുന്ന ഒരു കാര്യമല്ല. സംസ്കാരമുള്ള ഒരാൾക്കും അതുകണ്ട് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നടത്താൻ സാധിക്കുകയുമില്ല. എന്നിട്ടും ആക്രമിക്കാൻ തുനിഞ്ഞിറങ്ങുന്നുണ്ടെങ്കിൽ അവർ അത്രമാത്രം കോടിയേരിയെന്ന പാർട്ടി സെക്രട്ടറിയെ ഭയപ്പെടുന്നുണ്ട്. പണ്ട് എ കെ ജി രോഗശയ്യയിൽ കിടക്കുന്ന ആശുപത്രിക്ക് മുന്നിലൂടെ, “കാലൻ വന്ന് വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ” എന്ന് മുദ്രവാക്യം വിളിച്ച വലതുപക്ഷ ചേരിയുടെ മാനസികനില, കാലമിത്ര കഴിഞ്ഞിട്ടും അൽപ്പം പോലും മെച്ചപ്പെട്ടിട്ടില്ല എന്ന് ഇതിലൂടെ മനസിലാക്കാനാവും.
കഴിഞ്ഞ കുറെ കാലമായി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും കോവിഡ് മഹാമാരിയിൽ നിന്നും രക്ഷപ്പെടാനുള്ള മുൻകരുതലുകൾ എടുക്കുകയാണ്. കോവിഡാനന്തര ലോകം അതുവരെ തുടർന്നുവന്ന ആരോഗ്യശീലങ്ങളിൽ നിന്നും രീതികളിൽ നിന്നും മാറി നടക്കാൻ മനുഷ്യരെയാകെ പഠിപ്പിച്ചിരിക്കുന്നു. കോവിഡിനും മരണത്തിനും കീഴടങ്ങുകയില്ലെന്നുറപ്പിച്ച്, ജീവൻ സംരക്ഷിക്കാനായി വീടുകൾക്കുള്ളിൽ അടച്ചിരുന്നവരും മാസ്കുകളുടെ സുരക്ഷ എടുത്തണിഞ്ഞവരും സാനിറ്റൈസറും മറ്റുമുപയോഗിച്ച് ശുചിത്വം ഉറപ്പാക്കുന്നവരുമാണ് ഒരു മനുഷ്യന്റെ രോഗാവസ്ഥയെ ഈ വിധത്തിൽ നോക്കി കാണുന്നത്. ഇവരൊക്കെ പരിഷ്കൃത മനുഷ്യർ തന്നെയാണോ? ഇവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപാർട്ടികളിൽ നിന്നും ഏത് വിധത്തിലുള്ള പരിഗണനയും കരുതലും സ്നേഹവും സുരക്ഷിതത്വവുമാണ് മനുഷ്യരാശി പ്രതീക്ഷിക്കുക?
അർബ്ബുദത്തിനു ചികിത്സിക്കുമ്പോഴും വലതുകാലിലെ സഹിക്കാനാവാത്ത മുട്ടുവേദന കടിച്ചമർത്തുമ്പോഴും തന്നെ ഇതൊന്നും ബാധിക്കുന്നില്ലെന്ന നിലയിൽ ചിരിക്കാനും ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാനുമാണ് കോടിയേരി ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സിനെയും ഇച്ഛാശക്തിയേയും കീഴടക്കാൻ ഒരു രോഗത്തിനും സാധിക്കില്ല. കഴിക്കുന്ന ആഹാരത്തേക്കാൾ കൂടുതൽ മരുന്നുകൾ, പ്രമേഹത്തിന്റെ അളവ് അറിയാനും നിയന്ത്രിക്കാനുമായി ശരീരത്തിൽ ഘടിപ്പിച്ച ചെറുമോണിറ്ററുകൾ, കീമോ അടക്കമുള്ള ഇഞ്ചക്ഷനുകൾ, മുട്ടിന് തടവുന്ന മരുന്നുകളും കിഴികളും തുടങ്ങി പല വിധത്തിലുള്ള ചികിത്സാവിധികൾക്ക് വിധേയനാവുമ്പോഴും കോടിയേരി ചിന്തിക്കുന്നത് പാർട്ടിയെ കുറിച്ചാണ്. കമ്മറ്റിയിൽ സെക്രട്ടറിയെന്ന നിലയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ടിന്റെ ഉള്ളടക്കത്തേയും അതിന്റെ മൂർത്തതയേയും കുറിച്ചാണ്. പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ കൂടുതൽ ജനകീയവും ജനപ്രിയവുമാക്കാനുള്ള ഇടപെടലുകളെക്കുറിച്ചാണ്. വർഗബഹുജന സംഘടനകളുടെ അടിത്തറ വിപുലപ്പെടുത്തുന്നതിനെക്കുറിച്ചാണ്. ശാരീരിക വേദനകളെയെല്ലാം മറന്ന് അദ്ദേഹം രോഗകിടക്കയിൽ നിന്നും എഴുനേൽക്കുന്നതും കമ്മറ്റികളിലേക്ക് പോകുന്നതും താൻ വിശ്വസിക്കുന്ന ആശയധാരയെ അത്രമേൽ ഉൾക്കൊള്ളുന്നതുകൊണ്ടും അവസാനം വരെ അത് പ്രകാശിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതും കൊണ്ടാണ്.
