ജീവൻരക്ഷാമരുന്നുകൾ ലോകത്തെല്ലായിടത്തും ഉൽപ്പാദിപ്പിക്കാനും എല്ലാവർക്കും ലഭ്യമാക്കാനും ലക്ഷ്യമിട്ട് പകർപ്പവകാശങ്ങളിൽ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായി ലോകവ്യാപര സംഘടനയിലെ അമേരിക്കയുടെ പ്രതിനിധി കാതറിൻ തൈ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ ആഗോളതലത്തിൽ അഭിപ്രായ സമന്വയത്തിലെത്താൻ സമയം വേണ്ടിവരുമെന്നും പകർപ്പവകാശം ഒഴിവാക്കുന്നതിന്റെ ഗുണം ഉടൻ ഔഷധമേഖലയിൽ പ്രതിഫലിക്കില്ലെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ചർച്ചയ്ക്ക് തയ്യാറാണ് എന്ന നിലപാടാണ് യൂറോപ്യൻ യൂണിയൻ സ്വീകരിച്ചത്. മറ്റ് സമ്പന്ന രാഷ്ട്രങ്ങൾ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ലോകത്തിന്റെ എല്ലാഭാഗത്തും വാക്സിൻ എത്തേണ്ടതുണ്ടെന്ന കാര്യത്തിൽ ഏകാഭിപ്രായത്തിലെത്തി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒക്ടോബറിൽ ഉന്നയിച്ച ആവിശ്യമാണ് ജീവകാരുണ്യരംഗത്തെ ആഗോള സംഘടനകളുടെകൂടി പിന്തുണയോടെ സജീവ ചർച്ചാവിഷയമായി മാറിയത്.
ഔഷധമേഖലയിലെ വിവിധ പകർപ്പവകാശങ്ങൾ തൽക്കാലത്തേക്ക് റദ്ദാക്കന്നതിലൂടെ ഈ സാങ്കേതികവിദ്യകൾ വികസ്വരരാഷ്ട്രങ്ങളിലെ ഏത് കമ്പനിക്കും ഉപയോഗിക്കാനാകും. കൂടുതൽ വാക്സിനും മരുന്നും ഉൽപ്പാദിപ്പിക്കപ്പെടാൻ ഇത് വഴിവയ്ക്കും. എന്നാൽ, വാക്സിൻ ഉൽപ്പാദനം സങ്കീർണ പ്രക്രിയയാണെന്നും നിയമത്തിൽ ഇളവ് നൽകിയാൽമാത്രം എല്ലാവർക്കും വാക്സിൻ ഉൽപ്പാദിപ്പിക്കാനാകില്ലെന്നുമാണ് കുത്തക ഔഷധക്കമ്പനികളുടെ വാദം.