കോടിയേരി ബാലകൃഷ്ണൻ ഒരു കമ്യൂണിസ്റ്റ് സൈദ്ധാന്തികനല്ല. സമാനതകളില്ലാത്ത സംഘാടന വൈഭവമാണ് കോടിയേരിയുടെ മുതൽക്കൂട്ട്. ഏത് പ്രതിസന്ധിയേയും മറികടക്കാൻ കോടിയേരിയെന്ന പ്രായോഗികമതിയ്ക്ക് സാധിക്കും. പ്രായോഗിക രാഷ്ട്രീയം മാർക്സിയൻ ദർശനത്തിലൂന്നി നടപ്പിലാക്കുന്ന രീതി അദ്ദേഹത്തെ വ്യത്യസ്തനും ജനകീയനുമാക്കുന്നു. രാഷ്ട്രീയ എതിരാളികൾ പോലും കോടിയേരിയുടെ ജനപക്ഷ മുഖത്തെ അംഗീകരിക്കുവാൻ നിർബന്ധിതരാവുന്നു. ആർക്കും പ്രാപ്യനായ പാർട്ടി സെക്രട്ടറിയെന്നാണ് അവരുടെ വിലയിരുത്തൽ. അവകാശവാദങ്ങളൊന്നുമില്ലാതെ കളത്തിലേക്കിറങ്ങുന്ന കോടിയേരി, കപ്പുംകൊണ്ട് തിരികെ പോവുമ്പോൾ വലതുപക്ഷ ക്യാമ്പ് അന്തിച്ചിരിപ്പായിരിക്കും. ‘അപകടകാരിയാണയാൾ…’ എന്ന് കോടിയേരിയെ കോൺഗ്രസ് നേതൃത്വത്തിലുള്ളവർ അടയാളപ്പെടുത്തുന്നത് ചരിത്രത്തിലാദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണ തുടർച്ച ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ്.
ഇടതുപക്ഷ മുന്നണിയുടെ അടിത്തറ വിപുലീകരിക്കുന്നതിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയെന്നുള്ള നിലയിൽ കോടിയേരി വഹിച്ച പങ്കിനെ രാഷ്ട്രീയ എതിരാളികൾ വലിയ ഗൗരവത്തിലാണ് ചർച്ച ചെയ്തിട്ടുള്ളത്. കേരള കോൺഗ്രസ് എം നേയും രാഷ്ട്രീയ ജനതാദളിനേയും ജനാധിപത്യ കേരള കോൺഗ്രസിനേയും കേരള കോൺഗ്രസ് ബിയേയും ഇടതുപാളയത്തിലേക്ക് കൊണ്ടുവരുന്നതിന് നിർണായക ചർച്ചകൾ നടത്തിയതും എതിർപ്പുകളെ ഇല്ലാതാക്കുന്നതിന് സ്വതസിദ്ധമായ ശൈലിയിൽ ഇടപെടലുകൾ നടത്തിയതും കോടിയേരിയാണ്. ഐ എൻ എല്ലിനെ ത്രിശങ്കു അവസ്ഥയിൽ നിന്നും മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയതിലൂടെ തന്റെ രാഷ്ട്രീയ തന്ത്രജ്ഞത കോടിയേരി കൂടുതൽ ഉയരത്തിൽ ഉയർത്തിക്കെട്ടി. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താൻ ഈ കാലഘട്ടത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിന് സാധിച്ചു എന്നത് ചില്ലറ കാര്യമല്ലല്ലോ.
നുണകളുടെ പേമാരി പെയ്തുതോരാത്ത ഭൂമികയിലൂടെ നടന്നാണ് കോടിയേരി മുന്നേറുന്നത്. കുത്തക മാധ്യമങ്ങളെ ഉപയോഗിച്ച് വലതുപക്ഷ പാളയം കോടിയേരിക്കെതിരെ നടത്തിയ വേട്ട സമാനതകളില്ലാത്തതാണ്. കോടിയേരി ബാലകൃഷ്ണും ഭാര്യയും താമസിക്കുന്നത് എ കെ ജി ക്വാട്ടേഴ്സിലാണ്. മക്കളാവട്ടെ അവരവരുടെ കുടുംബവുമായി അവരുടെ വീടുകളിലാണ് താമസിക്കുന്നത്. മക്കളുടെ ദൈനംദിന ജീവിതത്തിൽ നിരന്തരം ഇടപെടുന്ന അച്ഛനല്ല കോടിയേരി. പക്ഷെ, മാധ്യമങ്ങൾ ഉണ്ടാക്കിയ ചിത്രം മറിച്ചാണ്. കോടിയേരിയുടെ ചിറകിനടിയിലാണ് എക്കാലത്തും മക്കളുണ്ടായിരുന്നത് എന്നാണ് അവർ വരച്ചുവെച്ചത്. കോടിയേരിയുടെ ഇളയ മകനെ ഇ ഡിയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും വേട്ടയാടിപ്പോൾ മാധ്യമങ്ങളും വലതുപക്ഷവും അവർ ചമച്ച നുണക്കഥകൾക്ക് ചിറകുകൾ നൽകി.
സത്യകഥകളായി അതൊക്കെ സമൂഹത്തിൽ അടിച്ചേൽപ്പിച്ചു. തെളിവുകളൊന്നുമില്ലാതെ ഏജൻസികൾ കോടതിയിൽ തലകുമ്പിട്ടത് രണ്ടുകോളം വാർത്തയിലും ഉച്ചനേരത്തെ വാർത്താവതരണങ്ങളിലും അവർ ഒതുക്കി. നിരപരാധിത്വം വെളിപ്പെടുത്തുന്ന വാർത്തകൾ മാധ്യമങ്ങൾ ഏറ്റെടുത്തുപോലുമില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോടിയേരിയെന്ന പാർട്ടി സെക്രട്ടറിയുടെ മകനെ വേട്ടയാടുമ്പോൾ, അദ്ദേഹം കൂടുതൽ രോഗഗ്രസ്തനാവുമെന്നാണ് ബി ജെ പി നേതൃത്വം കണക്കുകൂട്ടിയത്.
ഉമ്മൻചാണ്ടിയുടെ മകൾക്ക് മാധ്യമങ്ങൾ നൽകിയ കരുതലും പരിഗണനയും കോടിയേരിയുടെ മകന് നൽകേണ്ട കാര്യമില്ല. അദ്ദേഹം അതൊരിക്കലും ആവശ്യപ്പെട്ടിട്ടുമില്ല. എങ്കിലും മനുഷ്യത്വം കാണിക്കാമായിരുന്നു. കുത്തക മാധ്യമങ്ങളിൽ നിന്നും അത് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ. അപ്പോഴും കേരളത്തിലെ കുത്തക മാധ്യമങ്ങളുടെ താക്കോൽസ്ഥാനത്തിരിക്കുന്ന പ്രതാപികളായ മാധ്യമ പ്രവർത്തകരോട് ചോദിച്ചാൽ മാന്യനും പ്രാപ്യനും സൗമ്യനുമായ കോടിയേരിയെ കുറിച്ച് അവർ വാചാലരാവും. വളഞ്ഞിട്ടാക്രമിക്കുന്ന അവസരങ്ങളിൽ പോലും അവർക്ക് മുന്നിൽ ദയാവായ്പിനായി കോടിയേരി കൈനീട്ടിയിട്ടില്ലെന്ന പരമമായ സത്യവും തങ്ങളുടെ ആക്രമണങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും കോടിയേരി സൗമ്യനും അക്ഷോഭ്യനുമായി തങ്ങളെ പരിഗണിച്ചിരുന്നുവെന്ന വസ്തുതയും അവർക്ക് മറച്ചുവെക്കാനാവില്ല.
റോഡിലെ കുഴിയെ പരാമർശിച്ചുള്ള ഒരു സിനിമയുടെ പരസ്യത്തിനെതിരെ സോഷ്യൽമീഡിയയിൽ ഇടതുപക്ഷ അനുഭാവികൾ പ്രതിഷേധം രേഖപ്പെടുത്തിയത് സംബന്ധിച്ച് കോടിയേരിയുടെ പത്രസമ്മേളത്തിൽ മാധ്യമ പ്രവർത്തകർ ചോദ്യമുന്നയിച്ചിരുന്നു. കോടിയേരി ആ ചോദ്യത്തിനുള്ള മറുപടി പറയുന്ന ലൈവ് സംപ്രേക്ഷണത്തിന് താഴെ, കോടിയേരിക്കെതിരായ പരിഹാസങ്ങളും ശാപവചനങ്ങളും നിറയുന്നത് മാധ്യമ പ്രവർത്തകർ കാണുന്നുമുണ്ടായിരുന്നു. ഇന്നുവരെ ഒരു മാധ്യമ പ്രവർത്തകനും കെ പി സി സി പ്രസിഡന്റിനോടോ, ബി ജെ പി, മുസ്ലീംലീഗ് ഭാരവാഹികളോടോ ഈ മനുഷ്യത്വ ഹീനമായ നടപടിയെ സംബന്ധിച്ച് ഒരക്ഷരം ചോദിച്ചിട്ടില്ല. ആ കമന്റുകൾ കണ്ട് ഏതെങ്കിലും കമ്യൂണിസ്റ്റ് മനസ്സ് വേദനിക്കുന്നുണ്ടെങ്കിൽ അത് വളരെ നല്ല കാര്യമാണെന്ന് നിലപാടാവണം ഇക്കൂട്ടർക്കുമുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി ഇത്തരത്തിലുള്ള പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇരയാവാനുള്ള വ്യക്തിയാണ് എന്ന രാഷ്ട്രീയ ബോധ്യമാണ് ഇവരെയും നയിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ എന്ന കമ്യൂണിസ്റ്റിനെ, പാർട്ടി സെക്രട്ടറിയെ ഇത്തരം വേട്ടയാടലുകളിലൂടെ ഇല്ലാതാക്കാൻ നിങ്ങൾക്കാവില്ല.